17 Nov 2023 7:11 AM GMT
Summary
ചൈനീസ് കമ്പനി 330 ബില്യൺ ഡോളർ ( 2748 കോടി രൂപ) ആണ് ഇന്ത്യയിൽ നിക്ഷേപിക്കാൻ പദ്ധതി ഇട്ടിരുന്നത്.
ആപ്പിളിന്റെ ഏറ്റവും വലിയ ചൈനീസ് ഘടകങ്ങളുടെയും ഫിനിഷ്ഡ് ഉത്പന്നങ്ങളുടെയും നിര്‍മ്മാതാക്കളാണ് ലക്‌സ്‌ഷെയര്‍. കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും നിക്ഷേപം വര്‍ധിപ്പിക്കാനും ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കങ്ങളിലും പിരിമുറുക്കങ്ങളിലും അയവില്ലാത്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും നിക്ഷേപം വിയറ്റ്‌നാമിലേക്ക് മാറ്റുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വാർത്തകൾ അനുസരിച്ചു ചൈനീസ് കമ്പനി 330 ബില്യൺ ഡോളർ ( 2748 കോടി രൂപ) ആണ് ഇന്ത്യയിൽ നിക്ഷേപിക്കാൻ പദ്ധതി ഇട്ടിരുന്നത്.
ഏകദേശം മൂന്ന് വര്‍ഷത്തോളമായി കമ്പനി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ട്. ലക്‌സ്‌ഷെയര്‍ ആപ്പിളിന്റെ എയര്‍പോഡുകളുടെ പ്രധാന വിതരണക്കാരും ഐഫോണിന്റെ വിതരണക്കാരാകാനിരിക്കുന്നവരുമാണ്. നിക്ഷേപം തീരുമാനത്തിലെ മാറ്റം മൂലം വിയറ്റ്‌നാമിലേക്ക് എത്തുന്നത് 330 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ്.
നിലവില്‍ കമ്പനിക്ക് വിയറ്റ്‌നാമില്‍ നിക്ഷേപമുണ്ട്. പുതിയ നിക്ഷേപത്തിനുള്ള അനുമതി കഴിഞ്ഞയാഴ്ച്ച വിയറ്റ്‌നാം സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതോടെ വിയറ്റ്‌നാമിലെ നിക്ഷേപം 504 ദശലക്ഷം ഡോളറായി ഉയരും. വിയറ്റ്‌നാമിലെ 72 ഏക്കര്‍ പ്ലാന്റിലെ പുതിയ നിക്ഷേപം സ്മാര്‍ട്ട്‌ഫോണുകള്‍, ആശയവിനിമയ ഉപകരണങ്ങള്‍, ടച്ച് ഫോണുകള്‍, സ്മാര്‍ട്ട് പൊസിഷനിംഗ് ടാഗുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ എന്നിവയ്ക്കുള്ള കേബിളുകളാണ് നിര്‍മ്മിക്കുന്നതെന്ന് വിയറ്റ്‌നാം സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണ സൗകര്യങ്ങള്‍ പൂര്‍ത്തിയാകും.
ആപ്പിളിന്റെ വിതരണ നിര്‍മാണ ടാറ്റ പോലുള്ള കമ്പനികളെ ഉള്‍പ്പെടുത്താന്‍ അടുത്തിടെയാണ് കഴിഞ്ഞത്. അതിനെത്തുടര്‍ന്ന് ടാറ്റ അസംബ്ലറായ വിസ്‌ട്രോണിനെ ഏറ്റെടുത്തിരുന്നു. ഫോക്‌സ്‌കോണിലെ മുന്‍ ഫാക്ടറി തൊഴിലാളിയായ വാങ് ലൈചുനാണ് കമ്പനി സ്ഥാപിച്ചത്. ഈ ചൈനീസ് കമ്പനി 2019 ലാണ് ഇന്ത്യയില്‍ ഓഫീസ് ആരംഭിക്കുന്നത്. മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ മോട്ടറോളയുടെ തമിഴ്‌നാട്ടിലെ പ്രവര്‍ത്തനരഹിതമായ പ്ലാന്റ് 2020 ല്‍ വാങ്ങാന്‍ കമ്പനി തീരുമാനിച്ചു. ഇതിനായി തമിഴ്‌നാട് സര്‍ക്കാരുമായി കരാര്‍ ഒപ്പിടുകയും ആപ്പിളിന്റെ ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതിന് 750 കോടി രൂപ നിക്ഷേപിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
എന്നാല്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായത് രാജ്യത്തേക്കുള്ള പുതിയ നിക്ഷേപം പദ്ധതിയെ തടസ്സപ്പെടുത്തി. നേരിട്ടുള്ള വിദേശനിക്ഷേപ (എഫ്ഡിഐ) ക്ലിയറന്‍സും കമ്പനിക്ക് ലഭിച്ചിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒന്നിലധികം തവണ ലക്‌സ്‌ഷെയര്‍ എക്‌സിക്യൂട്ടീവുകള്‍ക്ക് വിസ നിഷേധിച്ചതായും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ഈ വര്‍ഷം ചൈനീസ് കമ്പനികള്‍ക്കായി പരിമിതമായ അവസരം തുറന്നിരുന്നു. അതില്‍ ലക്‌സ്‌ഷെയര്‍ ഉള്‍പ്പെടെ 14 സ്ഥാപനങ്ങള്‍ക്ക് പ്രാരംഭ ക്ലിയറന്‍സ് നല്‍കിയിരുന്നെങ്കിലും ഇത് കമ്പനിക്ക് കാര്യമായ സഹായം നല്‍കിയില്ല.
