22 Oct 2023 4:46 AM GMT
Summary
- പ്രാരംഭമായി കണക്കാക്കിയിരുന്നതിനേക്കാള്‍ 21.92% ചെലവിടല്‍
- അധിക ചെലവ് കൂടുതല്‍ റെയിൽവേ, ജലവിഭവ മന്ത്രാലയങ്ങളിലെ പദ്ധതികളില്‍
- 823 പദ്ധതികളുടെ നടത്തിപ്പില്‍ കാലതാമസം നേരിടുന്നു
സെപ്റ്റംബറിൽ കേന്ദ്ര അടിസ്ഥാന സൗകര്യ പദ്ധതികളിലെ അധിക ചെലവിടല്‍ ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഈ പദ്ധതികളുടെ പ്രാരംഭമായി കണക്കാക്കിയിരുന്ന ചെലവിനേക്കാള്‍ 21.92 ശതമാനം കൂടുതലാണ് സെപ്റ്റംബറിലെ എസ്റ്റിമേറ്റ് ചെലവ്.
150 കോടി രൂപയും അതിന് മുകളിലും മൂല്യമുള്ള പദ്ധതികളുടെ ചെലവിടല്‍ സംബന്ധിച്ച കണക്കുകളാണ് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുള്ളത്. 4.5 ലക്ഷം കോടി രൂപ ഈ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ അധികം ചെലവഴിക്കേണ്ടി വരുമെന്നാണ് സെപ്റ്റംബറില്‍ കണക്കാക്കുന്നത്. ഇതോടെ ഈ പദ്ധതികള്‍ക്കു വേണ്ട മൊത്തം ചെലവ് 24.8 ലക്ഷം കോടി രൂപയായി ഉയർന്നു. റെയിൽവേ, ജലവിഭവ മന്ത്രാലയങ്ങളിലെ പദ്ധതികളാണ് കൂടുതലായി അധിക ചെലവ് രേഖപ്പെടുത്തിയിട്ടുള്ളത്.
പൂര്‍ത്തീകരണ സമയവും ഉയര്‍ന്നു
ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ട സമയവും ഓഗസ്റ്റില്‍ കണക്കാക്കിയിരുന്ന 36.96 മാസത്തില്‍ നിന്ന് സെപ്റ്റംബറിൽ 38.63 മാസമായി വർദ്ധിച്ചു. എന്നാല്‍ കാലതാമസം നേരിടുന്ന പദ്ധതികളുടെ എണ്ണം സെപ്റ്റംബറില്‍ കുറഞ്ഞിട്ടുണ്ട്.ഓഗസ്റ്റില്‍ 830 പദ്ധതികളാണ് ഇത്തരത്തില്‍ കണക്കാക്കിയതെങ്കില്‍ സെപ്‌റ്റംബറിൽ ഇത് 823 പദ്ധതികളായി കുറഞ്ഞു. ഇവയില്‍ 58 ശതമാനത്തോളം പദ്ധതികള്‍ രണ്ട് വര്‍ഷത്തിന് മുകളിലുള്ള കാലതാമസം നേരിടുന്നവയാണ്.
സർക്കാരിന്റെ മോണിറ്ററിംഗ് പോർട്ടൽ സെപ്റ്റംബറിൽ 1,418 പദ്ധതികളുടെ പുരോഗതിയാണ് പരിശോധിച്ചത്. അതിൽ 12 എണ്ണം ഒക്റ്റോബറില്‍ തുടങ്ങിയതാണ്. സെപ്തംബറിൽ സർക്കാർ 46 പദ്ധതികൾ പൂർത്തിയാക്കി. 268 പദ്ധതികൾ സമയക്രമം പാലിക്കുന്നുണ്ട്.
242 പദ്ധതികളില്‍ ചെലവും സമയവും പ്രാരംഭത്തില്‍ കണക്കാക്കിയിരുന്നതിനേക്കാള്‍ കൂടുതലാണ്. എന്നിരുന്നാലും, എല്ലാ ഏജൻസികളും പദ്ധതികളുടെ കണക്ക് നല്‍കിയിട്ടില്ലാത്തതിനാല്‍ ഈ റിപ്പോർട്ട് പൂര്‍ണതയുള്ളതായി കണക്കാക്കാനാവില്ല.
ചെലവു കൂടിയത് എവിടെ?
ഏറ്റവും കൂടുതൽ പദ്ധതികള്‍ അധിക ചെലവ് നേരിടുന്നത് റെയില്‍വേ മന്ത്രാലയത്തിലാണ്. 173 റെയില്‍വേ പദ്ധതികളില്‍ യഥാർത്ഥ ചെലവിനേക്കാൾ 68.1 ശതമാനം കൂടുതൽ ചെലവ് പ്രതീക്ഷിക്കുന്നു.
ജലവിഭവ മന്ത്രാലയത്തിന്റെ 41 പദ്ധതികൾ 195.6 ശതമാനം അധിക ചെലവ് നേരിടുന്നു, അതേസമയം നിരീക്ഷിക്കപ്പെടുന്ന മൊത്തം പദ്ധതികളില്‍ പകുതിയോളം വരുന്ന റോഡ് പദ്ധതികളില്‍ 4.3 ശതമാനം അധിക ചെലവിടലാണ് വന്നിട്ടുള്ളത്.
സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ വടക്കുകിഴക്കന്‍ സംസാഥാനങ്ങളിലെ പദ്ധതികളാണ് അധിക ചെലവ് വരുത്തുന്നതില്‍ മുന്നില്‍, തൊട്ടുപിന്നില്‍ ആന്ധ്രാപ്രദേശാണ് ഉള്ളത്.