image

14 Aug 2024 8:40 AM GMT

Economy

മാറുന്ന കേരളം, ഉയരുന്ന സംരംഭങ്ങള്‍

MyFin Desk

entrepreneurship that gives color to financial dreams
X

Summary

  • മികവ് പുലര്‍ത്തുന്ന സംരംഭകവര്‍ഷം പദ്ധതി
  • ഇക്കുറിയും ഒരുലക്ഷം സംരംഭങ്ങള്‍ ലക്ഷ്യം
  • ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ സംസ്ഥാനത്ത് 29066 സംരംഭക യൂണിറ്റുകള്‍ ആരംഭിച്ചു


സംസ്ഥാനത്തിന്റെ സാമ്പത്തിക ഭാവിതന്നെ മാറ്റിക്കുറിക്കാന്‍ ശേഷിയുള്ളവയാണ് സംരംഭങ്ങള്‍.ഏതൊരു സര്‍ക്കാരും അവയെ പ്രോത്സാഹിപ്പിക്കുകയും പദ്ധതികള്‍ വളരാന്‍ വേണ്ട അന്തരീക്ഷം ഒരുക്കിക്കൊടുക്കുകയും ചെയ്യും. അതുവഴി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ചെറു സംരംഭങ്ങള്‍ മുതല്‍ വലിയ പദ്ധതികള്‍ വരെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി മാറുകയും ചെയ്യും.

ഇന്ന് കേരളവും ഈ വഴിയേ സഞ്ചരിക്കുകയാണ്. സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച സംരംഭകവര്‍ഷം പദ്ധതി ആദ്യവര്‍ഷംതന്നെ മികവ് പുലര്‍ത്തിയത് ഇതിനുദാഹരണമാണ്. 2022-ല്‍ ആരംഭിച്ച പദ്ധതി ഇത് മൂന്നാം വര്‍ഷത്തിലേക്ക് കടന്നു.

2022-23ല്‍ ഒരു ലക്ഷം സംരംഭങ്ങള്‍ സംസ്ഥാനത്ത് സ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം.

ഈ പദ്ധതിയുടെ മൂന്നാം പതിപ്പാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടപ്പാകുന്നത്. പദ്ധതിക്ക് സംരംഭകരില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്ത് കുറഞ്ഞത് 1,00,000 സംരംഭങ്ങളെങ്കിലും സ്ഥാപിക്കുകയാണ് ഇക്കുറിയും സംസ്ഥാനത്തിന്റെ ലക്ഷ്യം. ഇതോടൊപ്പം സംസ്ഥാനത്ത് അഭിവൃദ്ധി പ്രാപിക്കുന്ന ഒരു സംരംഭകത്വ ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളുന്നതിനും വിഭാവനം ചെയ്യുന്നു.

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ സംസ്ഥാനത്ത് 29066 സംരംഭക യൂണിറ്റുകള്‍ ആരംഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിലേക്ക് 2071.54 കോടി രൂപയുടെ നിക്ഷേപവും എത്തിയിട്ടുണ്ട്. ഈ പദ്ധതികളിലായി 61,719 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിച്ചിട്ടുണ്ട്.

ജില്ലാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ കോഴിക്കോടാണ് ഈ സാമ്പത്തിക വര്‍ഷം ഇതുവരെ സംരഭങ്ങള്‍ ആരംഭിച്ചതില്‍ മുന്നിട്ടു നില്‍ക്കുന്നത്. ജില്ലയില്‍ 3356 യൂണിറ്റുകള്‍ ആരംഭിച്ചു.രണ്ടാമത് ആലപ്പുഴയാണ്(3110) . തൊട്ടുപിറകില്‍ കൊല്ലവും (2957), മലപ്പുറവും (2821), എറണാകുളവും(2795) ഉണ്ട്.

അതേസമയം സംരംഭങ്ങളില്‍ ഏറ്റവുമധികം തുക നിക്ഷേപിച്ചിരിക്കുന്നത് എറണാകുളം ജില്ലയിലാണ്. ഇവിടെ 298 കോടിയിലധികം രൂപ ഈ സംരംഭങ്ങളില്‍ നിക്ഷേപമായുണ്ട്. 203 കോടിയുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തുണ്ട്.

എന്നാല്‍ വിവിധ സംരംഭങ്ങളിലായി ഏറ്റവുമധികം തൊഴില്‍ നല്‍കിയത് കോഴിക്കോടും മലപ്പുറവുമാണ്. ഇരു ജില്ലകളിലും 6500ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഇത് തൊഴില്‍ ലഭ്യത പ്രതിസന്ധിയാകുന്ന കാലത്ത് ചെറുതല്ല.

