image

5 Feb 2024 9:28 AM GMT

Economy

ഇന്ത്യയുമായുള്ള ബന്ധം വളരെ ശക്തമെന്ന് ചൈന

MyFin Desk

china says its relationship with india is very strong
X

Summary

  • ചൈനയിലേക്ക് ഇന്ത്യന്‍ കമ്പനികളെ ക്ഷണിച്ച് നയതന്ത്ര പ്രതിനിധി
  • ചൈനയിലേക്കുള്ള ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന


ചൈനയിലെയും ഇന്ത്യയിലെയും ജനങ്ങള്‍ തമ്മിലുള്ള സാമ്പത്തികവും സാംസ്‌കാരികവുമായ ബന്ധം വളരെ ശക്തമാണെന്ന് മുംബൈയിലെ ചൈനീസ് കോണ്‍സല്‍ ജനറല്‍ കോങ് സിയാന്‍ഹുവ. മുംബൈയില്‍ ചൈനീസ് പുതുവത്സര സ്വീകരണത്തിന്റെയും ചൈനീസ് സാംസ്‌കാരികോത്സവത്തിന്റെയും ഭാഗമായി നടന്ന ഒരു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോങ്.

2023 ചൈനയ്ക്കും ഇന്ത്യയ്ക്കും നേട്ടങ്ങളുടെയും വിളവെടുപ്പിന്റെയും വര്‍ഷമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യ-ചൈന വ്യാപാരം 136.2 ബില്യണ്‍ ഡോളര്‍ കവിഞ്ഞതായും കാങ് കൂട്ടിച്ചേര്‍ത്തു.

ചൈനീസ് എംബസിയും ഇന്ത്യയിലെ കോണ്‍സുലേറ്റ് ജനറലും കഴിഞ്ഞ വര്‍ഷം 1.8 ലക്ഷത്തിലധികം വിസകള്‍ നല്‍കിയിട്ടുണ്ട്. ഇത് പകര്‍ച്ചവ്യാധിക്ക് ശേഷം ചൈനയിലേക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ പുതിയ വര്‍ധനവാണ് കാണിക്കുന്നത്.

ഈ ദിവസങ്ങളില്‍ മുംബൈയിലെ ഏറ്റവും വലിയ വാര്‍ത്തകളിലൊന്ന് തീരദേശ റോഡ് ഈ മാസം തുറക്കുമെന്നതാണ്. പദ്ധതിയുടെ ഏറ്റവും പ്രയാസമേറിയ ഭാഗമായ മലബാര്‍ ഹില്ലിന് കീഴിലുള്ള (തെക്കന്‍ മുംബൈയില്‍) തുരങ്കം ചൈനീസ്, ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ പരിശ്രമത്താല്‍ ചൈനീസ് ടണല്‍ ബോറിംഗ് മെഷീന്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചതെന്നത് ശ്രദ്ധിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ കമ്പനികളെ അദ്ദേഹം ചൈനയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

'ഞങ്ങള്‍ മുംബൈയില്‍ ആദ്യമായി ചൈനീസ് പ്രാവീണ്യം മത്സരം നടത്തി, ഇന്ത്യന്‍ യുവാക്കളെ ചൈനീസ് പഠിക്കാന്‍ പ്രചോദിപ്പിക്കുന്നു. നമ്മുടെ ആളുകള്‍ തമ്മിലുള്ള സാമ്പത്തിക സാംസ്‌കാരിക ബന്ധങ്ങള്‍ വളരെ ശക്തമാണ്. ഒന്നിനും ആര്‍ക്കും ഞങ്ങളെ വേര്‍പെടുത്താന്‍ കഴിയില്ലെന്ന ആഴത്തിലുള്ള ധാരണ ഈ സംഭവങ്ങള്‍ എനിക്ക് നല്‍കി. ' കാങ് പറഞ്ഞു.

7.3 ശതമാനം സാമ്പത്തിക വളര്‍ച്ചാ നിരക്ക്, ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനം, ചന്ദ്രയാന്‍-3 വിജയകരമായി ചന്ദ്രനില്‍ ഇറക്കല്‍ തുടങ്ങി വിവിധ മേഖലകളില്‍ ഇന്ത്യ കഴിഞ്ഞവര്‍ഷം കാര്യമായ നേട്ടങ്ങള്‍ കൈവരിച്ചതായി കോങ് പറഞ്ഞു. ബുദ്ധിമുട്ടുകള്‍ക്കിടയിലും ചൈനീസ് കമ്പനികള്‍ മികച്ച പ്രകടനം നേടുകയും സാമൂഹിക ക്ഷേമ സംരംഭങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.