image

23 July 2024 8:30 AM GMT

Economy

സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഏഞ്ചല്‍ ടാക്‌സ് നിര്‍ത്തലാക്കും

MyFin Desk

losing angel tax benefits startups
X

Summary

  • നിലവില്‍ 30 ശതമാനത്തോളമാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഏഞ്ചല്‍ ടാക്സ്
  • 2012-ല്‍ യുപിഎ സര്‍ക്കാരാണ് ഈ നികുതി കൊണ്ടുവന്നത്


തന്റെ റെക്കോര്‍ഡ് ഏഴാമത്തെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഏഞ്ചല്‍ ടാക്സ് നിര്‍ത്തലാക്കുന്നതായി പ്രഖ്യാപിച്ചു. എല്ലാ വിഭാഗം നിക്ഷേപകര്‍ക്കും ഈ നികുതി എടുത്തുകളയുമെന്നും അവര്‍ പറഞ്ഞു.

ഇഷ്യൂ ചെയ്ത ഷെയറുകളുടെ ഓഹരി വില കമ്പനിയുടെ ന്യായമായ വിപണി മൂല്യത്തേക്കാള്‍ കൂടുതലാണെങ്കില്‍, ഒരു ഇന്ത്യന്‍ നിക്ഷേപകനില്‍ നിന്ന് ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനികള്‍ ഓഹരികള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ സമാഹരിക്കുന്ന മൂലധനത്തിന് ഏഞ്ചല്‍ ടാക്‌സ് ചുമത്തുന്നു. നിലവില്‍ 30 ശതമാനത്തോളം നികുതി നല്‍കണം.

പ്രാരംഭ ഘട്ട സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപകരെ പലപ്പോഴും എയ്ഞ്ചല്‍ നിക്ഷേപകര്‍ എന്ന് വിളിക്കുന്നു, അതിനാല്‍ 'ഏഞ്ചല്‍ ടാക്‌സ്' എന്ന പേര് സ്വീകരിക്കപ്പെട്ടു. യുപിഎ-രണ്ടാം ഭരണകാലത്ത് അന്നത്തെ ധനമന്ത്രി പ്രണബ് മുഖര്‍ജി 2012ലെ കേന്ദ്ര ബജറ്റിലാണ് ഏഞ്ചല്‍ ടാക്‌സ് ആദ്യമായി അവതരിപ്പിച്ചത്.

ബജറ്റ് പ്രഖ്യാപനത്തിന് മുമ്പ്, സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഏഞ്ചല്‍ ടാക്സ് യുക്തിസഹമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിരവധി സ്റ്റാര്‍ട്ടപ്പുകളും വിദഗ്ധരും പറഞ്ഞിരുന്നു. വാസ്തവത്തില്‍, ഫണ്ട് സ്വരൂപിക്കുന്നതില്‍ ഈ നികുതി ഒരു തടസ്സമായി കണ്ട ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണിത്.

ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളെ ഈ വ്യവസ്ഥയില്‍ നിന്ന് 2019ല്‍ കേന്ദ്രം ഒഴിവാക്കിയിരുന്നു.

സ്റ്റാര്‍ട്ടപ്പുകളുടെ ആവശ്യം പോലെ ഏഞ്ചല്‍ ടാക്സ് എടുത്തുകളയാന്‍ വാണിജ്യ മന്ത്രാലയം ശുപാര്‍ശ നല്‍കിയതായി ഈ വര്‍ഷം ആദ്യം ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ അന്തിമ തീരുമാനം ധനമന്ത്രാലയത്തിന്റേതായിരുന്നു.