27 Jun 2023 3:45 AM GMT
Summary
- അവസാന അവസരം എന്ന നിലയില്‍ 15 ദിവസം
- തൊഴില്‍ ഉടമകള്‍ക്കുള്ള സമയപരിധി 3 മാസത്തേക്ക് നീട്ടി
- പ്രായോഗിക , സാങ്കേതിക പ്രശ്നങ്ങള്‍ നേരിടുന്നതായി പരാതി
ഉയർന്ന പെൻഷൻ സ്‍കീം തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട സമയപരിധി ഇപിഎഫ്ഒ ജൂലൈ 11 വരെ നീട്ടി. ഇത് മൂന്നാം തവണയാണ് സമയപരിധി നീട്ടിനല്‍കുന്നത്. ജൂണ്‍ 26ന് ഇന്നലെ സമയപരിധി അവസാനിക്കാനിരിക്കെയാണ് കൂടുതല്‍ സമയം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് വന്നത്. അർഹരായ പെൻഷൻകാർ/അംഗങ്ങൾ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അവസാന അവസരം എന്ന നിലയില്‍ 15 ദിവസം കൂടി നല്‍കുകയാണെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ പ്രസ്താവനയിൽ അറിയിച്ചു.
ഉയര്‍ന്ന പെന്‍ഷനായി എത്രതുക കൂടുതല്‍ നേടാനാകുമെന്ന് കണക്കാക്കാന്‍ സഹായിക്കുന്ന 'എക്‌സല്‍ യൂട്ടിലിറ്റി' അല്‍പ്പ ദിവസങ്ങള്‍ക്കു മുമ്പ് മാത്രമാണ് ഇപിഎഫ്ഒ പുറത്തിറക്കിയത്. ഇക്കാര്യത്തില്‍ ഇപ്പോഴും അവ്യക്തതകള്‍ നിലനില്‍ക്കുന്നതായും പരാതികളുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് സമയപരിധി നീട്ടി നല്‍കിയിട്ടുള്ളത്. യഥാര്‍ഥ ശമ്പളം അടിസ്ഥാനമാക്കിയുള്ള വിഹിതം പെന്‍ഷന്‍ ഫണ്ടിലേയ്ക്ക് വകമാറ്റുന്നതിനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കാന്‍ മാര്‍ച്ച് 3 വരെയായിരുന്നു ആദ്യം സമയം നല്‍കിയിരുന്നത്. പിന്നീട് ഇത് മേയ് 3ലേക്കും ജൂണ്‍ 26ലേക്കും നീട്ടുകയായിരുന്നു.
2022 നവംബർ 04 ലെ സുപ്രീം കോടതി ഉത്തരവിന് അടിസ്ഥാനത്തില്‍ അര്‍ഹരായ പെൻഷൻകാർക്ക്/അംഗങ്ങൾക്കാണ് ഉയര്‍ന്ന പെന്‍ഷന് അവസരമുള്ളത്. ഉയര്‍ന്ന ശമ്പളമുള്ള ജീവനക്കാര്‍ക്ക്, ഈ പെന്‍ഷന്‍ ഓപ്‌ഷൻ / ജോയിന്റ് ഓപ്‌ഷന്‍ തെരഞ്ഞെടുക്കുന്നത് സ്ഥിരീകരിച്ചുകൊണ്ട് ഓണ്‍ലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിന് ഇപിഎഎഫ്ഒ സൗകര്യം ഒരുക്കിയിട്ടുണ്ട്. "ഉയർന്ന പെൻഷന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തൊഴിലുടമയ്ക്ക് 3 മാസവും ജീവനക്കാരന് (അംഗത്തിന്) 15 ദിവസവുമാണ് നീട്ടി നല്‍കിയിട്ടുള്ളത്," ഇപിഎഫ്ഒ-യുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസില്‍ തൊഴിലുടമകളെ പ്രതിനിധീകരിക്കുന്ന അംഗം രഘുനാഥൻ കെ.ഇ പറഞ്ഞു. സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടുന്നതിനാൽ കൂടുതൽ പരിശോധനകളും സ്ഥിരീകരണങ്ങളും നടക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രേഖകള്‍ കണ്ടെത്തി സമര്‍പ്പിക്കുന്നതിലെ ബുദ്ധിമുട്ടുകളും സാങ്കേതികമായ പ്രശ്നങ്ങളും കാരണം പലര്‍ക്കും അപേക്ഷ സമര്‍പ്പിക്കാനാകുന്നില്ലെന്ന് നേരത്തേ തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജീവനക്കാര്‍ ജോയിന്‍റ് ഓപ്ഷനാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ തൊഴിലുടമ 1995 നവംബര്‍ മുതലുള്ള കണക്കുകളും വിശദാംശങ്ങളും നല്‍കണം. ഇത്രയും പഴക്കമുള്ള കണക്കുകള്‍ കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്നും ഇത് ലഭ്യമാക്കുന്നതിന് ഇപിഎഫ്ഒ തന്നെ നടപടി സ്വീകരിക്കണമെന്നും തൊഴിലുടമകളും ആവശ്യപ്പെട്ടിട്ടുണ്ട്.
കെവൈസി അപ്‌ഡേറ്റിലെ എന്തെങ്കിലും പ്രശ്‌നം കാരണം, ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടാല്‍ അര്‍ഹരായ ഏതൊരു പെൻഷൻകാർക്കും പരിഹാരത്തിനായി ഇതുസംബന്ധിച്ച പരാതികൾ ഉടൻ തന്നെ ഇപിഎഫ്ഐജിഎംഎസ്-ൽ സമർപ്പിക്കാവുന്നതാണ്. പരാതി വിഭാഗത്തില്‍ കാണുന്ന "ഹയര്‍ പെൻഷനറി ബെനിഫിറ്റ്സ് ഫോര്‍ ഹയര്‍ വേജസ് (ഉയർന്ന വേതനത്തിലുള്ള ഉയർന്ന പെൻഷനറി ആനുകൂല്യങ്ങൾ)" തെരഞ്ഞെടുത്ത് പരാതി സമർപ്പിക്കാവുന്നതാണ്. ഇത് പരാതിയുടെ ശരിയായ സമര്‍പ്പിക്കല്‍ ഉറപ്പാക്കുകയും തുടര്‍നടപടികള്‍ക്ക് സഹായകമാകുകയും ചെയ്യും.