മാനുഫാക്ച്വറിംഗ്, സര്‍വീസ് , കച്ചവടം എന്നീ വിഭാഗങ്ങളിലാണ് ഈ വര്‍ഷം സംരംഭങ്ങള്‍ ആരംഭിച്ചത്.

ഇതില്‍ മാനുഫാക്ച്വറിംഗ് വിഭാഗത്തിലെ 3223യൂണിറ്റുകളിലായി 462 കോടി രൂപ നിക്ഷേപമുണ്ട്. ഇവിടെ 9438 തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടു. സര്‍വീസ് സെക്ടറില്‍ 12768 സംരംഭങ്ങളും കച്ചവട വിഭാഗത്തില്‍ 13075 യൂണിറ്റുകളും ആരംഭിച്ചു.

ഈ വര്‍ഷം ഇതുവരെയുള്ള സംരംഭങ്ങളില്‍ 9122 എണ്ണം വനിതകള്‍ ആരംഭിച്ചതാണെന്നത് പദ്ധതിയെ ഗൗരവമായാണ് ജനങ്ങള്‍ സ്വീകരിച്ചതെന്ന് വ്യക്തമാക്കുന്നു. കുറഞ്ഞ വരുമാനമുള്ള വനിതകള്‍പോലും സ്വന്തമായ വരുമാനത്തിന് ഇന്ന് സംരംഭകത്വത്തിലേക്ക് തിരിയുകയാണ്. ഇത് വലിയമാറ്റമാണ് സൂചിപ്പിക്കുന്നത്. വനിതകളുടെ യൂണിറ്റുകള്‍ ആകെ യൂണിറ്റുകളുടെ 31 ശതമാനം വരും. ഇതിലുപരി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആറ് സംരംഭങ്ങളുമായും മുന്നേറുന്നു.

സംസ്ഥാനത്തെ കൂടുതല്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം തലത്തിലുള്ള സംരംഭകരെ പ്രോത്സാഹിപ്പിക്കാനായി 2022ലാണ് പദ്ധതി ആരംഭിച്ചത്. ഇതുവഴി 139,839 യൂണിറ്റുകളാണ് ആദ്യവര്‍ഷം സംസ്ഥാനത്ത് ആരംഭിച്ചത്. ഈ യൂണിറ്റുകളില്‍ ആകെ 8421 കോടി രൂപയിലധികം നിക്ഷേപിക്കപ്പെട്ടു. കൂടാതെ 300,049 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

2023-24 ല്‍ പ്രസ്തുത പദ്ധതിയില്‍ 103,596 യൂണിറ്റുകള്‍ ആരംഭിച്ചു. ഈ യൂണിറ്റുകളില്‍ ആകെ 7048 കോടി രൂപയിലധികം നിക്ഷേപിക്കപ്പെട്ടു. കൂടാതെ രണ്ടാം ഘട്ടത്തില്‍ മൊത്തം തൊഴിലവസരങ്ങളില്‍ ഒരു കുറവുണ്ടായി. 218,179 തൊഴിലവസരങ്ങളാണ് 2023-24ല്‍ സൃഷ്ടിക്കപ്പെട്ടത്.

ആദ്യ രണ്ട് വര്‍ഷങ്ങളിലും എറണാകുളം ജില്ലയാണ് ഏറ്റവും കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിച്ചത്. ഈ രണ്ടു വര്‍ഷക്കാലയളവില്‍ 24,466 യൂണിറ്റുകളാണ് ജില്ലയില്‍ തുടങ്ങിയത്. ഇതുവഴി 2176 കോടി രൂപയുടെ നിക്ഷേപവും ജില്ലയിലെത്തിയിരുന്നു. 58994 തൊഴിലവസരങ്ങളും സംരംഭങ്ങളുടെ ഭാഗമായി ഈ രണ്ടുവര്‍ഷക്കാലയളവില്‍ സൃഷ്ടിക്കപ്പെട്ടു.

തുടര്‍ച്ചയായി രണ്ടുവര്‍ഷവും ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ എന്ന ലക്ഷ്യം കേരളം നേടി. ഈ വര്‍ഷവും ലക്ഷ്യം മറികടക്കുമെന്ന് ഉറച്ച വിശ്വാസത്തിലാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന വ്യവസായ വകുപ്പ്.