16 Oct 2024 11:57 AM GMT
Summary
- യൂണിയന്‍ നികുതിയിലും തീരുവയിലും സംസ്ഥാനത്തിന്റെ വിഹിതം 2.47% വര്‍ധിച്ചു
- കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്റ്-ഇന്‍-എയ്ഡ് 8.79% കുറഞ്ഞു
മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 2022-23ല്‍ സംസ്ഥാനത്തിന്റെ വരുമാനം 13.79% വര്‍ധിച്ചതായി സിഎജി റിപ്പോര്‍ട്ട്. റവന്യൂ ചെലവ് 2.89% കുറഞ്ഞു, ഇത് സംസ്ഥാനത്തിന്റെ റവന്യൂ കമ്മിയും ധനക്കമ്മിയും കുറയ്ക്കാന്‍ സഹായിച്ചു.
കേരളത്തിന്റെ തിരിച്ചടയ്ക്കാന്‍ ബാക്കിയുള്ള പൊതുകടം 2.52 ലക്ഷം കോടിയായെന്നും സി.എ.ജി. റിപ്പോര്‍ട്ട്. 2018 മുതല്‍ 2023 വരെ 94,271കോടിയാണ് കൂടിയത്. കടം കൂടിവരുന്ന പ്രവണത ഭാവിയില്‍ കടത്തിന്റെ സുസ്ഥിരതയെ പ്രതികൂലമായി ബാധിക്കുമെന്നും സി.എ.ജി. പറയുന്നു.
യൂണിയന്‍ നികുതിയിലും തീരുവയിലും സംസ്ഥാനത്തിന്റെ വിഹിതം 2.47% വര്‍ദ്ധിച്ചപ്പോള്‍, കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്റ്-ഇന്‍-എയ്ഡ് 8.79% കുറഞ്ഞു, റിപ്പോര്‍ട്ട് പറയുന്നു. 2022-23 കാലയളവില്‍ ജിഎസ്ടി നടപ്പാക്കിയതുവഴി ഉണ്ടായ വരുമാനനഷ്ടത്തിന്റെ പേരില്‍ റവന്യൂ രസീതുകള്‍ക്ക് കീഴില്‍ സംസ്ഥാനത്തിന് 7,245.97 കോടി രൂപ നഷ്ടപരിഹാരം ലഭിച്ചു.
കിഫ്ബി വഴി 17,742.68 കോടി രൂപയും കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് (കെഎസ്എസ്പിഎല്‍) വഴി 11,733.29 കോടി രൂപയും ബജറ്റിന് പുറത്ത് കടമെടുത്തതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഒരു വെളിപ്പെടുത്തലും നടത്തിയിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇത് സര്‍ക്കാര്‍ ബാധ്യതകളില്‍ 29,475.97 കോടി രൂപയുടെ കുറവ് വരുത്തി.