27 May 2023 5:20 AM
Summary
- ഇപ്രാവിശ്യം ഒമിക്രോണ്‍ വകഭേദമായ XBB യാണ് ഭീഷണിയായിരിക്കുന്നത്.
- ജൂണ്‍ മാസത്തില്‍ ആഴ്ചയില്‍ 65 ദശലക്ഷം കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്‌തേക്കുമെന്നുമാണ് സൂചന
- പുതിയ വകഭേദമായ XBB -നെ നേരിടാന്‍ ചൈന തയാറെടുക്കുകയാണ്
ലോകത്തിന് ആശങ്കയേകി ചൈനയില്‍ വീണ്ടും കോവിഡ്-19 കേസുകള്‍ വര്‍ധിക്കുകയാണ്. ഇപ്രാവിശ്യം
ഒമിക്രോണ്‍ വകഭേദമായ XBB യാണ് (Omicron variant XBB) ഭീഷണിയായിരിക്കുന്നത്. ജൂണ്‍ മാസത്തില്‍ കോവിഡ്-19 തരംഗം അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്നും ആഴ്ചയില്‍ 65 ദശലക്ഷം കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്‌തേക്കുമെന്നുമാണ് സൂചന.
ചൈനയില്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഒമിക്രോണ്‍ XBB കോവിഡ്-19 കേസുകളില്‍ വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. മെയ് മാസം അവസാനത്തോടെ ഒരാഴ്ചയില്‍ 40 ദശലക്ഷം ബാധിതര്‍ എന്ന നിലയില്‍ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ട്. ജൂണിലാകുമ്പോള്‍ ഇത് ഒരാഴ്ചയില്‍ 65 ദശലക്ഷം എന്ന നിലയിലേക്കും എത്തും.
ചൈനയിലെ ഗുവാന്‍സു പ്രവിശ്യയില്‍ നടന്ന ബയോടെക് കോണ്‍ഫറന്‍സില്‍ റെസ്പിറേറ്ററി ഡിസീസ് സ്‌പെഷ്യലിസ്റ്റ് സോങ് നാന്‍ഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2022 ഡിസംബറില്‍ സീറോ കോവിഡ്-19 നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ചതിനു ശേഷം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന വലിയ വൈറസ് വ്യാപനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
ചൈനയില്‍ മുന്‍പ് ഉണ്ടായ തരംഗത്തില്‍ പ്രതിദിനം 37 ദശലക്ഷം പേര്‍ എന്ന നിലയില്‍ കൊറോണ വൈറസ് ബാധിതരുണ്ടായിരുന്നു. ഇത് എക്കാലത്തെയും വലിയ നിരക്കാണ്.
പുതിയ വകഭേദമായ XBB -നെ നേരിടാന്‍ ചൈന തയാറെടുക്കുകയാണ്. രണ്ട് വാക്‌സിനുകള്‍ക്ക് ചൈനയിലെ ഡ്രഗ് റഗുലേറ്റര്‍ പ്രാഥമിക അനുമതി നല്‍കി കഴിഞ്ഞു. മൂന്ന് മുതല്‍ നാല് വാക്‌സിനുകള്‍ക്ക് ഉടന്‍ തന്നെ അനുമതി നല്‍കുമെന്നും സൂചനയുണ്ട്.
നിലവിലെ തരംഗത്തിന്റെ തീവ്രത കുറവായിരിക്കുമെന്നാണ് ചൈനയിലെ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്. എന്നാല്‍ രാജ്യത്തെ പ്രായമുള്ളവരില്‍ മരണനിരക്ക് വര്‍ധിക്കുന്നത് ഒഴിവാക്കാന്‍,
ശക്തമായ വാക്‌സിനേഷന്‍ ബൂസ്റ്റര്‍ പ്രോഗ്രാമും ആശുപത്രികളില്‍ ആന്റിവൈറലുകളുടെ വിതരണവും അത്യന്താപേക്ഷിതമാണെന്ന് പൊതുജനാരോഗ്യ വിദഗ്ധര്‍ പറയുന്നു.
അതേസമയം വീണ്ടും കൊറോണ-19 അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പ്രായമായവരോ പ്രതിരോധശേഷി കുറഞ്ഞവരോ ആണെങ്കില്‍ മാസ്‌ക് ധരിക്കാനും തിരക്കുള്ള സ്ഥലങ്ങളില്‍ നിന്ന് മാറിനില്‍ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
കോവിഡ്-19 നെത്തുടര്‍ന്ന് 2020-ല്‍ പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥ മെയ് മാസം അഞ്ചിനാണ് ഡബ്ല്യുഎച്ച്ഒ പിന്‍വലിച്ചത്.