5 July 2023 6:02 AM
Summary
- പത്ത് ജില്ലകളില്‍ വരള്‍ച്ച രൂക്ഷമായതായി റിപ്പോര്‍ട്ട്
- വരള്‍ച്ചാ ലഘൂകരണ പദ്ധതിയുടെ കരട് തയ്യാറാക്കുന്നു
- സെന്‍സിറ്റീവ് ജില്ലകളില്‍ പ്രത്യേക നിരീക്ഷണ സംവിധാനം
തമിഴ്‌നാട്ടിലെ പത്ത് ജില്ലകളിലെങ്കിലും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ കുറഞ്ഞ സാഹചര്യത്തില്‍ തമിഴ്നാടിന്റെ വരള്‍ച്ച തയ്യാറെടുപ്പ് കേന്ദ്ര സര്‍ക്കാര്‍ അവലോകനം ചെയ്തു.
ചെന്നൈയില്‍ നടന്ന അവലോകന യോഗത്തില്‍ കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ആശിഷ് കുമാര്‍ ശ്രീവാസ്തവ, തമിഴ്നാട് കൃഷി സെക്രട്ടറിയും അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണറുമായ സി സമയമൂര്‍ത്തി എന്നിവര്‍ നേതൃത്വം നല്‍കി. വരള്‍ച്ച മാനേജ്‌മെന്റിനുള്ള മാനുവല്‍ പ്രകാരമുള്ള സൂചകങ്ങളുടെ സ്ഥിതി സംസ്ഥാനം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് തമിഴ്നാട് ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ഏജന്‍സി ഡയറക്ടര്‍ രാമന്‍ പറഞ്ഞു.
മണ്‍സൂണ്‍ പരാജയപ്പെട്ടാല്‍ വരള്‍ച്ച നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്നൊരുക്കവും വിവിധ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനവും യോഗം വിശദമായി ചര്‍ച്ച ചെയ്തു.
മഴ, എല്ലാ ജലസംഭരണികളിലെയും വെള്ളത്തിന്റെ അളവ്, വരള്‍ച്ച ലഘൂകരിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, കണ്ടിജന്‍സി പ്ലാന്‍ തയ്യാറാക്കുന്നതിന്റെ സ്ഥിതി എന്നിവ കൃഷി കമ്മീഷണര്‍ എല്‍ സുബ്രഹ്മണ്യന്‍ പങ്കുവെച്ചു.
പത്ത് ജില്ലകളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ കുറവുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്.
വരള്‍ച്ച ലഘൂകരണ പദ്ധതിയുടെ കരട് തയ്യാറാക്കുന്നതിനായി ഇതിനകം രണ്ട് പ്രാഥമിക യോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് തമിഴ്‌നാട് അറിയിച്ചു. അതനുസരിച്ച് 23 സെന്‍സിറ്റീവ് ജില്ലകളില്‍ 116 വരള്‍ച്ചയ്ക്ക് ഇരയായ 116 ബ്ലോക്കുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും യോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.സംസ്ഥാന-ജില്ലാ തലങ്ങളില്‍ 'വരള്‍ച്ച നിരീക്ഷണ' സെല്ലുകള്‍ രൂപീകരിച്ചതായും അറിയിച്ചു.
സംസ്ഥാന, ജില്ലാ തലങ്ങളില്‍, പ്രത്യേകിച്ച് സെന്‍സിറ്റീവ് ജില്ലകളില്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോയിന്റ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വരള്‍ച്ച നേരിടാന്‍ സംസ്ഥാന ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ എത്രയും വേഗം നടപ്പാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
തമിഴ്‌നാട്ടില്‍ വരള്‍ച്ച നീണ്ടുനിന്നാല്‍ അത് കേരളത്തിനും അപകടകരമാകും. വിലവര്‍ധനയ്ക്കും സാധനങ്ങളുടെ ലഭ്യതക്കുറവിനും അത് വഴി തെളിക്കും.
തമിഴ്‌നാട്ടില്‍ വെള്ളമാണ് കൃഷിയിടങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി.