2 July 2023 6:19 AM
Summary
- വാര്‍ഷികാടിസ്ഥാനത്തില്‍ ഇടപാടുകളുടെ മൂല്യവും എണ്ണവും ഉയര്‍ന്നു
- എഇപിഎസ് ഇടപാടുകളില്‍ ഇടിവ് തുടരുന്നു
- ഫാസ്‍ടാഗ് ഇടപാടുകളിലും ഇടിവ്
യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിന് (യുപിഐ) കീഴിലുള്ള ഇടപാടുകൾ ജൂണില്‍ മുന്‍മാസത്തെ അപേക്ഷിച്ച് 1 % ഇടിഞ്ഞു. മേയിലെ 14.89 ട്രില്യൺ രൂപയുടെ ഇടപാടുകള്‍ നടന്നപ്പോള്‍ ജൂണിൽ അത് 14.75 ട്രില്യൺ രൂപയായി. ഇടപാടുകളുടെ എണ്ണത്തിന്‍റെ കാര്യത്തിലും ഇടിവുണ്ടായി. മെയ് മാസത്തിലെ 9.41 ബില്യണിൽ നിന്ന് ഇടപാടുകളുടെ എണ്ണം ജൂണിൽ 9.33 ബില്യണായി കുറഞ്ഞു.
അതേ സമയം മുന്‍ സാമ്പത്തിക വർഷം ജൂണിനെ അപേക്ഷിച്ച്, ഇടപാടുകളുടെ എണ്ണത്തില്‍ 59 ശതമാനവും മൂല്യത്തിൽ 45 ശതമാനവും വർധനയുണ്ടായെന്നും നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (എന്‍പിസിഐ) നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നു. 2022 ജൂണിൽ മൊത്തം 10.14 ട്രില്യൺ രൂപയുടെ മൂല്യമുള്ള 5.86 ബില്യൺ ഇടപാടുകളാണ് നടന്നത്. 2023 ഏപ്രിലിൽ, 14.07 ട്രില്യൺ രൂപയുടെ മൊത്തം മൂല്യമുള്ള 8.89 ബില്യൺ ഇടപാടുകളാണ് നടന്നത്.
ഇമ്മീഡിയറ്റ് പേയ്‌മെന്റ് സർവീസ് അഥവാ ഐഎംപിഎസ് ഇടപാടുകൾ ജൂണില്‍ 468.1 ദശലക്ഷമാണെന്നും എൻപിസിഐ പങ്കിട്ട ഡാറ്റ വ്യക്തമാക്കുന്നു. മൊത്തം 5 ട്രില്യൺ രൂപയുടെ മൂല്യമുള്ള ഐഎംപിഎസ് ഇടപാടുകളാണ് നടന്നത് . മെയ് മാസത്തിൽ ഐഎംപിഎസ് ഇടപാടുകളുടെ മൊത്തം മൂല്യം 5.26 ട്രില്യണ്‍ രൂപയും എണ്ണം 500 മില്യണും ആയിരുന്നു. ഏപ്രിലിൽ ഇത് യഥാക്രമം 5.21 ലക്ഷം കോടി രൂപയും 496 മില്യണും ആയിരുന്നു. 2022 ജൂണിനെ അപേക്ഷിച്ച് ഐഎംപിഎസ് ഇടപാടുകളുടെ എണ്ണത്തില്‍ 3 ശതമാനവും മൂല്യത്തിൽ 13 ശതമാനവും വളർച്ചയാണ് ഈ വര്‍ഷം ജൂണില്‍ ഉണ്ടായത്.
ഫാസ്‍ടാഗ് ഇടപാടുകളുടെ എണ്ണം, മേയ് മാസത്തിലെ 335 ദശലക്ഷത്തിൽ നിന്ന് ജൂണിൽ 316 ദശലക്ഷമായി കുറഞ്ഞു, 6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ, മേയിലെ 5,437 കോടി രൂപയില്‍ നിന്ന് 4 ശതമാനം കുറഞ്ഞ് ജൂണിൽ 5,196 കോടി രൂപയിലേക്ക് ഫാസ്‍ടാഗ് ഇടപാടുകള്‍ എത്തി.
ജൂണില്‍, ആധാർ എനേബിള്‍ഡ് പേയ്‌മെന്റ് സിസ്റ്റം (എഇപിഎസ്) വഴിയുള്ള ഇടപാടുകള്‍ മേയിലെ 99.6 ദശലക്ഷത്തിൽ നിന്ന് 4 ശതമാനം ഇടിഞ്ഞ് 96 ദശലക്ഷത്തിലേക്ക് എത്തി. മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍, മേയിലെ 28,037 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 5 ശതമാനം കുറഞ്ഞ് 26,526 കോടി രൂപയായി. ഏപ്രിലിൽ മൊത്തം മൂല്യം 29,649 കോടി രൂപ വരുന്ന 102 ദശലക്ഷം എഇപിഎസ് ഇടപാടുകളാണ് നടന്നത്. മുന്‍ വര്‍ഷം ജൂണുമായുള്ള താരതമ്യത്തില്‍ എഇപിഎസ് ഇടപാടുകളുടെ എണ്ണത്തില്‍ 21 ശതമാനവും മൂല്യത്തിൽ 18 ശതമാനവും ഇടിവ് ഉണ്ടായി.
2026-27 ആകുമ്പോഴേക്കും യുപിഐ ഇടപാടുകളുടെ എണ്ണം പ്രതിദിനം ഒരു ബില്യന്‍ ആകുമെന്നാണ് പിഡബ്ല്യുസി ഇന്ത്യയുടെ റിപ്പോര്‍ട്ട് പറയുന്നത്. 2022-23 കാലയളവില്‍ റീട്ടെയില്‍ വിഭാഗത്തിലെ മൊത്തം ഓണ്‍ലൈന്‍ ഇടപാടുകളുടെ 75 ശതമാനം യുപിഐ പേയ്‌മെന്റായിരുന്നു. ഡിജിറ്റല്‍ പേമെന്‍റ് രംഗത്ത് സംഭവിച്ച വലിയ മുന്നേറ്റത്തില്‍ കഴിഞ്ഞ ആറ് വര്‍ഷമായി യുപിഐ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
യുഎസ്, ഓസ്‌ട്രേലിയ, കാനഡ, സിംഗപ്പൂര്‍, ഹോങ്കോങ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ, യുകെ തുടങ്ങിയ 10 രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് (എന്‍ആര്‍ഐ) അവരുടെ ഇന്ത്യന്‍ ഫോണ്‍ നമ്പറിനെ ആശ്രയിക്കാതെ തന്നെ ഇടപാടുകള്‍ക്കായി യുപിഐ സേവനങ്ങള്‍ നിലവില്‍ ആക്സസ് ചെയ്യാന്‍ കഴിയും.