16 April 2024 5:41 AM GMT
Summary
- 2023 അവസാന പാദത്തിലെ വളര്‍ച്ചാ നിരക്കിന് മുകളിലെത്താന്‍ ബെയ്ജിംഗിനായി
- സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങളെക്കാള്‍ വളര്‍ച്ച നേടി
- അതേസമയം പ്രോപ്പര്‍ട്ടി മേഖലയിലെ തകര്‍ച്ച തുടരുന്നു
പ്രതീക്ഷകളെ മറികടന്ന് ചൈനയുടെ സാമ്പത്തിക വളര്‍ച്ച. ആദ്യപാദത്തില്‍ ഉണ്ടായ മികച്ച ആഭ്യന്തര ഉല്‍പ്പാദനം സര്‍ക്കാരിന് അതിന്റെ വാര്‍ഷിക ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 5.3 ശതമാനം ഉയര്‍ന്നതായി നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ബ്ലൂംബെര്‍ഗ് സര്‍വേയിലെ ശരാശരി കണക്കാക്കിയ 4.8 ശതമാനത്തേക്കാള്‍ കൂടുതലാണിത്. കൂടാതെ 2023 അവസാന പാദത്തിലെ വളര്‍ച്ചാ നിരക്കായ 5.2 ശതമാനത്തിന് മുകളിലുമാണ്.
ആദ്യ പാദത്തില്‍ വ്യാവസായിക ഉല്‍പ്പാദനം 6.1% ഉയര്‍ന്നു. റീട്ടെയില്‍ വില്‍പ്പന 3.1 ശതമാനവും, എന്നാല്‍ ഇവിടെ പ്രതീക്ഷിച്ച നേട്ടം 4.8 ശതമാനമായിരുന്നു. ആദ്യ മൂന്ന് മാസങ്ങളില്‍ ഫിക്‌സഡ് അസറ്റ് നിക്ഷേപം 4.5% വര്‍ധിച്ചിട്ടുണ്ട്. സാമ്പത്തിക വിദഗ്ധര്‍ 4ശതമാനമാണ് പ്രവചിച്ചിരുന്നത്.
അതേസമയം നിക്ഷേപം 9.5% ഇടിഞ്ഞു, പ്രോപ്പര്‍ട്ടി മേഖല ചുരുങ്ങുന്നത് തുടര്‍ന്നു.
നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ഫെബ്രുവരിയിലെ 5.3 ശതമാനത്തില്‍ നിന്ന് കഴിഞ്ഞ മാസം 5.2 ശതമാനമായി കുറഞ്ഞു. ചൈനയുടെ സാമ്പത്തിക വീണ്ടെടുക്കല്‍ അസന്തുലിതമാണ്. നൂതന സാങ്കേതിക വിദ്യകള്‍ സ്വദേശത്ത് വികസിപ്പിച്ചുകൊണ്ട് യുഎസ് വ്യാപാര നിയന്ത്രണങ്ങളില്‍ നിന്നുള്ള തിരിച്ചടി പരിഹരിക്കാനുള്ള ബെയ്ജിംഗിന്റെ ശ്രമങ്ങള്‍ ഇവിടെ കാണാവുന്നതാണ്. എന്നാല്‍ ദീര്‍ഘകാല റിയല്‍ എസ്റ്റേറ്റ് മാന്ദ്യത്തിനിടയില്‍, ചൈനീസ് ഉപഭോക്താക്കള്‍ തങ്ങളുടെ ചെലവാക്കലും മന്ദഗതിയിലാണ്.
ചൈനയുടെ ഈ വര്‍ഷത്തെ വളര്‍ച്ചാ ലക്ഷ്യം ഏകദേശം 5% ആണ്. ലക്ഷ്യത്തിലെത്താന്‍ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് സുസ്ഥിരമാക്കാനും ഉപഭോക്താക്കളെ ചെലവഴിക്കാന്‍ പ്രോത്സാഹിപ്പിക്കാനും ഗവണ്‍മെന്റ് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളേണ്ടിവരുമെന്ന് പല സാമ്പത്തിക വിദഗ്ധരും പറയുന്നു.
ഈ വര്‍ഷം ആഭ്യന്തര ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന സര്‍ക്കാര്‍ ശ്രമത്തെ നിക്ഷേപകര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.ബിസിനസ്സുകളെ അവരുടെ യന്ത്രസാമഗ്രികള്‍ നവീകരിക്കാനും കുടുംബങ്ങളെ പുതിയ കാറുകള്‍, റഫ്രിജറേറ്ററുകള്‍ അല്ലെങ്കില്‍ വാഷിംഗ് മെഷീനുകള്‍ എന്നിവ വാങ്ങാനും പ്രോത്സാഹിപ്പിക്കുന്ന ഒരു ട്രേഡ്-ഇന്‍ പ്രോഗ്രാം ആണിത്. പദ്ധതിക്ക് 'ശക്തമായ' ധനസഹായം വാഗ്ദാനം ചെയ്തതിനെത്തുടര്‍ന്ന് ചൈനീസ് ഗൃഹോപകരണ നിര്‍മ്മാതാക്കളുടെ ഓഹരികള്‍ കഴിഞ്ഞ ആഴ്ച കുതിച്ചുയര്‍ന്നിരുന്നു.
എന്നാല്‍ ഉപഭോക്താക്കളെ വലിച്ചിഴയ്ക്കുന്ന റിയല്‍ എസ്റ്റേറ്റ് മാന്ദ്യം മാറുന്ന ലക്ഷണമൊന്നും കാണുന്നില്ല.
ഡെവലപ്പര്‍മാര്‍ക്കുള്ള ധനസഹായം വര്‍ധിച്ചിട്ടും, കുറഞ്ഞ ലോണുകള്‍ വഴിയോ ഒന്നിലധികം പ്രോപ്പര്‍ട്ടികള്‍ സ്വന്തമാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടായിട്ടും ഭവന വില്‍പ്പനയും നിക്ഷേപവും കനത്ത ഇടിവിലാണ്. രാജ്യത്തെ ഏറ്റവും വലിയ ബില്‍ഡര്‍മാരില്‍ ചിലര്‍ പോലും വായ്പാ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി.
പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന അതിന്റെ പ്ലെഡ്ജ്ഡ് സപ്ലിമെന്റല്‍ ലെന്‍ഡിംഗ് പ്രോഗ്രാം വഴി വരും മാസങ്ങളില്‍ ഹൗസിംഗ് ഫണ്ടുകള്‍ക്ക് കുറഞ്ഞ വായ്പകള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുമെന്ന് ചില വിശകലന വിദഗ്ധര്‍ പറയുന്നു. തിങ്കളാഴ്ച സെന്‍ട്രല്‍ ബാങ്ക് അതിന്റെ ഒരു വര്‍ഷത്തെ ഇടത്തരം വായ്പാ സൗകര്യത്തിന്റെ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയിട്ടുണ്ട്.
വിദേശത്തെ ശക്തമായ വില്‍പ്പന ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ചൈനയുടെ ആഭ്യന്തര പ്രശ്നങ്ങള്‍ സന്തുലിതമാക്കാന്‍ സഹായിച്ചു. എന്നാല്‍ മാര്‍ച്ചില്‍ കയറ്റുമതി കുറഞ്ഞു. കൂടുതല്‍ രാജ്യങ്ങള്‍ ചൈനീസ് ചരക്കുകള്‍ക്കെതിരെ മുഖം തിരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിനാല്‍ വളര്‍ച്ചാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വിദേശ വ്യാപാരത്തെ ആശ്രയിക്കുന്നതില്‍ അപകടസാധ്യതകളുമുണ്ട്.