10 Jan 2025 10:23 AM GMT
Summary
- പണപ്പെരുപ്പം 5.3 ശതമാനത്തിലെത്തുമെന്ന് റോയിട്ടേഴ്‌സ് സര്‍വേ
- ഫെബ്രുവരിയില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ കുറവ് വരുത്തിയേക്കും
ഉപഭോക്തൃ പണപ്പെരുപ്പം കുറയുന്നു. ഡിസംബറില്‍ പണപ്പെരുപ്പം 5.3 ശതമാനത്തിലെത്തുമെന്ന് റോയിട്ടേഴ്‌സ് സര്‍വേ.
പണപ്പെരുപ്പം, കുറയുന്നത്, റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റ സഞ്ജയ് മല്‍ഹോത്രയ്ക്ക് ആശ്വാസം പകരും. ഇതുവരെ പലിശ നിരക്ക് കുറയ്ക്കുന്നതില്‍ നിന്ന് റിസര്‍വ് ബാങ്കിനെ പിന്തിരിപ്പിച്ചത് ഭക്ഷ്യവിലപ്പെരുപ്പം ഉയര്‍ന്നു നിന്നതാണ്. ഫെബ്രുവരിയില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്റിന്റെ കുറവ് വരുത്തുമെന്ന പ്രതീക്ഷയാണ് സര്‍വേയില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ധര്‍ക്കുമുള്ളത്.
പലിശനിരക്ക് കുറഞ്ഞാല്‍ ബാങ്ക് വായ്പകളുടെ പലിശയും ഇഎംഐ ബാധ്യതയും കുറയും. ഇത് സാധാരണക്കാരന് ആശ്വാസം പകരും. അതേസമയം, പണപ്പെരുപ്പത്തില്‍ ആര്‍ബിഐയുടെ സഹനപരിധി 4 ശതമാനമാണ്. 2026ന്റെ രണ്ടാം പകുതി വരെ പണപ്പെരുപ്പം ഈ പരിധിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും സര്‍വേ പറയുന്നുണ്ട്.
തക്കാളിക്കും സവാളയ്ക്കും വില കത്തിക്കയറിയ ഒക്ടോബറില്‍ പണപ്പെരുപ്പം 14-മാസത്തെ ഉയരമായ 6.21 ശതമാനത്തിലെത്തിയിരുന്നു. നവംബറില്‍ ഇത് 5.48 ശതമാനത്തിലേക്ക് താഴ്ന്നു. പണപ്പെരുപ്പത്തിലെ ആ ഇടിവ് ഡിസംബറിലും തുടരുന്നുവെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. എന്നാല്‍ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഡിസംബറില്‍ ഉയരും. നവംബറിലെ 1.89 ശതമാനത്തില്‍ നിന്ന് 2.30 ശതമാനമായി ഉയരുമെന്നാണ് പ്രവചനം.