21 Feb 2025 10:19 AM GMT
Summary
- കോമ്പോസിറ്റ് പിഎംഐ 60.6ലെത്തി
- സ്വകാര്യ മേഖലയിലെ വളര്‍ച്ച സേവനമേഖലയുടെ കരുത്തില്‍
ഫെബ്രുവരിയില്‍ ഇന്ത്യയുടെ സ്വകാര്യ മേഖല ആറ് മാസത്തെ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച കൈവരിച്ചു. എസ് ആന്റ് പി ഗ്ലോബല്‍ സമാഹരിച്ച എച്ച്എസ്ബിസിയുടെ ഫ്‌ലാഷ് ഇന്ത്യ കോമ്പോസിറ്റ് പര്‍ച്ചേസിംഗ് മാനേജര്‍മാരുടെ സൂചിക ജനുവരിയിലെ 57.7ല്‍ നിന്ന് ഈ മാസം 60.6 ആയി ഉയര്‍ന്നു.
സേവന മേഖലയുടെ സൂചിക ഫെബ്രുവരിയില്‍ 61.1 ആയി ഉയര്‍ന്നു. മുന്‍ വര്‍ഷം മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജനുവരിയിലെ 56.5ല്‍നിന്നാണ് ഈ വര്‍ധന. ഈ ശക്തമായ പ്രകടനം മാനുഫാക്ചറിംഗ് പിഎംഐയില്‍ നേരിയ ഇടിവ് വരുത്തി. ഇത് 57.7 ല്‍ നിന്ന് 57.1 ആയി കുറഞ്ഞു. ഇടിവുണ്ടായിട്ടും, ഉല്‍പ്പാദന മേഖല ഇപ്പോഴും ആരോഗ്യകരമായ വികാസം പ്രകടമാക്കി.
ഈ കാലയളവില്‍ മേഖലയിലുണ്ടായത് റെക്കോര്‍ഡ് തൊഴിലവസരങ്ങളാണ്. ഫെബ്രുവരിയില്‍ ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ വളര്‍ച്ച ആറ് മാസത്തിനിടയിലെ ഉയര്‍ച്ച കൈവരിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
മാനുഫാക്ചറിംഗ് പിഎംഐയില്‍ നേരിട്ട ഇടിവിനെ മറികടക്കാന്‍ ഇത് വഴി കഴിഞ്ഞു. ആരോഗ്യകരമായ വളര്‍ച്ചയാണ് ഇത് സൂചിപ്പിക്കുന്നത്. ട്രംപിന്റെ താരിഫ് ഭിഷണികള്‍ അന്തരീക്ഷത്തില്‍ നില്‍ക്കുമ്പോഴാണ് എഷ്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നേതൃത്വം കൊടുക്കുന്ന ഇന്ത്യയുടെ മുന്നേറ്റമെന്നത് ശ്രദ്ധേയമാണ്.പിഎംഐ 50ന് മുകളില്‍പോയാല്‍ വളര്‍ച്ചയും അതിന് താഴെപ്പോയാല്‍ തളര്‍ച്ചയുമാണ് സൂചിപ്പിക്കുന്നത്. വിപണിയിലെ ഡിമാന്‍ഡിന്റില്‍ കാര്യമായ വര്‍ധനവുണ്ടായതാണ് ഫാക്ടറി ഉത്പാദനം വര്‍ധിപ്പിക്കാന്‍ കമ്പനികളെ പ്രേരിപ്പിച്ചത്.
ഇന്ധനം, ലോഹം, മറ്റ് അസംസ്‌കൃത വസ്തുക്കള്‍, ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രവര്‍ത്തനചെലവ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പണപ്പെരുപ്പ നിരക്ക് താഴുന്ന പ്രവണത ഗുണകരമായി.പുതിയ ഓര്‍ഡറുകളിലെ വര്‍ധന, വിലക്കയറ്റത്തിലെ കുറവ്, വിതരണ ശൃംഖല മെച്ചപ്പെട്ടത് തുടങ്ങിയവയല്ലാം നേട്ടമായതായാണ് വിലയിരുത്തല്‍.