image

29 Dec 2022 10:20 AM GMT

Economy

രാജ്യത്തെ ശതകോടീശ്വര പട്ടിക മെലിയുന്നു, ഒഴിവായവരിൽ പ്രമുഖർ ഇവരാണ്

MyFin Desk

adani
X



രാജ്യത്തെ ശതകോടീശ്വര പട്ടിക മെലിയുന്നതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷം ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 142 പേരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് 120 ആയി കുറഞ്ഞു. 22 പേരാണ് പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ളത്. ഒപ്പം പട്ടികയിലുള്ളവരുടെ മൊത്തം ആസ്തിയിലും ഇടിവുണ്ട്. ആസ്തിയില്‍ 8.8 ശതമാനത്തിന്റെ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ വര്‍ഷത്തില്‍ മൊത്ത ആസ്തി 751.6 ബില്യണ്‍ ഡോളര്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇത്തവണ ഇത് 685 ബില്യണ്‍ ഡോളറായി കുറഞ്ഞു.

അദാനി ഗ്രൂപ്പിന്റെ അധിപന്‍ ഗൗതം അദാനിയാണ് ഈ പട്ടികയില്‍ മുന്നില്‍. മുകേഷ് അംബാനിയെ പിന്നിലാക്കിയായിരുന്നു അദാനിയുടെ ഈ നേട്ടം. അദാനിയുടെ മൊത്ത ആസ്തി മുന്‍ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 80 ബില്യണ്‍ ഡോളറില്‍ നിന്ന് 69.6 ശതമാനം വര്‍ധിച്ച് 135.7 ബില്യണ്‍ ഡോളറായി. 69.6 ശതമാനത്തിന്റെ വര്‍ധന.

ബ്ലൂം ബര്‍ഗിന്റെ ഡാറ്റ അനുസരിച്ച് അദാനി ഏഷ്യയിലെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തും , ലോക സമ്പന്നരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. ഒരു ബില്യണ്‍ ഡോളര്‍ അഥവാ 8241 കോടി രൂപ ആസ്തിയുള്ള വ്യക്തികളാണ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുന്‍ വര്‍ഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മുകേഷ് അംബാനിയുടെ മൊത്ത ആസ്തിയില്‍ ഈ വര്‍ഷം 2.5 ശതമാനം ഇടിവാണ് സംഭവിച്ചത്. ആദ്ദേഹത്തിന്റെ ആസ്തി 104.4 ബില്യണ്‍ ഡോളറില്‍ നിന്ന് 101.75 ബില്യണ്‍ ഡോളറായി കുറഞ്ഞു.

റഷ്യ യുക്രൈന്‍ യുദ്ധം, ഉയര്‍ന്ന പണപ്പെരുപ്പം, ഉത്പന്നങ്ങളുടെ വിലയിലെ ചാഞ്ചാട്ടം, പ്രധാന സമ്പദ് വ്യവസ്ഥയിലെ ഉയരുന്ന പലിശ നിരക്ക് എന്നിവയെല്ലാം ആഗോള വിപണികളെ സാരമായി ബാധിച്ചു. ഇത് സമ്പന്നരുടെ ആസ്തികളിലും മാറ്റങ്ങളുണ്ടാക്കിയതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. അദാനി, ദിലീപ് ഷാങ് വി (സണ്‍ ഫാര്‍മ), സുനില്‍ മിത്തല്‍ ( ഭാരതി എയര്‍ടെല്‍) എന്നിവരാണ് ഈ വര്‍ഷത്തില്‍ നേട്ടമുണ്ടാക്കിയത്.

രാധകൃഷ്ണന്‍ ധമാനി (അവന്യു സൂപ്പര്‍ മാര്‍ട്ട്)യാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. എന്നാല്‍ അദ്ദേഹത്തിന്റെ മൊത്ത ആസ്തിയില്‍ ഈ വര്‍ഷം 21 ശതമാനത്തിന്റെ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അശ്വിന്‍ ധനി, അമൃത വഖില്‍ - മനീഷ് ചോക്സി (ഏഷ്യന്‍ പെയിന്റ്‌സ്), അസിം പ്രേംജി(വിപ്രോ), സന്‍ജീവ് -രാജീവ്(ബജാജ് ഗ്രൂപ്പ് ), ഉദയ് കൊട്ടക്(കൊട്ടക് മഹിന്ദ്ര ബാങ്ക്) എന്നിവരാണ് പട്ടികയിലെ മറ്റു സമ്പന്നര്‍.

വിജയ് ശേഖര്‍ ശര്‍മ (പേടിഎം ), സി കെ ബിര്‍ള (ഓറിയെന്റ ഇലെക്ട്രിക്‌സ്), ഡി ഉദയ് കുമാര്‍ റെഡ്ഢി(തന്‍ല സൊല്യൂഷന്‍സ്), സുശീല്‍ കനുഭായ് (മെട്രോ പൊലീസ് ഹെല്‍ത്ത് കെയര്‍)തുടങ്ങിയവരാണ് പട്ടികയില്‍ നിന്ന് പുറത്തായ പ്രമുഖര്‍.