30 Nov 2023 10:13 AM GMT
Summary
- ഊര്‍ജ ആവശ്യത്തിന്റെ 73 ശതമാനത്തിനും ഇന്ത്യ കല്‍ക്കരിയെ ആശ്രയിക്കുന്നു
- കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പവര്‍ സ്റ്റേഷനുകള്‍ നിര്‍മ്മാണത്തെ ഇന്ത്യയും ചൈനയും പിന്തുണയ്ക്കുന്നു
വരും വര്‍ഷങ്ങളിലും കല്‍ക്കരി ഇന്ത്യയുടെ പ്രധാന ഊര്‍ജ സ്രോതസ്സായി തുടരുമെന്ന് ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ''ഇന്ത്യയുടെ ഊര്‍ജ ആവശ്യങ്ങളുടെ ഒരു പ്രധാന ഭാഗമാണ് കല്‍ക്കരി,'' പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദുബായ് യാത്രയ്ക്ക് മുന്നോടിയായി വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഊര്‍ജ ആവശ്യത്തിന്റെ 73 ശതമാനത്തിനും ഇന്ത്യ കല്‍ക്കരിയെയാണ് ആശ്രയിക്കുന്നത്. വൈദ്യുതി ആവശ്യകതയിലെ റെക്കോര്‍ഡ് വര്‍ധനവ് നിറവേറ്റുന്നതിനായി സമീപ വര്‍ഷങ്ങളിലെ ഏറ്റവും വേഗത്തിലുള്ള കല്‍ക്കരി അധിഷ്ഠിത വൈദ്യുതി ഉല്‍പാദന ശേഷി 17 ജിഗാവാട്ട് കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
തങ്ങളുടെ കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പവര്‍ സ്റ്റേഷനുകളുടെ നിര്‍മ്മാണം തടയാനുള്ള ഏതൊരു ശ്രമത്തെയും ഇന്ത്യയും ചൈനയും എതിര്‍ക്കുന്നു. അതേസമയം അമേരിക്കയുടെ പിന്തുണയുള്ള ഫ്രാന്‍സ് ഈ പ്ലാന്റുകള്‍ക്ക് സ്വകാര്യ ധനസഹായം നല്‍കുന്നത് നിര്‍ത്താന്‍ പദ്ധതിയിടുന്നതായി വൃത്തങ്ങള്‍ അറിയിച്ചു.
കാലാവസ്ഥാ ധനസഹായം സംബന്ധിച്ച് വ്യക്തമായ ഒരു റോഡ്മാപ്പ് ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ടെന്നും വ്യാവസായിക വികസനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ രാജ്യങ്ങളെ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഫണ്ടിനുള്ള പിന്തുണയെക്കുറിച്ച് എപ്പോഴും മുന്‍കൈയെടുക്കുന്നുണ്ടെന്നും ക്വാത്ര പറഞ്ഞു. ഈ ഫണ്ട് വികസ്വര രാജ്യങ്ങള്‍ക്ക് വലിയ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.