8 Dec 2023 12:15 PM GMT
Summary
- മെര്‍കോം ക്യാപിറ്റല്‍ ഗ്രൂപ്പാണ് റിപ്പോര്‍ട്ട് തയാറാക്കിയത്
- ആഗോള പട്ടികയില്‍ ഇടം നേടിയ ഏക ദക്ഷിണേഷ്യന്‍ കമ്പനി
- ഫ്രാന്‍സ് ആസ്ഥാനമായുള്ള ടോട്ടല്‍ എനര്‍ജീസ് ആണ് ഒന്നാം സ്ഥാനത്ത്
ആഗോളതലത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ സോളാര്‍ വൈദ്യുത ഉല്‍പാദകരായി മാറി അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്. ശുദ്ധ ഊര്‍ജവുമായി ബന്ധപ്പെട്ട ഗവേഷണ സ്ഥാപനമായ മെര്‍കോം ക്യാപിറ്റല്‍ ഗ്രൂപ്പാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ഫ്രാന്‍സ് ആസ്ഥാനമായുള്ള ടോട്ടല്‍ എനര്‍ജീസ് ആണ് ഒന്നാം സ്ഥാനത്ത്. പുനരുപയോഗ ഊര്‍ജ മേഖലയിലെ സംഭാവനകളും മികച്ച പ്രകടനവും പരിഗണിച്ചാണ് അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന് ഈ നേട്ടം കരസ്ഥമാക്കിയത്. കാനഡ ആസ്ഥാനമായ ബ്രൂക്ക്ഫീല്‍ഡ് റിന്യൂവബിള്‍ പാര്‍ട്‌ണേഴ്‌സാണ് മൂന്നാം സ്ഥാനത്ത്. അദാനി ഗ്രീന്‍ എനര്‍ജിയുടെ മൊത്തം സൗരോര്‍ജ്ജ ശേഷി 18.1 ജിഗാവാട്ടാണ്. ഫ്രാന്‍സ് ആസ്ഥാനമായുള്ള ടോട്ടല്‍ എനര്‍ജീസിന്റെ സൗരോര്‍ജ്ജ ശേഷി 41.3 ജിഗാവാട്ടും ബ്രൂക്ക്ഫീല്‍ഡ് റിന്യൂവബിള്‍ പാര്‍ട്‌ണേഴ്‌സിന്റെ സൗരോര്‍ജ്ജ ശേഷി 18 ജിഗാവാട്ടുമാണ്.
2022 ജൂലൈ മുതല്‍ 2023 ജൂണ്‍ വരെയുള്ള കാലയളവില്‍ ഏറ്റവും മികച്ച 10 സോളാര്‍ നിര്‍മാതാക്കളില്‍ ആറ് പേര്‍ യൂറോപ്പിലും മൂന്ന് പേര്‍ വടക്കേ അമേരിക്കയിലുമാണ്. ആഗോള പട്ടികയില്‍ ഇടം നേടിയ ഏക ദക്ഷിണേഷ്യന്‍ കമ്പനിയാണ് അദാനി ഗ്രീന്‍ എനര്‍ജി.
12 സംസ്ഥാനങ്ങളിലായി 8.4 ജിഗാവാട്ട് ഊര്‍ജപദ്ധതികളാണ് അദാനി ഗ്രീന്‍ എനര്‍ജിക്കുളളത്. 2030 ഓടെ ഊര്‍ജ്ജ സംരംഭങ്ങളില്‍ അദാനി ഗ്രൂപ്പ് 75 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്നും ഇതിലുടെ 45 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ ശേഷി കൈവരിക്കാന്‍ സാധിക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു.