30 Oct 2023 12:25 PM GMT
Summary
- ഒരു പ്ലാറ്റ്‌ഫോമും പത്തില്‍ ആറുപോയിന്റില്‍കൂടുതല്‍ നേടിയിട്ടില്ല
- ന്യായമായ ശമ്പളം, വ്യവസ്ഥകള്‍,കരാറുകള്‍, മാനേജ്മെന്റ്, പ്രാതിനിധ്യം എന്നിവ വിലയിരുത്തപ്പെട്ടു
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളായ ഒലയും പോര്‍ട്ടറും ഡിജിറ്റല്‍ ലേബര്‍ പ്ലാറ്റ്ഫോമുകളിലെ ഗിഗ് തൊഴിലാളികളുടെ തൊഴില്‍ സാഹചര്യങ്ങളുടെ കാര്യത്തില്‍ ഏറ്റവും താഴ്ന്ന സ്‌കോര്‍ ചെയ്തു. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബിഗ്ബാസ്‌ക്കറ്റ് റേറ്റിംഗില്‍ ഒന്നാമതെത്തിയതായി ഒരു റിപ്പോര്‍ട്ട് പറയുന്നു.
ഫെയര്‍വര്‍ക്ക് ഇന്ത്യ റേറ്റിംഗ്‌സ് 2023: പ്ലാറ്റ്‌ഫോം ഇക്കണോമി റിപ്പോര്‍ട്ടിലെ ലേബര്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഇന്ത്യയില്‍ ഗാര്‍ഹിക, വ്യക്തിഗത പരിചരണം, ലോജിസ്റ്റിക്‌സ്, ഫുഡ് ഡെലിവറി, ഗതാഗതം തുടങ്ങിയ മേഖലകളില്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന 12 പ്ലാറ്റ്‌ഫോമുകള്‍ വിലയിരുത്തി.
ആമസോണ്‍ ഫ്‌ലെക്‌സ്, ബിഗ്ബാസ്‌കറ്റ്, ബ്ലൂസ്മാര്‍ട്ട്, ഡണ്‍സോ, ഫ്‌ളിപ്കാര്‍ട്ട്, ഒല, പോര്‍ട്ടര്‍, സ്വിഗ്ഗി, ഊബര്‍, അര്‍ബന്‍ കമ്പനി, സെപ്റ്റോ, സൊമാറ്റോ എന്നിവയുള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളാണ് വിലയിരുത്തപ്പെട്ടത്.
'ഈ വര്‍ഷം, ഒരു പ്ലാറ്റ്ഫോമും പരമാവധി പത്ത് പോയിന്റില്‍ ആറില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്തിട്ടില്ല, കൂടാതെ അഞ്ച് തത്വങ്ങളിലുടനീളം ആരും ആദ്യത്തെ എല്ലാ പോയിന്റുകളും നേടിയിട്ടില്ല,' റിപ്പോര്‍ട്ട് പറയുന്നു.
ബിഗ്ബാസ്‌കറ്റ് 10ല്‍ ആറ് സ്‌കോര്‍ ചെയ്തു. തുടര്‍ന്ന് ബ്ലൂസ്മാര്‍ട്ട്, സ്വിഗ്ഗി, അര്‍ബന്‍ കമ്പനി, സൊമാറ്റോ എന്നിവര്‍ പത്തില്‍ അഞ്ച് വീതം സ്‌കോര്‍ ചെയ്തു. സെപ്റ്റോ (4/10), ഫ്‌ളിപ്കാര്‍ട്ട് (3/10), ആമസോണ്‍ ഫ്‌ലെക്‌സ് (2/10), ഡണ്‍സോ, ഉബര്‍ (1/10) എന്നിങ്ങനെയാണ് മറ്റ് സ്‌കോറുകള്‍. അതേസമയം ഒലയും പോര്‍ട്ടറും ഒരു സ്‌കോറും നേടിയില്ല.
ന്യായമായ ശമ്പളം, വ്യവസ്ഥകള്‍,കരാറുകള്‍, മാനേജ്മെന്റ്, പ്രാതിനിധ്യം എന്നിവയും റിപ്പോര്‍ട്ട് വിലയിരുത്തി. ഇതില്‍ ഒരോ കാറ്റഗറിയും രണ്ടുപോയിന്റ് നേടുന്നവയായി തരം തിരിച്ചിരിക്കുന്നു.
പ്ലാറ്റ്ഫോം സമ്പദ് വ്യവസ്ഥ അതിന്റെ തൊഴിലാളികള്‍ക്ക് മാന്യമായ ജോലി നല്‍കണമെങ്കില്‍ പ്ലാറ്റ്ഫോമുകളും ഉപഭോക്താക്കളും സംസ്ഥാനവും ഒരുപോലെ ഏറ്റെടുക്കേണ്ട ഘടനാപരമായ മാറ്റങ്ങളിലേക്ക് തൊഴിലാളികളുടെ അനുഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടുമെന്ന് റിപ്പോര്‍ട്ടു തയ്യാറാക്കിയ ടീമിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റേഴ്‌സ് ആയ ബാലാജി പാര്‍ത്ഥസാരഥിയും ജാനകി ശ്രീനിവാസനും പറഞ്ഞു.
ബിഗ്ബാസ്‌കറ്റ്, ഫളിപ്കാര്‍ട്ട്, അര്‍ബന്‍ കമ്പനി എന്നിവ മാത്രമാണ് മിനിമം വേതന നയമുള്ള പ്ലാറ്റ്ഫോമുകള്‍, റിപ്പോര്‍ട്ട് പറയുന്നു.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബാംഗ്ലൂരിലെ (ഐഐഐടി-ബി) സെന്റര്‍ ഫോര്‍ ഐടി ആന്‍ഡ് പബ്ലിക് പോളിസി (സിഐടിഎപിപി) ആണ് ഫെയര്‍ വര്‍ക്ക് ഇന്ത്യ ടീമിനെ നയിച്ചത്.