7 Dec 2023 8:24 AM GMT
Summary
- 2023-24-ൽ സമ്പദ് വ്യവസ്ഥ 6.8 ശതമാനം വളര്‍ച്ച കൈവരിക്കും
- പൊതു മേഖലയില്‍ നിക്ഷേപങ്ങള്‍ ഇനിയും ഉയരാൻ സാധ്യത
- 2024-25 ല്‍ 7 ശതമാനം വളർച്ച പ്രതീക്ഷിക്കാം
അടിസ്ഥാന സൗകര്യവികസനത്തിനും ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും സര്‍ക്കാര്‍ നിരന്തര ശ്രമം നടത്തുന്നതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ (2023-24) രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ 6.8 ശതമാനമായി വളരുമെന്നും 2024-25 ല്‍ ഏഴ് ശതമാനമായി വളരുമെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) പറഞ്ഞു.
സിഐഐ പ്രതീക്ഷിക്കുന്ന മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ച 6.8 ശതമാനമാണ്.
നേരത്തെ കണക്കാക്കിയിരുന്ന വളര്‍ച്ച 6.5 മുതല്‍ 6.7 ശതമാനമായിരുന്നെന്നു പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍, ടിവിഎസ് സപ്ലൈ ചെയിന്‍ സൊല്യൂഷന്‍സിന്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കൂടിയായ സിഐഐ പ്രസിഡന്റ് ആര്‍ ദിനേശ് പറഞ്ഞു.
'തുടക്കത്തില്‍, ഞങ്ങള്‍ ജിഡിപി വളര്‍ച്ച 6.5-6.7 ശതമാനം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍, യഥാര്‍ത്ഥത്തില്‍, ഈ വര്‍ഷം ഇത് 6.8 ശതമാനമാകുമെന്നു ഞങ്ങള്‍ പറയുന്നു, അടുത്ത വര്‍ഷം 7 ശതമാനത്തിലേക്ക് നോക്കുകയാണ്,' വളര്‍ച്ചാ പ്രവചനങ്ങള്‍ പങ്കുവെച്ചുകൊണ്ട് സിഐഐ പ്രസിഡന്റ് പറഞ്ഞു.
നിക്ഷേപങ്ങള്‍ ഇനിയും ഉയരാം
ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ സ്വകാര്യ, പൊതു മേഖലയില്‍ നിക്ഷേപങ്ങള്‍ ഇനിയും ഉയരുമെന്ന് സിഐഐ പ്രസിഡന്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വികസനത്തിനായി രൂപീകരിച്ച നയങ്ങള്‍ മുറിയാതെ അതിനു തുടര്‍ച്ചയുണ്ടാവുക എന്നത് പ്രധാനമാണ്. ഓഹരി വിപണിയും, വ്യവസായ മേഖലയും അതാണ് ആഗ്രഹിക്കുന്നതും. ഏത് രാഷ്ട്രീയ പാര്‍ട്ടി അധികാരത്തിലേറിയാലും നയങ്ങള്‍ക്ക് തുടര്‍ച്ച വേണമെന്നാണ് സിഐഐയുടെ അഭിപ്രായം.
വരാനിരിക്കുന്ന പണ നയ അവലോകനത്തില്‍ ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍, സിഐഐ പ്രസിഡന്റ് പറഞ്ഞു: 'ഞങ്ങള്‍ അത് (പലിശ നിരക്ക് കുറയ്ക്കല്‍) ആവശ്യപ്പെടുന്നില്ല, കാരണം അതിനുള്ള ശരിയായ സമയം ഇതാണെന്നു വിശ്വസിക്കുന്നില്ല. കാരണം പണപ്പെരുപ്പം നാല് ശതമാനത്തിനും മുകളിലാണ് ' .