image

30 May 2023 10:26 AM GMT

Economy

സൗദി താല്‍പര്യം പ്രകടിപ്പിച്ചു; ബ്രിക്‌സ് ബാങ്ക് അംഗസംഖ്യ ഉയര്‍ത്തുന്നു

MyFin Desk

BRICS Bank to expand membership as Saudi Arabia looks to join
X

Summary

  • സൗദി അറേബ്യ കൂടി എത്തുന്നതോടെ മൊത്തം അംഗങ്ങളുടെ എണ്ണം ഒന്‍പതാകും
  • വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥകളിലെ വികസന പദ്ധതികള്‍ക്ക് വായ്പ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് രൂപീകരിച്ചത്
  • ഫണ്ട് സമാഹരിക്കുക എന്നൊരു ലക്ഷ്യം ഇപ്പോള്‍ എന്‍ഡിബിക്കുണ്ട്


ബ്രിക്‌സ് അംഗങ്ങള്‍ 2015-ല്‍ രൂപീകരിച്ച വായ്പാദാതാവായ ദ ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് (എന്‍ഡിബി) അതിന്റെ മൂലധനവും അംഗസംഖ്യയും വിപുലപ്പെടുത്താന്‍ തീരുമാനിച്ചു. പാശ്ചാത്യ ആധിപത്യമുള്ള ഐഎംഎഫ്, വേള്‍ഡ് ബാങ്ക് പോലുള്ള ധനകാര്യ സ്ഥാപനങ്ങളുടെ സ്വാധീനത്തെ ചെറുക്കാന്‍ വേണ്ടി കൂടിയാണിത്.

ഷാങ്ഹായില്‍ നടന്ന വാര്‍ഷിക യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് ദില്‍മ റൂസഫാണ് ഇക്കാര്യം അറിയിച്ചത്. ബ്രസീലിന്റെ മുന്‍പ്രസിഡന്റാണ് ദില്‍മ റൂസഫ്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ ചേര്‍ന്നതാണ് ബ്രിക്‌സ് കൂട്ടായ്മ. വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥകളിലെ വികസന പദ്ധതികള്‍ക്ക് വായ്പ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് രൂപീകരിച്ചത്. ഇതിനോടകം 96-ലധികം പദ്ധതികള്‍ക്ക് 33 ബില്യന്‍ ഡോളര്‍ കടം ബാങ്ക് നല്‍കിയിട്ടുണ്ട്.

ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായ ഏത് രാജ്യത്തിനും ന്യൂ ഡെവലപ്‌മെന്റ് ബാങ്കില്‍ അംഗത്വമെടുക്കാം. 2021-ല്‍ ബംഗ്ലാദേശും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ബാങ്കില്‍ അംഗങ്ങളായി. ഈജിപ്ത് ഈ വര്‍ഷം ഫെബ്രുവരിയിലും അംഗമായി. സമീപഭാവിയില്‍ ഉറുഗ്വേയും അംഗമാകുമെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ എട്ട് അംഗങ്ങളാണ് ബാങ്കിലുള്ളത്. സൗദി അറേബ്യ കൂടി എത്തുന്നതോടെ മൊത്തം അംഗങ്ങളുടെ എണ്ണം ഒന്‍പതാകും.

സൗദി അറേബ്യ ചേരുന്നതോടെ ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് സാമ്പത്തികമായി കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നാണ് കരുതുന്നത്. ലോകത്തിലെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ, ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയായ ചൈനയുമായി അടുത്ത ബന്ധം നിലനില്‍ക്കുന്ന സാഹചര്യമുണ്ട് ഇപ്പോള്‍. ചൈന ഉള്‍പ്പെടെ ലോകത്തെ മുന്‍നിര സാമ്പത്തികശക്തികളുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ റിയാദ് ആഗ്രഹിക്കുന്ന സമയം കൂടിയാണിത്. അതിനാല്‍ തന്നെ ബ്രിക്‌സ് ബാങ്കിലെ അംഗത്വം ബ്രിക്സ് രാജ്യങ്ങളുമായുള്ള റിയാദിന്റെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കും.

ഫണ്ട് സമാഹരിക്കുക എന്നൊരു ലക്ഷ്യം ഇപ്പോള്‍ എന്‍ഡിബിക്കുണ്ട്. ഉക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് ബാങ്കിന് സ്ഥാപക അംഗമായ റഷ്യയെ അധികം ആശ്രയിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ബാങ്കില്‍ റഷ്യയ്ക്ക് 19 ശതമാനം ഓഹരിയാണുള്ളത്. സൗദി അറേബ്യയെപ്പോലൊരു രാജ്യത്തെ ബാങ്കിലെ അംഗമാക്കിയാല്‍ അത് ഒട്ടേറെ ഗുണം ചെയ്യുമെന്നു എന്‍ഡിബി വിലയിരുത്തുന്നുണ്ട്. ഒന്നാമതായി ആഗോള ഊര്‍ജ്ജ വിപണിയിലെ രാജാവാണ് സൗദി അറേബ്യ. സൗദിയെ അംഗമാക്കിയാല്‍ ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള ഊര്‍ജ സഹകരണം മെച്ചപ്പെടും. അതിലൂടെ ബ്രിക്‌സ് കൂട്ടായ്മയിലെ വ്യാപാര, നിക്ഷേപ അവസരങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകും. ഇതിനുപുറമെ ആഗോള ഊര്‍ജ്ജ നയങ്ങളില്‍ കൂടുതല്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ ബ്രിക്‌സ് രാഷ്ട്രങ്ങളെ പ്രാപ്തരാക്കും.