16 Dec 2022 6:11 AM GMT
വിലക്കയറ്റഭീഷണി, യുഎസിന് പിന്നാലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടും യൂറോപ്യന്‍ ബാങ്കും നിരക്കുയര്‍ത്തി
MyFin Desk
പണപ്പെരുപ്പം അതിന്റെ പാരമ്യത്തില്‍ തുടരുമ്പോള്‍ രാജ്യങ്ങള്‍ അതിനെ വരുതിയിലാക്കാന്‍ നിരക്ക് വര്‍ധന തുടരുകയാണ്. പല രാജ്യങ്ങളും ഇത്തവണ നിരക്ക് വര്‍ധനയുടെ തോതില്‍ അല്പം അയവു വരുത്തിയിട്ടുണ്ടെന്ന് മാത്രമാണ് ആശ്വാസം. ഇതേ നിലയില്‍ എത്ര കാലം തുടരേണ്ടി വരും എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം യുഎസ് ഫെഡറൽ റിസേർവ് പലിശ നിരക്ക് ഉയർത്തിയിരുന്നു. തുടർന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടും, യൂറോപ്യന്‍ ബാങ്കും വ്യാഴാഴ്ച നിരക്കുയർത്തി.
ബാങ്ക് ഓഫ് ഇംഗ്ലണ്ടും, യൂറോപ്യന്‍ ബാങ്കും പ്രതീക്ഷിച്ച പോലെ 50 ബേസിസ് പോയിന്റ് വീതമാണ് നിരക്കുയര്‍ത്തിയത്. ഇതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് 3.5 ശതമാനമായി. 2008 ന് ശേഷം ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പണപ്പെരുപ്പ സമ്മര്‍ദ്ദം കുറക്കുന്നതിന് ഇനിയും വര്‍ധന തുടരുമെന്ന മുന്നറിയിപ്പ് നല്‍കിയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടും നിരക്ക് വര്‍ധിപ്പിച്ചിട്ടുള്ളത്. ഈ വര്‍ധനയോടെ ഇസിബി നിരക്ക് 2.5 ശതമായി. ഈ വര്‍ഷം ഇത് നാലാം തവണയാണ് നിരക്കുയര്‍ത്തുന്നത്. പണപ്പെരുപ്പം വരുതിയിലാക്കാന്‍ ആഗോള തലത്തില്‍ ബാങ്കുകള്‍ പലിശ വര്‍ധന തുടരുകയാണ്.
ആര്‍ബിഐ ഈയാഴ്ച പലിശനിരക്ക് 35 ബേസിസ് പോയിന്റാണ് ഉയര്‍ത്തിയത്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ബാങ്ക് നിര്‍ക്കുയര്‍ത്തിയത്. ഇതോടെ പലിശ നിരക്ക് 6.25 ശതമാനമായി. യു എസ് ഫെഡ് ബുധനാഴ്ച 50 ബേസിസ് പോയിന്റും വര്‍ധിപ്പിച്ചു. ഇതിനു തൊട്ടു മുന്‍പ് നാലു തവണയും ഫെഡ് 75 ബേസിസ് പോയിന്റ് വീതമാണ് ഉയര്‍ത്തിയിരുന്നത്. യുഎസിലെ പലിശ നിരക്ക് 4.25-4.50 ശതമാനമായി . കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് അമേരിക്കയില്‍ പലിശ നിരക്ക്.