image

17 July 2023 10:19 AM IST

Economy

ചൈനയുടെ ജിഡിപി വളര്‍ച്ച പ്രതീക്ഷിച്ചതിലും താഴെ

MyFin Desk

chinas gdp growth below expectations
X

Summary

  • വരും മാസങ്ങളിലും വളര്‍ച്ച മന്ദഗതിയിലാകുമെന്ന് വിലയിരുത്തല്‍
  • മുന്‍ വര്‍ഷത്തെ പരിമിതമായ ജിഡിപിയുമായുള്ള താരതമ്യത്തില്‍ 6.3% വളര്‍ച്ച മാത്രം
  • കോവിഡ് 19നു ശേഷമുള്ള വീണ്ടെടുപ്പിന് മങ്ങലേല്‍ക്കുന്നു


2023 രണ്ടാം പാദത്തില്‍ ചൈനീസ് സമ്പദ് വ്യവസ്ഥ രേഖപ്പെടുത്തിയത് അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചതിലും താഴെയുള്ള വളര്‍ച്ച. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 6.3 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഉണ്ടായത് എന്നാണ് ഇന്ന് ചൈന ഔദ്യോഗികമായി പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നത്. കോവിഡ് 19 -ല്‍ നിന്നുള്ള വീണ്ടെടുപ്പിന്‍റെ ആക്കം കുറയുന്നു എന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകള്‍.

7 ശതമാനത്തിനു മുകളിലുള്ള വളര്‍ച്ച കഴിഞ്ഞ പാദത്തില്‍ ചൈന രേഖപ്പെടുത്തുമെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തിയിരുന്നത്. ഉപഭോക്തൃ ആവശ്യകത ഇടിഞ്ഞതും മറ്റ് സമ്പദ്‌വ്യവസ്ഥകളില്‍ ചൈനീസ് കയറ്റുമതിക്കുള്ള ആവശ്യകത കുറയുന്നതും ചൈനയുടെ ജിഡിപി വരും മാസങ്ങളിൽ കൂടുതൽ മന്ദഗതിയിലാകുന്നതിന് ഇടയാക്കുമെന്നും കണക്കുകൂട്ടുന്നു.

ജനുവരി-മാര്‍ച്ച് പാദത്തില്‍ 4.5 ശതമാനം വളര്‍ച്ചയാണ് ചൈന രേഖപ്പെടുത്തിയിരുന്നത്. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ 0.8 ശതമാനം വളര്‍ച്ച ഏപ്രില്‍- ജൂണ്‍ കാലയളവില്‍ നേടാനായെന്ന് ചൈനയുടെ നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ ഡാറ്റയില്‍ പറയുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയും മാനുഫാക്ചറിംഗ് കേന്ദ്രവുമായ ചൈനയില്‍ അനുഭവപ്പെടുന്ന മാന്ദ്യം ആഗോള വിപണികളില്‍, പ്രത്യേകിച്ച് ഏഷ്യന്‍ വിപണികളില്‍ സ്വാധീനം ചെലുത്തുന്നതാണ്.

"ഈ ജിഡിപി ഡാറ്റ വ്യാഖ്യാനിക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്, കാരണം വാര്‍ഷിക വളര്‍ച്ച സംഖ്യ ഞാൻ പ്രതീക്ഷിച്ചതിലും വളരെ ദുർബലമായിരുന്നു, എന്നാൽ എൻബിഎസ് റിപ്പോർട്ട് ചെയ്തത ക്വാർട്ടർ-ഓൺ-ക്വാർട്ടർ നമ്പർ ഞാൻ പ്രതീക്ഷിച്ചതിലും അൽപ്പം കൂടുതലാണ്, അതിനാൽ ഞാൻ മുമ്പത്തെ ചില ഡാറ്റ അവർ പരിഷ്കരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ശ്രമിക്കുകയാണ്," എസ് ആന്റ് പി ഗ്ലോബലിലെ ചീഫ് ഏഷ്യ ഇക്കണോമിസ്റ്റ് ലൂയിസ് കുയിജ്സ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍- ജൂണ്‍ കാലയളവില്‍ സാമ്പത്തിക നഗരമായ ഷാങ്ഹായ് ഉള്‍പ്പടെയുള്ള മേഖലകളെ കോവിഡുമായി ബന്ധപ്പെട്ട ലോക്ക്ഡൌണ്‍ ബാധിച്ചിരുന്നു. വളരെ പരിമിതമായ ജിഡിപി മാത്രമാണ് ആ പാദത്തില്‍ രേഖപ്പെടുത്തിയിരുന്നത്. അതുമായുള്ള താരതമ്യത്തില്‍ 6.3 ശതമാനം വളര്‍ച്ച മാത്രമാണ് നേടാനായത് എന്നതാണ് ചൈനയുടെ വീണ്ടെടുപ്പ് ഇനിയും വൈകുമെന്ന വിലയിരുത്തലിലേക്ക് നയിക്കുന്നത്. 0.4 ശതമാനം ജിഡിപി വളര്‍ച്ച മാത്രമാണ് 2022 ആദ്യപാദത്തില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടു കൂടി മാത്രമേ കൊറോണയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ നിന്ന് പൂര്‍ണമായി പുറത്തുവരാന്‍ ചൈനയ്ക്ക് സാധിച്ചിരുന്നുള്ളൂ.

അടുത്തിടെ പുറത്തുവന്ന മറ്റു സാമ്പത്തിക ഡാറ്റകളും ചൈനയുടെ വീണ്ടെടുപ്പിന് മങ്ങലേല്‍ക്കുന്നു എന്ന സൂചന നല്‍കുന്നതാണ്. ജൂണിൽ റീട്ടെയിൽ വിൽപ്പനയില്‍ 3.1 ശതമാനം വര്‍ധന മാത്രമാണ് രേഖപ്പെടുത്തിയത്. പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കുന്നതിനുള്ള ഒരു വിധം എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റിയ 2022 ഡിസംബറിന് ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളർച്ചയാണിത്. ജൂണിൽ വ്യാവസായിക ഉൽപ്പാദനത്തില്‍ 4.4 ശതമാനം വര്‍ധനയുണ്ടായി. സ്ഥിര ആസ്തി നിക്ഷേപം ജൂണില്‍ 3.8 ശതമാനം ഉയർന്നു. 16 നും 24 നും ഇടയിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മാസം 21.3 ശതമാനം എന്ന റെക്കോർഡ് ഉയരത്തിലെത്തി. തൊട്ടുമുന്‍പുള്ള മേയ് മാസത്തിൽ രേഖപ്പെടുത്തിയ 20.8 ശതമാനം എന്ന മുൻ റെക്കോർഡാണ് തകര്‍ക്കപ്പെട്ടത്.

ചൈനീസ് കറന്‍സിയായ യുവാൻ 0.37 ശതമാനം ഇടിവോടെ ഡോളറിന് 7.1680 എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. യു‌എസ് ഡോളര്‍ കരുത്താര്‍ജ്ജിച്ചതും പ്രതീക്ഷിച്ചതിലും ദുർബലമായ ചൈനീസ് ഡാറ്റയും സൃഷ്ടിച്ച സമ്മർദ്ദത്തിൽ യുവാൻ അടുത്തിടെ 8 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണിരുന്നു. ഈ വർഷം ഇതുവരെ ഡോളറിനെതിരെ മൂന്ന് ശതമാനത്തിലധികം നഷ്ടം യുവാന്‍ നേരിട്ടുവെന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.