image

19 Dec 2023 12:50 PM GMT

Economy

ജിഡിപിയില്‍ കാര്‍ഷികമേഖലയുടെ വിഹിതം 15 ശതമാനമായി കുറഞ്ഞു

MyFin Desk

share of agriculture sector dropped to 15 per cent in gdp
X

Summary

  • വ്യാവസായിക,സേവനമേഖലകളിലെ മികച്ചവളര്‍ച്ച കാര്‍ഷിക മേഖലയെ പിന്നിലാക്കി
  • 1990-91ല്‍ കാര്‍ഷികമേഖലയുടെ വിഹിതം 35 ശതമാനമായിരുന്നു
  • ലോകത്തിന്റെ ജിഡിപിയിലും കൃഷിയുടെ പങ്ക് ദശാബ്ദങ്ങളായി കുറഞ്ഞു


2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപിയിലെ കാര്‍ഷികമേഖലയുടെ വിഹിതം 15 ശതമാനമായി കുറഞ്ഞതായി സര്‍ക്കാര്‍ അറിയിച്ചു. 1990-91ല്‍ കാര്‍ഷിക മേഖലയുടെ വിഹിതം 35 ശതമാനമായിരുന്നു. വ്യാവസായിക,സേവനമേഖലകളിലെ മികച്ച വളര്‍ച്ച കാരണം കാര്‍ഷിക മേഖല പിന്നോക്കം പോവുകയായിരുന്നു.

''സമ്പദ്വ്യവസ്ഥയുടെ മൊത്ത മൂല്യവര്‍ധിത (ജിവിഎ) കാര്‍ഷിക വിഹിതം 1990-91ല്‍ 35 ശതമാനത്തില്‍ നിന്ന് 2022-23ല്‍ 15 ശതമാനമായാണ് കുറഞ്ഞത്. കാര്‍ഷിക ജിവിഎയുടെ ഇടിവല്ല, വ്യാവസായിക രംഗത്തെ ദ്രുതഗതിയിലുള്ള വികാസമാണ് ഈ ഇടിവ് പുറത്തുകൊണ്ടുവരുന്നത്'', കേന്ദ്ര കൃഷി മന്ത്രി അര്‍ജുന്‍ മുണ്ട ലോക്‌സഭയില്‍ രേഖാമൂലം മറുപടി നല്‍കി.

'വളര്‍ച്ചാടിസ്ഥാനത്തില്‍, കൃഷിയും അനുബന്ധ മേഖലകളും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ശരാശരി വാര്‍ഷിക വളര്‍ച്ച 4 ശതമാനം രേഖപ്പെടുത്തിയിട്ടുണ്ട്.

'ആഗോളതലത്തില്‍ പരിശോധിക്കുമ്പോള്‍ ലോകത്തിന്റെ ജിഡിപിയില്‍ കൃഷിയുടെ പങ്ക് ദശാബ്ദങ്ങളായി കുറയുകയും സമീപ വര്‍ഷങ്ങളില്‍ ഏകദേശം 4 ശതമാനമായി നിലകൊള്ളുകയും ചെയ്തു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുക, വിഭവ വിനിയോഗ കാര്യക്ഷമത വര്‍ധിപ്പിക്കുക, സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുക, കര്‍ഷകര്‍ക്ക് ആദായകരമായ വില ഉറപ്പാക്കുക എന്നിവയ്ക്കായി സര്‍ക്കാര്‍ നിരവധി വികസന പരിപാടികള്‍, പദ്ധതികള്‍, പരിഷ്‌കാരങ്ങള്‍, നയങ്ങള്‍ എന്നിവ ആവിഷ്‌ക്കരിച്ചതായും മന്ത്രി പറഞ്ഞു.

പിഎം-കിസാന്‍ പദ്ധതി 2019-ലാണ് ആരംഭിച്ചതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ''മൂന്ന് തുല്യ ഗഡുക്കളായി പ്രതിവര്‍ഷം 6,000 രൂപ നല്‍കുന്ന ഒരു വരുമാന സഹായ പദ്ധതിയാണിത്. '2023 നവംബര്‍ 30 വരെ 11 കോടിയിലധികം കര്‍ഷകര്‍ക്ക് ഇതുവരെ 2.81 ലക്ഷം കോടി രൂപ അനുവദിച്ചു,'' മുണ്ട പറഞ്ഞു.