മെയ്മാസത്തില്‍ കമ്പനി ഇന്ത്യയിലെ ബിസിനസ് അന്തരീക്ഷം ശരിയായ ദിശയിലാണെങ്കില്‍ മാത്രമേ നിക്ഷേപം നടത്തൂവെന്ന് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം, ചൈനയിലെ ആപ്പിളിന്റെ മറ്റൊരു വലിയ വിതരണക്കാരായ ബിവൈഡി, ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയ ശേഷം ലക്‌സ്‌ഷെയറിന്റേതിനു സമാനമായ അവസ്ഥയാണ് നേരിട്ടത്.
2021 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ ഒരു ഐപാഡ് അസംബ്ലി ലൈന്‍ നിര്‍മ്മിക്കാന്‍ ബിവൈഡി ശ്രമിച്ചു, അതിനുമുമ്പ്, 2020 ല്‍ സ്മാര്‍ട്ട്‌ഫോണ്‍ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമില്‍ (പിഎല്‍ഐ) പങ്കെടുക്കാനും ശ്രമിച്ചിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ഗാല്‍വാന്‍ സംഭവത്തിന് ശേഷം, രാജ്യത്ത് പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ നിരസിക്കപ്പെട്ടു. ഒടുവില്‍, ബിവൈഡിയും അതിന്റെ ഐപാഡ് നിര്‍മ്മാണം വിയറ്റ്‌നാമിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
വിയറ്റ്‌നാമിലെ മൊത്തം 269 ദശലക്ഷം ഡോളര്‍ നിക്ഷേപത്തിന്റെ ഭാഗമായി ഇലക്ട്രോണിക് ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ സ്‌പെഷ്യലൈസ് ചെയ്ത ലൈനുകള്‍ ഉള്‍പ്പെടെ 183.7 ദശലക്ഷം ഡോളര്‍ നിക്ഷേപം 2023 മെയ് മാസത്തില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു.
ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ ബസിനസ് വിപുലീകരിക്കാനോ 2022 ല്‍ ഹ്രസ്വകാലത്തേക്ക് ആരംഭിച്ച ഓപ്ഷനായിരുന്ന സംയുക്ത സംരംഭങ്ങള്‍ രൂപീകരിക്കാനോ ഇനി ബുദ്ധിമുട്ടായിരിക്കുമെന്ന് ആപ്പിളിന് കൂടുതല്‍ വ്യക്തത നല്‍കുന്നതാണ് ഇക്കാര്യങ്ങളൊക്കെയും. അതിനാലാണ് ഐഫോണിനുള്ള ഘടകങ്ങള്‍ നിര്‍മ്മിക്കാന്‍ മാത്രമല്ല, ഐഫോണ്‍ തന്നെ നിര്‍മ്മിക്കാന്‍ ആപ്പിള്‍ ടാറ്റ പോലുള്ള കമ്പനികളിലേക്ക് തിരിഞ്ഞത്.
2004 ല്‍ സ്ഥാപിതമായ ലക്‌സ്‌ഷെയര്‍ 2010 ല്‍ ഷെന്‍ഷെന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു. ഇപ്പോള്‍ ആപ്പിളുമായുള്ള ഇടപാടുകളുടെ കാര്യത്തില്‍ ഫോക്‌സ്‌കോണ്‍ മികച്ച നിലയിലാണ്. ചൈനയിലെ മികച്ച ടെക്‌നോളജി അസംബ്ലറുകളില്‍ ഒന്നായി കമ്പനി ഇതിനകം മാറി. ഈ വര്‍ഷം സെപ്റ്റംബറില്‍ പ്രഖ്യാപിച്ചതും ഉടന്‍ പുറത്തിറക്കാനിരിക്കുന്നതുമായ ആപ്പിളിന്റെ മിക്‌സഡ് റിയാലിറ്റി വിഷന്‍ പ്രോ ഹാന്‍ഡ്‌സെറ്റിന്റെ നിര്‍മ്മാണ കരാര്‍ നേടിയതാണ് ലക്‌സ്‌ഷെയറിന്റെ ഏറ്റവും വലിയ നേട്ടം.