21 Jun 2024 3:01 PM
Summary
- വനിതകള്‍ക്കുള്ള ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തും
- ഇടക്കാല ബജറ്റില്‍ വനിതകള്‍ക്കുള്ള മുന്‍ഗണന സര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു
- വനിതകളുടെ സാമ്പത്തിക ഉന്നമനത്തിന് പ്രത്യേക പദ്ധതി
വരാനിരിക്കുന്ന പൊതുബജറ്റ് സബ്‌സിഡികള്‍ വര്‍ധിപ്പിക്കുകയും സ്ത്രീകളെ പിന്തുണയ്ക്കുന്ന നടപടികള്‍ പ്രഖ്യാപിക്കുന്നതുമാകുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍. കൂടാതെ അവശ്യ സാധനങ്ങളുടെ വില നിയന്ത്രണത്തിനുള്ള നടപടികളും ഉണ്ടാകും.
പാചക വാതകത്തിനും മറ്റ് അവശ്യവസ്തുക്കള്‍ക്കുമായി നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടി) പോലുള്ള സംരംഭങ്ങള്‍ വനിതകളുടെ സാമ്പത്തിക ബാധ്യതകള്‍ ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കൂടാതെ, പൊതു ആശുപത്രികള്‍ക്കുള്ള ധനസഹായം വര്‍ധിപ്പിക്കുമെന്നും സ്ത്രീകള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക നടപടികള്‍ സ്വീകരിക്കുമെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സബ്സിഡിയുള്ള ആരോഗ്യ പരിശോധനകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഫെബ്രുവരിയിലെ ഇടക്കാല ബജറ്റ് 2024 പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മുദ്ര യോജനയില്‍ 30 കോടി രൂപ വനിതാ സംരംഭകര്‍ക്ക് നല്‍കിയതായി പ്രഖ്യാപിച്ചിരുന്നു. ഈ സംരംഭങ്ങളിലൂടെ സ്ത്രീകളുടെ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ഒരു കോടി സ്ത്രീകളെ ലാഖ്പതി ദീദികളാക്കി ( വനിതകളുടെ സാമ്പത്തിക ഉന്നമനം) മാറ്റുന്നതിനായി 83 ലക്ഷം സ്വയം സഹായ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് തുടങ്ങിയ കോഴ്‌സുകളിലെ സ്ത്രീകളുടെ എന്റോള്‍മെന്റിലെ വര്‍ധനവിനെപ്പറ്റി അന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. മൊത്തം എന്റോള്‍മെന്റിന്റെ 43 ശതമാനവും സ്ത്രീകളാണ്. ഇത് സര്‍ക്കാര്‍ ഡാറ്റ പ്രകാരം ആഗോളതലത്തിലെ ഏറ്റവും ഉയര്‍ന്ന ശതമാനങ്ങളിലൊന്നാണ്.
കൂടാതെ, ഉന്നത വിദ്യാഭ്യാസത്തിന് രജിസ്റ്റര്‍ ചെയ്യുന്ന സ്ത്രീകളില്‍ 28 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. പ്രധാനമന്ത്രി-കിസാന്‍ സമ്മാന്‍ നിധി പദ്ധതിക്ക് കീഴില്‍ ചെറുകിട വനിതാ കര്‍ഷകര്‍ക്ക് 54,000 കോടി രൂപ ധനസഹായം ലഭിക്കുകയും ചെയ്തു.