image

17 July 2023 3:27 PM IST

Economy

നഗര ഇന്ത്യയിലെ ശരാശരി ശമ്പളം 21,647 രൂപ

MyFin Desk

average salary in urban India is rs 21,647
X

Summary

  • ഇന്ത്യയിലെ 46% തൊഴിലാളികളും കാര്‍ഷിക മേഖലയെ ആശ്രയിക്കുന്നു
  • ഐടിയിലെ നിയമന മാന്ദ്യം ശമ്പള വളര്‍ച്ചയ്ക്ക് ആശങ്ക
  • നഗരങ്ങളിലെ ദിവസവേതനക്കാര്‍ക്ക് ഒരു ദിവസം കിട്ടുന്നത് ശരാശരി 464 രൂപ മാത്രം


ഇന്ത്യന്‍ നഗരങ്ങളിലെ ശമ്പളക്കാരായ തൊഴിലാഴികളുടെ പ്രതിമാസ ശരാശരി വരുമാനം 2022-23ന്റെ ആദ്യ പാദത്തിൽ 21,647 രൂപയിലേക്ക് ഉയര്‍ന്നുവെന്ന് ഐസിഐസിഐ സെക്യൂരിറ്റീസിന്‍റെ റിപ്പോർട്ട്. 2021 -22 രണ്ടാം പാദത്തിൽ രേഖപ്പെടുത്തിയ 20,030 രൂപയിൽ നിന്ന് 7.5 ശതമാനം മാത്രം വർധനയാണ് ഉണ്ടായിട്ടുള്ളത്. അതേസമയം,ഇന്ത്യയിലെ നഗരങ്ങളിലെ ഒരു താൽക്കാലിക തൊഴിലാളിയുടെ ദിവസ വേതനം 2020 - 21ല്‍ പ്രതിദിനം ശരാശരി 385 രൂപയായാരുന്നത് 2021 -22ല്‍ 464 രൂപയായി വർധിച്ചുവെന്നും പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (പിഎല്‍എഫ്എസ്) വിശദീകരിക്കുന്നു.

മറുവശത്ത്, വാർഷിക പിഎല്‍എഫ്എസ് പഠനമനുസരിച്ച്, 2022-23 ആദ്യപാദത്തിന്‍റെ അവസാനം വരെയുള്ള 18 മാസ കാലയളവിൽ ഗ്രാമീണ ഇന്ത്യയിലെ ഒരു ശമ്പളക്കാരന്റെ ശരാശരി പ്രതിമാസ ശമ്പളം 14,700 രൂപയാണ്. ഗ്രാമീണ മേഖലയിലെ ഒരു സാധാരണ തൊഴിലാളിയുടെ പ്രതിദിന വേതനം 2020- 21 സാമ്പത്തിക വർഷത്തിലെ 302 രൂപയിൽ നിന്ന് 2022-23 വർഷം ഒന്നാം പാദത്തിൽ 368 രൂപയായി വർദ്ധിച്ചു.

തൊഴിലാളികളുടെ ദിവസ വേതനത്തിൽ പടിപടിയായിട്ടുള്ള വര്‍ധന ഉണ്ടായിട്ടുണ്ടെങ്കിലും, ഇന്ത്യയിലെ 46 ശതമാനം തൊഴിലാളികളും ഇപ്പോഴും കാർഷിക ഉൽപാദനത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. കാലാവസ്ഥയിലെ അനിശ്ചിതാവസ്ഥകള്‍ ഈ മേഖലയില്‍ നിന്നുള്ള വരുമാനത്തിന് വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്.

"നഗരങ്ങളില്‍ സ്വകാര്യ മേഖലയിലെ ശമ്പളങ്ങളുടെ വളർച്ചയെക്കുറിച്ചുള്ള പ്രധാന ആശങ്ക ഐടി, സ്റ്റാർട്ട്-അപ്പ് മേഖലകളിലാണ്. ഡിമാൻഡ് ആശങ്കകൾ കാരണം ഈ മേഖലകളിലെ നിയമന പ്രവർത്തനങ്ങൾ കുറഞ്ഞു. കൂടാതെ സ്വകാര്യ കോര്‍പ്പറേറ്റ് മേഖലയുടെ മൊത്തം ശമ്പള ചെലവിടലിന്‍റെ 42 ശതമാനത്തോളം ഐടി മേഖലയുടെ സംഭാവനയാണ്," ഐസിഐസിഐ സെക്യൂരിറ്റീസിലെ അനലിസ്റ്റ് വിനോദ് കർക്കി പറഞ്ഞു. പക്ഷേ ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തിയാണ്, സംഘടിത മേഖലയിലെ തൊഴിലാളികളുടെ 12 ശതമാനം അല്ലെങ്കിൽ മൊത്തത്തിലുള്ള തൊഴിലാളികളുടെ ~1 ശതമാനം മാത്രമാണ് ഐടി/ബിപിഒ മേഖലയിലുള്ളത്.

ബാങ്കിംഗ്, ധനകാര്യ സേവനങ്ങൾ, ഇൻഷുറൻസ് എന്നിവ ഉൾപ്പെടുന്ന ബിഎഫ്എസ്ഐ മേഖലയിലെ നിയമനങ്ങളില്‍ ഇടിവു നേരിടുന്നതായും വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആഗോള സമ്പദ് വ്യവസ്ഥയിലെ വെല്ലുവിളികള്‍, പണപ്പെരുപ്പവും പലിശ നിരക്കുകളും ഉയരുന്നത്, വിതരണ ശൃംഖലയിലെ തടസങ്ങള്‍ എന്നിവയാണ് ധനകാര്യ സ്ഥാപനങ്ങളുടെ നിയമന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത്. ഓട്ടോമോട്ടീവ്/അനുബന്ധ വ്യവസായങ്ങള്‍,. എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ, മാനുഫാക്ചറിംഗ് മേഖലകളിലെ നിയമന അന്തരീക്ഷത്തിലും മാന്ദ്യം പ്രകടമാകുന്നുണ്ട്.