11 Aug 2024 5:54 AM GMT
Summary
- അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തിലെ അവ്യക്തതകള്‍ ഇല്ലാതാക്കണം
- അദാനി ഗ്രൂപ്പിന്റെ വിദേശത്തുള്ള ഷെല്‍കമ്പനികളില്‍ സെബി ചെയര്‍പേഴ്സണിനും ഭര്‍ത്താവിനും ഓഹരി നിക്ഷേപം
- സെബിമേധാവിക്കെതിരായ ആരോപണം തലവേദയാകും
അദാനിഗ്രൂപ്പിന്റെ കടലാസുകമ്പനികളില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മേധാവിക്ക് ഓഹരിപങ്കാളിത്തമുണ്ടെന്ന വെളിപ്പെടുത്തലുമായി യുഎസ് ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. നിരവധി തെളിവുകള്‍ ഉണ്ടായിരുന്നിട്ടും 40-ലധികം സ്വതന്ത്ര മാധ്യമ അന്വേഷണങ്ങള്‍ നടന്നിട്ടും സെബി അദാനി ഗ്രൂപ്പിനെതിരെ ഒരു പരസ്യ നടപടിയും എടുക്കാതിരുന്നത് ഇക്കാരണത്താലാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നു. എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണം സെബി ചെയര്‍ പേഴ്്‌സണ്‍ മാധബി പുരി ബുച്ചും അവരുടെ ഭര്‍ത്താവ് ധവല്‍ ബുച്ചും നിഷേധിച്ചിട്ടുണ്ട്. എങ്കിലും മികച്ച വിശ്വാസ്യതയുള്ള ഒരു സ്ഥാപനത്തിന്റെ മേധാവിതന്നെ ആരോപണത്തില്‍ഉള്‍പ്പെടുന്നത് സെബിക്ക് തലവേദനയാകും.
2023 ജനുവരിയില്‍ അദാനിഗ്രൂപ്പിനെതിരെ ഇതിനുമുമ്പ് ഹിന്‍ഡന്‍ബര്‍ഗ് ആരോപണം ഉന്നയിച്ചിരുന്നു. അദാനിയുടെ സഹോദരന്‍ വഴി വിദേശ രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കടലാസ് കമ്പനികള്‍ വഴി ഗ്രൂപ്പിന്റെ ഓഹരികളിലേക്ക് നിക്ഷേപം നടത്തി എന്നതായിരുന്നു ആരോപണം. ഇത് കമ്പനികളുടെ ഓഹരികള്‍ കുതിച്ചുയരാന്‍ കാരണമായതായും ആരോപിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് അദാനിഗ്രൂപ്പിന്റെ ഓഹരികള്‍ ഇടിയുകയും കമ്പനികള്‍ക്ക് നഷ്ടം നേരിടുകയും ചെയ്തു. അതില്‍നിന്ന് കരകയറിവന്നപ്പോഴാണ് അടുത്ത ആരോപണവുമായി ഷോര്‍ട്ട് സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എത്തിയത്.
സെബി ചെയര്‍പേഴ്‌സണും അജ്ഞാതമായ ഓഫ്ഷോര്‍ സ്ഥാപനങ്ങളില്‍ ഓഹരി പങ്കാളിത്തമുണ്ടെന്നാണ് ഹിന്‍ഡബര്‍ഗിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
സെബി മേധാവിയുടെയും ഭര്‍ത്താവിന്റെയും ആസ്തി 10 മില്യണ്‍ ഡോളര്‍ ആണെന്നും കണക്കാക്കുന്നതായി ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു. രേഖകള്‍ ഉദ്ധരിച്ച് ഭര്‍ത്താവിന്റെ പേര് ഉപയോഗിച്ച് സ്വകാര്യ ഇമെയില്‍ വഴി ബുച്ച് ബിസിനസ്സ് നടത്തിയതിന്റെ തെളിവുകള്‍ ഹിന്‍ഡന്‍ബര്‍ഗ് ഹാജരാക്കിയിട്ടുണ്ട്.
2019ല്‍ സെബിയില്‍ മാധബി ബുച്ചിന്റെ മുഴുവന്‍ സമയ അംഗമായിരിക്കെ, ന്യൂയോര്‍ക്ക് സിറ്റി ആസ്ഥാനമായുള്ള അമേരിക്കന്‍ ബദല്‍ ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് കമ്പനിയായ ബ്ലാക്ക്സ്റ്റോണിന്റെ സീനിയര്‍ അഡൈ്വസറായി അവളുടെ ഭര്‍ത്താവിനെ നിയമിച്ചതായി ഹിന്‍ഡന്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയിലെ നവീന അസറ്റ് ക്ലാസായ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റിന്റെ (റീറ്റ്) ഏറ്റവും വലിയ നിക്ഷേപകരില്‍ ഒരാളും സ്‌പോണ്‍സര്‍മാരുമാണ് കമ്പനി.
ധവല്‍ ബുച്ചിന്റെ ലിങ്ക്ഡ്ഇന്‍ അക്കൗണ്ട് ഉദ്ധരിച്ച് ഹിന്‍ഡന്‍ബര്‍ഗ്, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അദ്ദേഹം ഒരിക്കലും ഒരു ഫണ്ടിനോ റിയല്‍ എസ്റ്റേറ്റിലോ മൂലധന വിപണി സ്ഥാപനത്തിലോ പ്രവര്‍ത്തിച്ചിട്ടില്ലെന്നും വാദിക്കുന്നു.
ആരോപണങ്ങള്‍ക്ക് മറുപടിയായി എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധനക്ക് വിധേയമാക്കാന്‍ തയ്യാറാണെന്നും സെബി മേധാവി അറിയിച്ചു.