13 Nov 2022 5:15 AM GMT
Summary
സോഫ്റ്റ് വെയര്‍ കയറ്റുമതി വര്‍ധിച്ചതും രാജ്യത്തേക്ക് വിദേശനാണ്യ ഒഴുക്ക് കൂടിയതുമാണ് കറണ്ട് അക്കൗണ്ട് കമ്മി 3% ആയിരിക്കും എന്ന് പറയാന്‍ കാരണമെന്നും എസ്ബിഐ ഇറക്കിയ അറിയിപ്പിലുണ്ട്.
ഡെല്‍ഹി: ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മി നടപ്പ് സാമ്പത്തിക വര്‍ഷം 3% ആയേക്കുമെന്ന് പ്രവചിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇത് 3.5% ആയിരിക്കും എന്നായിരുന്നു മുന്‍പുണ്ടായിരുന്ന അനുമാനം. സോഫ്റ്റ് വെയര്‍ കയറ്റുമതി വര്‍ധിച്ചതും രാജ്യത്തേക്ക് വിദേശനാണ്യ ഒഴുക്ക് കൂടിയതുമാണ് കറണ്ട് അക്കൗണ്ട് കമ്മി 3% ആയിരിക്കും എന്ന് പറയാന്‍ കാരണമെന്നും എസ്ബിഐ ഇറക്കിയ അറിയിപ്പിലുണ്ട്.
ക്രൂഡ് വിലയിലെ ഓരോ പത്ത് യുഎസ് ഡോളറിന്റെ വര്‍ധനവും കറന്റ് അക്കൗണ്ട് കമ്മിയെ ബാധിക്കുന്നുണ്ട്. 50 ബേസിസ് പോയിന്റാണ് ഇപ്പോള്‍ ഇന്ധന പണപ്പെരുപ്പമെന്നും ആകെ വളര്‍ച്ചയില്‍ ഇത് 23 ബേസിസ് പോയിന്റിന്റെ കുറവുണ്ടാക്കുമെന്നും എസ്ബിഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് പറഞ്ഞു.
സോഫ്റ്റ്വെയര്‍ കയറ്റുമതി വളര്‍ച്ചയിലും വിനിമയ നിരക്കാണ് പ്രധാന സംഭാവന നല്‍കുന്നത്. ഇത് സോഫ്റ്റ്വെയര്‍ കയറ്റുമതിയില്‍ 250 മില്യണ്‍ ഡോളറിന്റെ വര്‍ധനവിന് കാരണമാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല സമ്പദ് വ്യവസ്ഥയിലേക്ക് 5 ബില്യണ്‍ ഡോളറിന്റെ വിദേശ നാണ്യ ശേഖരം എത്താനുള്ള സാധ്യതയും, അതുണ്ടാക്കുന്ന നേട്ടങ്ങളേയും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
രാജ്യത്തെ വിദേശ നാണ്യ കരുതല്‍ ശേഖരം, 2021 സെപ്റ്റംബറില്‍ 642 ബില്യണ്‍ യുഎസ് ഡോളറായിരുന്നു, ഇതിപ്പോള്‍ 531 ബില്യണ്‍ യുഎസ് ഡോളറായി താഴ്ന്നിട്ടുണ്ട്. നിലവില്‍ നടക്കുന്ന സ്വാപ്പ് ഇടപാടുകളിലൂടെ 5 ബില്യണ്‍ ഡോളറിന്റെ വര്‍ധനവ് പ്രതീക്ഷിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.