image

7 Jun 2023 10:15 AM GMT

Economy

ചൈനീസ് വ്യാളിക്ക് കിതപ്പ്; മേയില്‍ കയറ്റുമതിയിലും ഇറക്കുമതിയിലും ഇടിവ്

MyFin Desk

China exports | China imports
X

Summary

  • ചൈന ഈ വര്‍ഷം ലക്ഷ്യംവെക്കുന്നത് 5% എന്ന മിതമായ വളര്‍ച്ച
  • അസംസ്‍കൃത വസ്‍തുക്കള്‍ക്കുള്ള ആവശ്യകതയില്‍ വലിയ ഇടിവ്
  • ആഗോള തലത്തില്‍ ആവശ്യകത ദുര്‍ബലം


മേയില്‍ ചൈനയുടെ കയറ്റുമതി വിശകലന വിദഗ്ധരുടെ പ്രതീക്ഷകള്‍ക്കും അപ്പുറത്തേക്ക് ഇടിഞ്ഞു. 7.5% വാര്‍ഷിക ഇടിവാണ് മേയില്‍ ഉണ്ടായത്. 4.5% ഇടിവ് ഇറക്കുമതിയിലും ഉണ്ടായെന്ന് ഇന്ന് പുറത്തിറങ്ങിയ കസ്റ്റംസ് ഡാറ്റ വ്യക്തമാക്കുന്നു. കയറ്റുമതിയിലെ സങ്കോചം പ്രതീക്ഷകളെ അപേക്ഷിച്ച് കുറവാണ്. കയറ്റുമതി 0.4%, ഇറക്കുമതി 8.0% എന്നിങ്ങനെ ഇടിവ് രേഖപ്പെടുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍‍ക്കിടയില്‍ റോയിട്ടേഴ്‌സ് നടത്തിയ സര്‍വെയില്‍ പ്രവചിച്ചിരുന്നത്.

ആദ്യ പാദത്തിലെ ഇടിവ് പ്രതീക്ഷകളെ മറികടന്നതിനാല്‍, മുഴുവന്‍ വർഷത്തേക്കായുള്ള ചൈനീസ് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള പ്രതീക്ഷകളും വിശകലന വിദഗ്ധർ താഴ്ത്തുകയാണ്. ആഗോള തലത്തിലെ ആവശ്യകത ദുര്‍ബലമായി തുടരുന്നതും ഫാക്ടറി ഉൽപ്പാദനം മന്ദഗതിയിലായതും ചൈനയെ തുടര്‍ന്നും ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഡിമാൻഡ് കുറയുന്നതിനാൽ ചൈനയുടെ ഫാക്ടറി പ്രവർത്തനം മേയില്‍ പ്രതീക്ഷിച്ചതിലും വേഗത്തിൽ ചുരുങ്ങിയെന്നാണ് കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ, ഔദ്യോഗിക പർച്ചേസിംഗ് മാനേജേർസ് ഇന്‍റക്സ് (പിഎംഐ) വ്യക്തമാക്കിയത്. പിഎംഐ ഉപസൂചികകൾ ഫാക്ടറി ഉൽപ്പാദനം വിപുലീകരണത്തിൽ നിന്ന് സങ്കോചത്തിലേക്ക് നീങ്ങുന്നതായി കാണിച്ചു, അതേസമയം കയറ്റുമതി ഉൾപ്പെടെയുള്ള പുതിയ ഓർഡറുകൾ തുടര്‍ച്ചയായ രണ്ടാം മാസവും ഇടിഞ്ഞു.

ചൈനയുടെ ആഭ്യന്തര തലത്തിലെ ആവശ്യകതയും മാന്ദ്യത്തിലാണ്. എങ്കിലും സേവന മേഖലയില്‍ താരതമ്യേന മെച്ചപ്പെട്ട ആവശ്യകത പ്രകടമാകുന്നുണ്ട്. സെമികണ്ടക്റ്ററുകളുടെ ചൈനീസ് ഇറക്കുമതി 15.3% കുറഞ്ഞു, അത്തരം കംപൊണന്‍റുകള്‍ ഉൾപ്പെടുന്ന ഉപഭോക്തൃ ഇലക്ട്രോണിക്സ് കയറ്റുമതിയെ ഇത് പരിമിതപ്പെടുത്തി.

കൽക്കരി ഇറക്കുമതി മാർച്ചില്‍ രേഖപ്പെടുത്തിയ 15 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് താഴോട്ടു പോകുകയാണ്. വൈദ്യുതി, സ്റ്റീല്‍ മേഖലയില്‍ നിന്നുള്ള ആവശ്യകത ഇടിഞ്ഞതാണ് ഇതിന് കാരണം. മൊത്തത്തില്‍ അസംസ്‌കൃത വസ്തുക്കളുടെ ഡിമാൻഡ് വ്യാപകമായി ദുർബലമായി. ചെമ്പ് ഇറക്കുമതി മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് മെയ് മാസത്തിൽ 4.6% കുറഞ്ഞു.

ഈ വർഷം ഏകദേശം 5% ജിഡിപി വളർച്ചാ ലക്ഷ്യമാണ് ചൈനീസ് സർക്കാർ മുന്നോട്ടു വെച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ലക്ഷ്യം കൈവരിക്കുന്നതില്‍ വലിയ തിരിച്ചടിയാണ് ചൈന നേരിട്ടിരുന്നത്. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട അടച്ചിടലുകള്‍ കഴിഞ്ഞ വര്‍ഷത്തിലും വലിയ രീതിയില്‍ ബാധിക്കപ്പെട്ട പ്രമുഖ സമ്പദ് വ്യവസ്ഥയാണ് ചൈന.