image

31 Oct 2023 6:15 AM GMT

Economy

അപ്രതീക്ഷിതം; ചൈനയുടെ ഫാക്റ്ററി പ്രവര്‍ത്തനങ്ങളില്‍ ഇടിവ്

MyFin Desk

China’s Factory Activity Shrinks, Fueling Calls for More Support
X

Summary

  • മാനുഫാക്ചറിംഗ് ഇതര പിഎംഐ-യിലും ഇടിവ്
  • കയറ്റുമതി, ഇറക്കുമതി ഓർഡറുകൾ തുടർച്ചയായി എട്ടാം മാസവും ചുരുങ്ങി
  • വിദേശ ആവശ്യകത വെല്ലുവിളിയായി തുടരുന്നു


ഒക്ടോബറിൽ ചൈനയിലെ മാനുഫാക്ചറിംഗ് പ്രവര്‍ത്തനം അപ്രതീക്ഷിതമായി ചുരുങ്ങിയെന്ന് ഔദ്യോഗിക ഫാക്ടറി സർവേ വ്യക്തമാക്കി. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലെ വീണ്ടെടുക്കൽ ശക്തി പ്രാപിക്കുന്നതായി കാണിച്ച സമീപകാല സൂചകങ്ങളിൽ നിന്നുള്ള ഒരു വ്യതിയാനമാണിത്. ഔദ്യോഗിക പർച്ചേസിംഗ് മാനേജേര്‍സ് ഇന്‍ഡക്സ് (പിഎംഐ) സെപ്റ്റംബറിലെ 50.2ൽ നിന്ന് ഒക്ടോബറിൽ 49.5ലേക്ക് താഴ്ന്നു. സൂചികയില്‍ 50 പോയിന്‍റിന് മുകളിലുള്ള നില വികാസത്തെയും അതിനു താഴെയുള്ള നില സങ്കോചത്തെയും കാണിക്കുന്നു.

ജൂൺ മുതൽ സമ്പദ് വ്യവസ്ഥയും വീണ്ടെടുക്കല്‍ ഗതി വേഗം ഉയര്‍ത്തുന്നതിനായി നിരവധി പ്രഖ്യാപനങ്ങള്‍ ചൈന നടത്തിയിട്ടുണ്ട്. മിതമായ പലിശ നിരക്ക് കുറയ്ക്കൽ, വിപണിയിലേക്ക് പണം എത്തിക്കുന്നത് ഉയര്‍ത്തിയത്, മറ്റ് സാമ്പത്തിക ഉത്തേജക നടപടികള്‍ എന്നിവ കൈക്കൊണ്ടു. എന്നിരുന്നാലും, 5 ശതമാനം എന്ന വാർഷിക വളർച്ചാ ലക്ഷ്യം കൈവരിക്കുന്നത് ഉറപ്പാക്കാന്‍ കൂടുതൽ നയപരമായ പിന്തുണ ആവശ്യമായി വരുമെന്ന് വിശകലന വിദഗ്ധർ പറയുന്നു.

മാനുഫാക്ചറിംഗ് ഇതര പിഎംഐ സെപ്റ്റംബറിലെ 51.7 ൽ നിന്ന് 50.6 ആയി കുറഞ്ഞു. ഇത് വിശാലമായ സേവന മേഖലയിലും നിർമ്മാണ മേഖലയിലും വളര്‍ച്ചയിലുണ്ടായ മാന്ദ്യത്തെ സൂചിപ്പിക്കുന്നു.

"ആവശ്യകതയുമായി ബന്ധപ്പെട്ട ചില ബലഹീനതകളും ഇൻഫ്രാസ്ട്രക്ചർ ചെലവുകളിലെ മാന്ദ്യവുമാകും ദുര്‍ബലമായ പിഎംഐ ഡാറ്റ പ്രതിഫലിപ്പിക്കുന്നത്," ചൈനയു ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിലെ മുതിർന്ന സാമ്പത്തിക വിദഗ്ധൻ സൂ ടിയാൻചെൻ പറഞ്ഞു.

പുതിയ കയറ്റുമതി, ഇറക്കുമതി ഓർഡറുകൾ തുടർച്ചയായി എട്ടാം മാസവും ചുരുങ്ങി. വിദേശത്തെ വില്‍പ്പനയില്‍ മാനുഫാക്ചറര്‍മാര്‍ ബുദ്ധിമുട്ടുകയാണെന്നും അതിനാല്‍ ഫിനിഷ്ഡ് ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യമായ ചില കംപൊണന്‍റുകള്‍ ഇറക്കുമതി ചെയ്യുന്നത് കുറച്ചുവെന്നും ഇത് വ്യക്തമാക്കുന്നതായി വിലയിരുത്തപ്പെടുന്നു.