27 March 2024 10:15 AM GMT
Summary
- ശ്രീലങ്കയുടേയും ചൈനയുടേയും പ്രധാനമന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ബെയ്ജിംഗ് പിന്തുണ അറിയിച്ചത്
- ഇരു രാജ്യങ്ങളും ഒന്‍പത് പുതിയ കരാറുകള്‍ ഒപ്പുവെച്ചു
- കടുനായകെ അന്താരാഷ്ട്ര വിമാനത്താവളം, ഹമ്പന്‍ടോട്ട തുറമുഖം, കൊളംബോ പോര്‍ട്ട് സിറ്റി എന്നിവ വികസിപ്പിക്കുന്നതിന് ചൈന സഹായിക്കും
ശ്രീലങ്കയെ കടം പുനഃക്രമീകരിക്കാന്‍ സഹായിക്കാമെന്ന് ചൈന. ശ്രീലങ്ക പാപ്പരായ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇക്കാര്യത്തില്‍ ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ് ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേഷ് ഗുണവര്‍ധനയ്ക്ക് ഉറപ്പ് നല്‍കി.
ചൈനയില്‍ ഔദ്യോഗിക പര്യടനം നടത്തുന്ന ഗുണവര്‍ധന ബെയ്ജിംഗില്‍ ലീയുമായി കൂടിക്കാഴ്ച നടത്തിയതായി ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. ചൈനയും ശ്രീലങ്കയും തമ്മില്‍ ഒമ്പത് പുതിയ കരാറുകളില്‍ ഒപ്പുവെക്കുന്നതിന് രണ്ട് പ്രധാനമന്ത്രിമാരും സാക്ഷിയായി. എന്നാല്‍ വിശദാംശങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല.
ശ്രീലങ്ക രൂക്ഷമായ കടക്കെണിയില്‍പ്പെട്ടപ്പോള്‍ 40 ബില്യണ്‍ ഡോളര്‍ വിദേശ കടത്തിന്റെ 52 ശതമാനവും ചൈനയുടേതായിരുന്നു. ശ്രീലങ്കക്ക് ഏറ്റവും കൂടുതല്‍ വായ്പ നല്‍കുന്ന രാജ്യമാണ് ചൈന.
ശ്രീലങ്കയുമായുള്ള 2.9 ബില്യണ്‍ യുഎസ് ഡോളറിന്റെ രണ്ടാം അവലോകനം അവസാനിപ്പിച്ച അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) രാജ്യത്തിന്റെ വാണിജ്യ കടക്കാരുമായും അന്താരാഷ്ട്ര ബോണ്ട് ഹോള്‍ഡര്‍മാരുമായും ചൈന ഡെവലപ്മെന്റ് ബാങ്കുമായും ഒരു കരാറിലെത്തുന്നത് പ്രധാനമാണെന്ന് പറഞ്ഞതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ചൈനയുടെ ഉറപ്പ്.
ഉന്നതതല ഉഭയകക്ഷി ചര്‍ച്ചയില്‍, സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള ശ്രീലങ്കയുടെ സാമ്പത്തിക പുരോഗതിയെ ചൈനീസ് പ്രധാനമന്ത്രി പ്രശംസിച്ചു. കടുനായകെ അന്താരാഷ്ട്ര വിമാനത്താവളം, ഹമ്പന്‍ടോട്ട തുറമുഖം, കൊളംബോ പോര്‍ട്ട് സിറ്റി എന്നിവ വികസിപ്പിക്കുന്നതിന് തന്റെ രാജ്യം സഹായം നല്‍കുമെന്നും ലി പറഞ്ഞു.