27 May 2023 11:06 AM GMT
Summary
- സാമ്പത്തിക ഉത്തേജക നടപടികള്‍ തളര്‍ച്ച നേരിടുന്നു
- ഏപ്രിലില്‍ മാത്രം ലാഭത്തിലെ നഷ്ടം 18.2ശതമാനം
- കമ്പനികള്‍ ചെലവുകുറയ്ക്കലിനായി തൊഴിലാളികളെ കുറയ്ക്കുന്നു
ഈ വര്‍ഷത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ ചൈനയിലെ വ്യാവസായിക സ്ഥാപനങ്ങളുടെ ലാഭം ഇടിഞ്ഞതായി ഔദ്യോഗിക ഡാറ്റ കാണിക്കുന്നു. സാമ്പത്തിക ഉത്തേജന നടപടികള്‍ തളര്‍ച്ച നേരിടുകയുമാണ്. എന്നാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുകയും ചെയ്തു. ഇത് നേരിടാന്‍ കമ്പനികള്‍ക്കായില്ല.
നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ (എന്‍ബിഎസ്)
കണക്കുകള്‍ പ്രകാരം ആദ്യ മൂന്ന് മാസങ്ങളില്‍ ലാഭം മുന്‍ വര്‍ഷത്തേക്കാള്‍ 20.6ശതമാനമാണ് കുറഞ്ഞത്.
എന്‍ബിഎസിന്റെ കണക്കനുസരിച്ച്, ഏപ്രിലില്‍ മാത്രം, വ്യാവസായിക സ്ഥാപനങ്ങള്‍ വാര്‍ഷിക ലാഭത്തില്‍ 18.2ശതമാനം ഇടിവ് രേഖപ്പെടുത്തി. മാര്‍ച്ചില്‍ ലാഭം കുറഞ്ഞത് 19.2ശതമാനമാണ്.
രാജ്യത്തെ പ്രധാന കയറ്റുമതി വിപണികളിലെ ഡിമാന്‍ഡ് കുറയുന്നു. ആഭ്യന്തരമായ ഡിമാന്‍ഡും കുറയുന്നു. ഇത് വ്യവസായങ്ങള്‍ക്ക് തിരിച്ചടിയാവുകയാണെന്ന് ജോണ്‍സ് ലാങ് ലസാലെയിലെ ചീഫ് ഇക്കണോമിസ്റ്റ് ബ്രൂസ് പാങ് പറഞ്ഞു.
ഏപ്രിലില്‍ പണച്ചുരുക്കവും ഉയര്‍ന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പിസി നിര്‍മ്മാതാക്കളായ ലെനോവോയുടെ ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ ത്രൈമാസ വരുമാനവും ലാഭവും ഇടിഞ്ഞുവെന്നും പേഴ്സണല്‍ കമ്പ്യൂട്ടറുകളുടെ (പിസി) ആഗോള ഡിമാന്‍ഡ് ഇടിവ് തുടരുന്നതിനാല്‍ ചെലവ് കുറയ്ക്കുന്നതിന് തങ്ങളുടെ 8ശതമാനം മുതല്‍ 9ശതമാനം വരെ തൊഴിലാളികളെ വട്ടിക്കുറച്ചിട്ടുണ്ടെന്നും പറഞ്ഞു.
ഉരുക്കിന്റെയും മറ്റ് വ്യാവസായിക ലോഹങ്ങളുടെയും നിര്‍മ്മാതാക്കളും പ്രതിസന്ധിയിലാണ്. കണ്‍സള്‍ട്ടന്‍സിയായ മൈസ്റ്റീല്‍ പറയുന്നതനുസരിച്ച്, നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സ്റ്റീല്‍ റൈന്‍ഫോഴ്‌സിംഗ് ബാറുകളുടെ വില ഈ ആഴ്ച മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.
രാജ്യത്തെ മില്ലുകളില്‍ മൂന്നിലൊന്ന് മാത്രമാണ് ഇപ്പോള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്. വാങ്ങലും വില്‍പ്പന വിലയും തമ്മിലുള്ള വ്യത്യാസം കാരണം മെയ് മാസത്തിലും കമ്പനികള്‍ സമ്മര്‍ദ്ദം നേരിടുന്നു. പ്രതീക്ഷിച്ചതിലും മന്ദഗതിയിലുള്ള ഡിമാന്‍ഡ് ആണ് ഈ മേഖലയില്‍ ഉള്ളതെന്ന് ലോകത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മ്മാതാക്കളായ ചൈനയുടെ ബാവോസ്റ്റീല്‍ ഒരു നിക്ഷേപക പ്ലാറ്റ്‌ഫോമില്‍ പറഞ്ഞു.
വിദേശ സ്ഥാപനങ്ങളില്‍ ജനുവരി-ഏപ്രില്‍ മാസ കാലയളവില്‍ അവരുടെ ലാഭം 16.2ശതമാനം ഇടിഞ്ഞു. ഇക്കാലയളവില്‍ 41 പ്രധാന വ്യാവസായിക മേഖലകളില്‍ 27 എണ്ണത്തിലും ലാഭം ഇടിയുകയായിരുന്നു. ഫെറസ് മെറ്റല്‍ സ്‌മെല്‍റ്റിംഗ് ആന്‍ഡ് റോളിംഗ് പ്രോസസിംഗ് വ്യവസായം ഏറ്റവും വലിയ മാന്ദ്യം റിപ്പോര്‍ട്ട് ചെയ്തു, 99.4ശതമാനം.
അടുത്ത ഘട്ടത്തില്‍ ഡിമാന്‍ഡ് പുനഃസ്ഥാപിക്കുന്നതിലും വിപുലീകരിക്കുന്നതിലും ചൈന ശ്രദ്ധ കേന്ദ്രീകരിക്കും. ഉല്‍പ്പാദനത്തിന്റെയും വിപണനത്തിന്റെയും നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുകയും ബിസിനസ് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് എന്‍ബിഎസ് സ്റ്റാറ്റിസ്റ്റിഷ്യന്‍ സണ്‍ സിയാവോ പറഞ്ഞു.
ഈ വര്‍ഷം ഏകദേശം 5ശതമാനം വളര്‍ച്ചയാണ് ബെയ്ജിംഗ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം രാജ്യം കോവിഡ് നിയന്ത്രണങ്ങള്‍ പെട്ടെന്ന് അവസാനിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ ദ്രുതഗതിയിലുള്ള വീണ്ടെടുക്കലിന്റെ സൂചനകള്‍ 2023-ലേക്കുള്ള ചൈനയുടെ വളര്‍ച്ചാ കണക്കുകള്‍ ഉയര്‍ത്താന്‍ ലോകബാങ്ക് ഉള്‍പ്പെടെയുള്ള നിരവധി സ്ഥാപനങ്ങളെ പ്രേരിപ്പിച്ചിരുന്നു.
എന്നിരുന്നാലും, ചില നിക്ഷേപ ബാങ്കുകള്‍ ഏപ്രില്‍ ഡാറ്റകളുടെ പരിശോധനകള്‍ക്കുശേഷം 2023 ലെ ചൈനയുടെ വളര്‍ച്ചാ പ്രവചനങ്ങള്‍ അടുത്തിടെ കുറച്ചു. നോമുറ അതിന്റെ പ്രവചനം മുമ്പത്തെ 5.9ശതമാനത്തില്‍ നിന്ന് 5.5ശതമാനം ആയും ബാര്‍ക്ലേസ് 5.6ശതമാനത്തില്‍ നിന്ന് 5.3ശതമാനം ആയും കുറച്ചു.