image

28 Dec 2022 4:27 PM GMT

Economy

രണ്ടാം പാദത്തിൽ ജി-സെക്കിലൂടെ കേന്ദ്രം സമാഹരിച്ചത് 4.06 ലക്ഷം കോടി രൂപ

C L Jose

രണ്ടാം പാദത്തിൽ ജി-സെക്കിലൂടെ കേന്ദ്രം സമാഹരിച്ചത് 4.06 ലക്ഷം കോടി രൂപ
X

Summary

താൽക്കാലിക കണക്കുകൾ പ്രകാരം സർക്കാരിന്റെ മൊത്തം ബാധ്യതകൾ 2022 സെപ്റ്റംബർ അവസാനത്തോടെ 1,47,19,572.2 കോടി രൂപയായി.


ഡെൽഹി: ജൂൺ 30 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ (Q2 2023) കേന്ദ്ര സർക്കാർ ഡേറ്റഡ് സെക്യൂരിറ്റികൾ വഴി 4,06,000 കോടി (4.06 ലക്ഷം കോടി രൂപ) സമാഹരിച്ചു. എന്നാൽ, വായ്പയെടുക്കൽ കലണ്ടറിൽ വിജ്ഞാപനം ചെയ്ത തുക 4,22,000 രൂപയായിരുന്നു. ഇക്കാലയളവിലെ തിരിച്ചടവ് 92,371.15 കോടി രൂപയാണ്.

2022 ജൂലൈ-സെപ്റ്റംബർ മാസത്തെ പൊതു കടം സംബന്ധിച്ച ത്രൈമാസ റിപ്പോർട്ടിന്റെ ഭാഗമായി ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പ് (ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കോണോമിക് അഫയേഴ്‌സ്; DEA) ബജറ്റ് വിഭാഗമാണ് വിശദാംശങ്ങൾ വെളിപ്പെടുത്തിയത്.

താൽക്കാലിക കണക്കുകൾ പ്രകാരം സർക്കാരിന്റെ മൊത്തം ബാധ്യതകൾ ('പബ്ലിക് അക്കൗണ്ടിന്' കീഴിലുള്ള ബാധ്യതകൾ ഉൾപ്പെടെ) 2022 സെപ്റ്റംബർ അവസാനത്തോടെ 1,47,19,572.2 കോടി രൂപയായി (147.20 ലക്ഷം കോടി രൂപ) വർദ്ധിച്ചു. 2022 ജൂൺ അവസാനം ഇത് 1,45,72,956 കോടി രൂപയായിരുന്നു. ഇത് 2023 സാമ്പത്തിക വർഷത്തിൽ പാദാനുപാദം ഒരു ശതമാനം വർദ്ധനവിനെ പ്രതിനിധീകരിക്കുന്നു.

പൊതു കടം 2022 ജൂൺ അവസാനം മൊത്തം ബാധ്യതകളുടെ 88.3 ശതമാനമായിരുന്നത് 2022 സെപ്റ്റംബർ അവസാനത്തോടെ മൊത്തം ബാധ്യതകളുടെ 89.1 ശതമാനമായി മാറി.

പ്രൈമറി ഇഷ്യുസുകളുടെ വെയ്റ്റഡ് ആവറേജ് ആദായം 2023 സാമ്പത്തിക വർഷം ആദ്യ പാദത്തിലെ 7.23 ശതമാനത്തിൽ നിന്ന് രണ്ടാം പാദത്തിൽ 7.33 ശതമാനമായി വർധിച്ചു.

എന്നാൽ, ഡേറ്റഡ് സെക്യൂരിറ്റികളുടെ പുതിയ ഇഷ്യൂവിന്റെ വെയ്റ്റഡ് ആവറേജ് മെച്യൂരിറ്റി FY23 ആദ്യ പാദത്തിലെ (Q1) 15.69 വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടാം പാദത്തിൽ (Q2) 15.62 വർഷമായി ചുരുങ്ങി.

2022 ജൂലൈ-സെപ്റ്റംബർ പാദത്തിൽ ക്യാഷ് മാനേജ്മെന്റ് ബില്ലുകളിലൂടെ (CMBs) കേന്ദ്ര സർക്കാർ ഒരു തുകയും സ്വരൂപിച്ചില്ല. മാത്രമല്ല, ഈ പാദത്തിൽ സർക്കാർ സെക്യൂരിറ്റികൾക്കായി റിസർവ് ബാങ്ക് ഓപ്പൺ മാർക്കറ്റ് പ്രവർത്തനങ്ങൾ നടത്തിയതുമില്ല.

മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റിയും സ്‌പെഷ്യൽ ലിക്വിഡിറ്റി ഫെസിലിറ്റിയും ഉൾപ്പെടെ ലിക്വിഡിറ്റി അഡ്ജസ്റ്റ്‌മെന്റ് ഫെസിലിറ്റി (എൽഎഎഫ്) പ്രകാരം ആർബിഐയുടെ പ്രതിദിന ശരാശരി ലിക്വിഡിറ്റി ആബ്‌സോർപ്ഷൻ ഈ പാദത്തിൽ 1,28,323.37 കോടി രൂപയായിരുന്നു (1.28 ലക്ഷം കോടി രൂപ).

ഇപ്പോഴുള്ള ഏകദേശം 29.6 ശതമാനം ഡേറ്റഡ് സെക്യൂരിറ്റികൾക്കും 5 വർഷത്തിൽ താഴെ കാലാവധിയാണുള്ളത്.

സമീപകാലത്തെ പണപ്പെരുപ്പവും പണലഭ്യത സംബന്ധിച്ച ആശങ്കകളും മൂലം ദ്വിതീയ വിപണിയിലെ ഗവൺമെന്റ് സെക്യൂരിറ്റികളിലെ ആദായം ഹ്രസ്വകാലാടിസ്ഥാനത്തിൽ അത്ര മെച്ചപ്പെട്ടതായിരുന്നില്ല. എന്നിരുന്നാലും, FY23-ന്റെ രണ്ടാം പാദത്തിൽ ദീർഘകാല സെക്യൂരിറ്റികളിലെ ആദായത്തിൽ വ്യത്യാസം കാണപ്പെടുന്നുണ്ട്.

2023 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ആർ ബി ഐ-യുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) റിപ്പോ നിരക്ക് 100 ബിപിഎസ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചു; അതായത്, 4.90 ശതമാനത്തിൽ നിന്ന് 5.90 ശതമാനമായി ഉയർത്തി; പണപ്പെരുപ്പം നിയന്ത്രിക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ഉദ്ദേശം.

ഈ പാദത്തിൽ ദ്വിതീയ വിപണിയിൽ, വ്യാപാരം 7 മുതൽ 10 വർഷം വരെയുള്ള മെച്യൂരിറ്റി ബക്കറ്റിൽ കേന്ദ്രീകരിച്ചു. ഇതിന്റെ പ്രധാന കാരണം 10-വർഷ സെക്യൂരിറ്റികളിലുണ്ടായ വലിയ തോതിലുള്ള വ്യാപാരമാണ്.

ഈ പാദത്തിൽ സ്വകാര്യമേഖലാ ബാങ്കുകൾ ദ്വിതീയ വിപണിയിൽ പ്രബലമായ വ്യാപാര വിഭാഗമായി ഉയർന്നു.

മൊത്തത്തിൽ പരിശോധിച്ചാൽ, പൊതുമേഖലാ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, ഫിനാൻഷ്യൽ ഇൻസ്റ്റിട്യൂഷനുകൾ, ഇൻഷുറൻസ് കമ്പനികൾ, മ്യൂച്വൽ ഫണ്ടുകൾ, സ്വകാര്യമേഖലാ ബാങ്കുകൾ, തുടങ്ങിയവ ഇക്കാലയളവിൽ സെക്കണ്ടറി മാർക്കറ്റിൽ അറ്റ വാങ്ങലുകാരായിരുന്നു. അതേസമയം, വിദേശ ബാങ്കുകളും പ്രാഥമിക ഡീലർമാരും അറ്റ വിൽപ്പനക്കാരായിരുന്നു.

കേന്ദ്ര ഗവൺമെന്റ് സെക്യൂരിറ്റികളുടെ ഉടമസ്ഥാവകാശ ഘടന സൂചിപ്പിക്കുന്നത് വാണിജ്യ ബാങ്കുകളുടെ വിഹിതം 2022 സെപ്റ്റംബർ അവസാനത്തോടെ 38.30 ശതമാനമായി എന്നാണ്; 2022 ജൂൺ അവസാനം ഇത് 38.04 ശതമാനമായിരുന്നു.