22 May 2023 6:41 AM
Summary
- ഇനി മുതല്‍ 2000 രൂപയുടെ നോട്ട് ഉപയോഗിച്ച് സ്വര്‍ണം വാങ്ങുമ്പോള്‍ കെവൈസി നിബന്ധനകള്‍ പാലിക്കണം
- 2000 രൂപ പിന്‍വലിച്ചതോടെ ബാങ്കുകളിലേക്ക് 1.8 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ടാകുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി പ്രതീക്ഷിക്കുന്നത്
- പണലഭ്യത ഏകദേശം ഒരു ട്രില്യന്‍ രൂപയോളം മെച്ചപ്പെടുമെന്നാണു കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് കരുതുന്നത്
രാജ്യത്ത് ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കറന്‍സിയായ 2000 രൂപ നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കാനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) തീരുമാനം ബാങ്കിംഗ് മേഖലയില്‍ പണലഭ്യത (liquidity) മെച്ചപ്പെടുത്താനും, അടുത്തിടെ ഉയര്‍ത്തിയ ഹ്രസ്വകാല പലിശനിരക്കുകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അനലിസ്റ്റുകളും ബാങ്കര്‍മാരും അഭിപ്രായപ്പെട്ടു.
2000 രൂപ ആര്‍ബിഐ പിന്‍വലിച്ചതോടെ ബാങ്കുകളിലേക്ക് 1.8 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ടാകുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി പ്രതീക്ഷിക്കുന്നത്.
വായ്പാ വളര്‍ച്ചയില്‍ (credit growth) രാജ്യത്തെ ബാങ്കുകള്‍ പിന്നാക്കം നില്‍ക്കുന്ന സമയത്താണ് പണലഭ്യത ഉയരുമെന്ന് കണക്കാക്കുന്നത്.
നിലവില്‍ 3.62 ട്രില്യന്‍ രൂപ (44.27 ബില്യന്‍ ഡോളര്‍)മൂല്യം വരുന്ന 2000 രൂപയുടെ കറന്‍സി നോട്ടുകള്‍ പ്രചാരത്തിലുണ്ടെന്നാണ് കരുതുന്നത്. ഇത് പ്രചാരത്തിലുള്ള കറന്‍സിയുടെ 10.8 ശതമാനമാണ്.
കഴിഞ്ഞ ദിവസം ആര്‍ബിഐ 2000 രൂപ പിന്‍വലിക്കുകയാണെന്നു പ്രഖ്യാപിച്ചതോടെ ഇവയെല്ലാം ഡെപ്പോസിറ്റിന്റെ രൂപത്തില്‍ ബാങ്കുകളിലേക്ക് വരുമെന്നാണ് കരുതുന്നത്.
പണലഭ്യത ഏകദേശം ഒരു ട്രില്യന്‍ രൂപയോളം മെച്ചപ്പെടുമെന്നാണു കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് കരുതുന്നത്. ഇതുപക്ഷേ, നിക്ഷേപകരുടെ തീരുമാനങ്ങള്‍ അനുസരിച്ച് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും.
ഐസിഐസിഐ സെക്യൂരിറ്റീസ് പ്രൈമറി ഡീലര്‍ഷിപ്പ് കണക്കാക്കുന്നത് 1.5 മുതല്‍ 2 ട്രില്യന്‍ രൂപയുടെ പണലഭ്യത വരെ ഉണ്ടാകുമെന്നാണ്.
മെയ് മാസത്തില്‍ ഇന്ത്യയുടെ ബാങ്കിംഗ് രംഗത്തെ ലിക്വിഡിറ്റി സര്‍പ്ലസ് ശരാശരി 600 ബില്യന്‍ രൂപയ്ക്കു മുകളിലാണ്.
2000 രൂപയുടെ നോട്ടുകള്‍ ഉപയോഗിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാന്‍ ചിലര്‍ ശ്രമിക്കുമെന്ന് കരുതപ്പെടുന്നുണ്ട്. എങ്കിലും, 2000 രൂപ മാറ്റിയെടുക്കാന്‍ ആര്‍ബിഐ നാല് മാസത്തെ സമയം അനുവദിച്ചിരിക്കുന്നതിനാലും ഇനി മുതല്‍ 2000 രൂപയുടെ നോട്ട് ഉപയോഗിച്ച് സ്വര്‍ണം വാങ്ങുമ്പോള്‍ കെവൈസി നിബന്ധനകള്‍ ഉള്ളതിനാലും സ്വര്‍ണം വാങ്ങിക്കൂട്ടുന്നതില്‍നിന്നും ആളുകള്‍ പിന്‍മാറാനാണു സാധ്യതയെന്നു കരുതുന്നുണ്ട്.
ബാങ്കിംഗ് രംഗത്തെ ലിക്വിഡിറ്റി മെച്ചപ്പെടുകയും നിക്ഷേപമായി ബാങ്കുകളിലേക്ക് പണം ഒഴുകുകയും ചെയ്യുമ്പോള്‍ ഹ്രസ്വകാല പലിശനിരക്ക് കുറയുകയും ചെയ്യും.