image

26 March 2025 5:49 AM

Economy

ചൈന ലോകത്തിന്റെ ഫാക്ടറി മാത്രമാണോ? യാഥാര്‍ത്ഥ്യം തിരിച്ചറിയണമെന്ന് വിദഗ്ധര്‍

MyFin Desk

is china the worlds factory, experts urge us to recognize the reality
X

Summary

  • ബെയ്ജിംഗിനെ വിലകുറച്ച് കാണുന്ന കാഴ്ചപ്പാട് കാലഹരണപ്പെട്ടത്
  • മറ്റേതു രാജ്യത്തെക്കാളും സമ്പത്തിക തന്ത്രങ്ങള്‍ പിന്തുടരുന്ന രാജ്യമാണ് ചൈന
  • വളരെ വലുതും ദീര്‍ഘകാലത്തേക്കുള്ളതുമായ നേട്ടത്തിനെയാണ് ചൈന പിന്തുടരുക


പതിറ്റാണ്ടുകളായി, ചൈന ലോകത്തിന്റെ ഫാക്ടറി എന്നാണ് അറിയപ്പെടുന്നത്. കൂലി കുറഞ്ഞ തൊഴിലാളികളുടെയും നിരന്തരമായ കയറ്റുമതിയുടെയും സ്വാധീനത്താല്‍ നയിക്കപ്പെടുന്ന ഒരു നിര്‍മ്മാണ ശക്തികേന്ദ്രമായി ബെയ്ജിംഗിനെ ലോകം വിലയിരുത്തുന്നു. എന്നാല്‍ ചൈനയുടെ യഥാര്‍ത്ഥ ശക്തി എന്താണ്? അവിടം ഫാക്ടറികളുടെ നാട് മാത്രമാണോ?

ബെയ്ജിംഗിനെ വിലകുറച്ച് കാണുന്ന കാഴ്ചപ്പാട് കാലഹരണപ്പെട്ടതാണെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. ആഗോളതലത്തില്‍ മറ്റേതു രാജ്യത്തെക്കാളും സമ്പത്തിക കണക്കുകൂട്ടലുകള്‍ ഉള്ള രാജ്യമാണ് ചൈന. അതിന്റെ തന്ത്രങ്ങള്‍ അവര്‍ നടപ്പാക്കി കാണിക്കുന്നു. എന്നാല്‍ പലതും പലര്‍ക്കും ഇന്നും മനസിലായിട്ടില്ല.

മറ്റ് സമ്പദ്വ്യവസ്ഥകള്‍ ഹ്രസ്വകാല ലാഭം പിന്തുടരുമ്പോള്‍, ചൈന വളരെ വലുതും ദീര്‍ഘകാലത്തേക്കുള്ളതുമായ നേട്ടത്തിനെയാണ് പിന്തുടരുന്നതെന്ന് സാമ്പത്തിക വിശകലന വിദഗ്ധനായ ഹാര്‍ദിക് ജോഷി സൂചിപ്പിക്കുന്നു.

ലോകത്തിനു മേലുള്ള ചൈനയുടെ വര്‍ധിച്ചുവരുന്ന സാമ്പത്തികമായ നിയന്ത്രണത്തിലേക്ക് ജോഷി വിരല്‍ ചൂണ്ടുന്നു. 2023 ല്‍ യുഎസിന്റെ ദേശീയ കടം 34 ട്രില്യണ്‍ ഡോളര്‍ കവിഞ്ഞു. എന്നിട്ടും ചൈന അതിന്റെ ഏറ്റവും വലിയ വായ്പാദാതാക്കളില്‍ ഒന്നായി തുടരുന്നു. വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ 3.2 ട്രില്യണ്‍ ഡോളറിലധികം ചൈന കൈവശം വച്ചിട്ടുണ്ട്. ഇത് ആഗോള വിപണികളില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നു.

അതേസമയം, മിക്ക ആഗോള സമ്പദ്വ്യവസ്ഥകളേക്കാളും വലിയ ആസ്തികള്‍ ചൈനീസ് ബാങ്കുകള്‍ ഇപ്പോള്‍ നിയന്ത്രിക്കുന്നു. അതിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് സാമ്പത്തിക ശക്തി ഏകീകരിക്കുന്നു.

''ഇത് വെറുമൊരു സമ്പദ് വ്യവസ്ഥയല്ല,'' ജോഷി ഒരു ലിങ്ക്ഡ് ഇന്‍ പോസ്റ്റില്‍ പറയുന്നു. പലരും ഇപ്പോഴും ചൈനയെ കയറ്റുമതി അധിഷ്ഠിത സമ്പദ് വ്യവസ്ഥയായി കാണുമ്പോള്‍, അതിന്റെ യഥാര്‍ത്ഥ തന്ത്രം വളരെ കണക്കുകൂട്ടലുകളുള്ളതാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

ചൈന വെറും സാധനങ്ങള്‍ വില്‍ക്കുകയല്ല - മുഴുവന്‍ രാജ്യങ്ങള്‍ക്കും ധനസഹായം നല്‍കുകയാണ്. ശ്രീലങ്ക, പാക്കിസ്ഥാന്‍, ആഫ്രിക്കയുടെ ചില ഭാഗങ്ങള്‍ തുടങ്ങിയ രാജ്യങ്ങളുടെ നിലനില്‍പ്പുതന്നെ ചൈനീസ് വായ്പകളെ ആശ്രയിച്ചാണ്. ഇത് ബെയ്ജിംഗിനെ ഒരു വ്യാപാര പങ്കാളി മാത്രമല്ല, അവരുടെ സാമ്പത്തിക തീരുമാനങ്ങളില്‍ സ്വാധീനം ചെലുത്തുന്ന ഒരു മേധാവിയാക്കിയും മാറ്റുന്നു.

ത്രൈമാസ ലാഭം പിന്തുടരുന്ന പാശ്ചാത്യ സമ്പദ്വ്യവസ്ഥകളില്‍ നിന്ന് വ്യത്യസ്തമായി, ചൈന 50 വര്‍ഷത്തെ ചക്രങ്ങളിലാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. ലോകത്തിലെ അപൂര്‍വ ഭൂമി ധാതുക്കളുടെ 70% ത്തിലും അവര്‍ നിയന്ത്രണം നേടിയിട്ടുണ്ട്. ഇത് ഇലക്ട്രിക് വാഹനങ്ങള്‍, സെമികണ്ടക്ടറുകള്‍ തുടങ്ങിയ ഭാവി വ്യവസായങ്ങളില്‍ ആധിപത്യം ഉറപ്പാക്കുന്നു.

അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍, ചൈന വാടകയ്ക്ക് എടുക്കുന്നതിനു പകരം വാങ്ങുകയാണ്, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ തുറമുഖങ്ങള്‍, റെയില്‍വേകള്‍, ടെലികോം ശൃംഖലകള്‍ എന്നിവയുടെ ഉടമസ്ഥാവകാശം നിശബ്ദമായി ഏറ്റെടുക്കുകയാണ്.

''ലോകം ചൈനയുടെ ഫാക്ടറികളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു, പക്ഷേ യഥാര്‍ത്ഥ കഥ ചൈനയുടെ സാമ്പത്തിക തന്ത്രമാണ്,'' ജോഷി പറയുന്നു.

മിക്ക രാജ്യങ്ങളും സാമ്പത്തിക മാറ്റങ്ങളോട് പ്രതികരിക്കുമ്പോള്‍, ചൈന നിക്ഷേപം നടത്തുകയും ശേഖരിക്കുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്യുകയാണ്.