image

21 Jun 2023 10:59 AM IST

Economy

ഇപിഎഫ്ഒ എൻറോൾമെന്റുകളില്‍ വര്‍ധന; പുതുതായി എത്തിയവരില്‍ 54% 18-25 പ്രായക്കാര്‍

MyFin Desk

increase in epfo new registration
X

Summary

  • പുതിയ തൊഴിലാളികളിലെ സ്ത്രീ പ്രാതിനിധ്യം 6 മാസത്തെ ഉയര്‍ച്ചയില്‍
  • അംഗങ്ങളുടെ എണ്ണത്തില്‍ 59.20% സംഭാവന ചെയ്യുന്നത് 5 സംസ്ഥാനങ്ങള്‍
  • മാനുഫാക്ചറിംഗ്, ഐടി മേഖലകളില്‍ കാര്യമായ വര്‍ധന


എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനു (ഇപിഎഫ്ഒ) കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ എണ്ണം ഏപ്രിലിൽ ശ്രദ്ധേയമായ വർധന രേഖപ്പെടുത്തി ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ആദ്യമായി ജോലിക്ക് കയറുന്നവരുടെ വിഹിതം സംഘടിത മേഖലയില്‍ വര്‍ധിക്കുന്നു എന്നു കൂടി വ്യക്തമാക്കുന്നതാണ് ഏപ്രിലിലെ കണക്കുകള്‍.

ചൊവ്വാഴ്ച പുറത്തുവിട്ട താൽക്കാലിക പേറോൾ ഡാറ്റ അനുസരിച്ച്, ഏപ്രിലിൽ 1.72 ദശലക്ഷത്തിന്‍റെ അറ്റ കൂട്ടിച്ചേര്‍ക്കലാണ് ഉണ്ടായത്. മാർച്ചിലിത്1.34 ദശലക്ഷമായിരുന്നുവെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ ഔദ്യോഗിക തൊഴിൽ മേഖല മെച്ചപ്പെടുന്നു എന്നു വ്യക്തമാക്കുന്ന കണക്കുകളാണ് ഇതെന്ന് തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ഏപ്രിലിൽ ചേർക്കപ്പെട്ട 1.72 ദശലക്ഷം വരിക്കാരിൽ, ഏകദേശം 847,000 അംഗങ്ങൾ ഇപിഎഫ്ഒ-യുടെ സാമൂഹ്യ പരിരക്ഷയ്ക്കു കീഴില്‍ ആദ്യമായി എത്തിയവരാണ്. “ഏപ്രിലില്‍ പുതുതായി ചേർക്കപ്പെട്ട അംഗങ്ങളുടെ 54.15% 18-25 വയസ്സ് പ്രായ വിഭാഗത്തിലുള്ളവരാണ്. രാജ്യത്തെ സംഘടിത മേഖലയിലെ തൊഴിലാളികളായി പുതുതായി എത്തുന്ന ഭൂരിഭാഗം പേരും ആദ്യമായി ജോലി കണ്ടെത്തിയവരാണെന്നാണ് ഈ പ്രായപരിധി സൂചിപ്പിക്കുന്നത്," തൊഴിൽ മന്ത്രാലയത്തിന്‍റെ പ്രസ്‍താവനയില്‍ പറയുന്നു.

ഏകദേശം 1.25 ദശലക്ഷത്തോളം പേര്‍ ഇപിഎഫ്‌ഒയില്‍ വീണ്ടുമെത്തിയവരാണ്. അതായത് ഇവര്‍ നേരത്തേ പിഎഫ് ഉള്ള ഒരു സ്ഥാപനത്തില്‍ നിന്ന് പുറത്തു കടക്കുകയും പിന്നീട് വീണ്ടും പിഎഫ് ഉള്ള ഒരു സ്ഥാപനത്തില്‍ തന്നെ എത്തുകയുമായിരുന്നു. പിഎഫ് തുക പിന്‍വലിക്കാതെ അവര്‍ ഫണ്ട് ട്രാൻസ്‍ഫര്‍ വഴി തങ്ങളുടെ അംഗത്വം നിലനിർത്തുകയായിരുന്നു..

ഏപ്രിലിൽ 377,000 പേരാണ് പേ റോള്‍ ഡാറ്റയില്‍ നിന്ന് പുറത്തേക്ക് പോയത്. മാര്‍ച്ചിനെ അപേക്ഷിച്ച് 11.67% കുറവാണിത്. മുന്‍വര്‍ഷം ഏപ്രിലുമായുള്ള താരതമ്യത്തിലും പുറത്തുപോകലുകള്‍ കുറഞ്ഞുവെന്ന് പ്രസ്താവനയിൽ പറയുന്നു. ഏപ്രിലിൽ സ്ത്രീകളുടെ മൊത്തം എൻറോൾമെന്റ് 348,0000 ആയിരുന്നു, മാർച്ചിൽ ഇത് 257,000 ആയിരുന്നു. ഏപ്രിലില്‍ 847,000 പുതിയ അംഗങ്ങള്‍ ചേര്‍ക്കപ്പെട്ടതില്‍ ഏകദേശം 225,000 പേര്‍ സ്ത്രീകളാണ്. മൊത്തം പുതിയ എൻറോൾമെന്റുകളുടെ 26.61% സ്ത്രീ അംഗങ്ങളാണ്.

മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക, ഗുജറാത്ത്, ഡൽഹി എന്നിവയാണ് ഈ മാസത്തെ മൊത്തം അംഗസംഖ്യയുടെ 59.20% സംഭാവന ചെയ്യുന്നത്. മറ്റു സംസ്ഥാനങ്ങളിലേറെയും പേ റോള്‍ ഡാറ്റയുടെ പ്രതിമാസ വര്‍ധന പ്രകടമാക്കുന്നതാണ്. വ്യാവസായിക മേഖല തിരിച്ചുള്ള കണക്കെടുത്താല്‍ മാനുഫാക്ചറിംഗ്, ഐടി അനുബന്ധ മേഖലകളിൽ ഗണ്യമായ വളർച്ച കാണിക്കുന്നു. കമ്പ്യൂട്ടറുകളുടെ നിർമ്മാണം, വിപണനം-സേവനം, ഉപയോഗം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളിലാണ് ഏറ്റവും ഉയർന്ന വളർച്ച പ്രകടമായത്. ഇലക്ട്രിക്കൽ, മെക്കാനിക്കൽ അല്ലെങ്കിൽ ജനറൽ എൻജിനീയറിങ് ഉൽപന്നങ്ങളും വ്യാപാര-വാണിജ്യ സ്ഥാപനങ്ങളും ഇതിന് തൊട്ടുപുറകിലായുണ്ട്.

വസ്ത്ര നിർമ്മാണം, തുണിത്തരങ്ങൾ, കെട്ടിട നിർമ്മാണം, വിദഗ്ധ സേവനങ്ങൾ എന്നിവയും പേ റോള്‍ ഡാറ്റ വളരുന്ന പ്രവണത പ്രകടമാകുന്ന മറ്റ് പ്രധാന വ്യവസായങ്ങളിൽ ഉൾപ്പെടുന്നു.