image

21 March 2023 5:57 AM GMT

Banking

79 കോടി വനിതാ അക്കൗണ്ട്, നിക്ഷേപം 34 ലക്ഷം കോടി

MyFin Desk

womens bank account
X

Summary

ആണ്‍ തൊഴിലാളികളുടെ ശരാശരി ഗ്രാമീണ വേതനം ദിവസം 393 രൂപയാണ്. എന്നാല്‍ സ്ത്രീ തൊഴിലാളികളുടേത് 265 രൂപയാണ്. നഗരത്തില്‍ ഇത് യഥാക്രമം 483 ഉം 333 ഉം ആണ്.




രാജ്യത്തെ ഷെഡ്യൂള്‍ഡ്, കൊമേര്‍ഷ്യല്‍ ബാങ്കുകളില്‍ വനിതകളുടെ നിക്ഷേപം 34 ലക്ഷം കോടി രൂപ. ജനുവരി 2023 ലെ കണക്കനുസരിച്ച് ഈ ബാങ്കുകളിലുള്ള ആകെ നിക്ഷേപം 170 ലക്ഷത്തിന് മുകളിലാണ്.

ഇക്കാലയളവില്‍ രാജ്യത്തെ ബാങ്കുകളിലെ ഡിപ്പോസിറ്റ് അക്കൗണ്ടുകളുടെ ആകെ എണ്ണം 225.5 കോടിയാണ്. ഇതില്‍ 79 കോടിയാണ് വനിതകളുടേതായിട്ടുള്ളത്. എന്നാല്‍ വനിതകളുടെ പേരിലുള്ള അക്കൗണ്ടുകളുടെ എണ്ണം മൂന്നിലൊന്ന് വരുമെങ്കിലും ആകെ നിക്ഷേപ തുകയുടെ കാര്യത്തില്‍ പിന്നിലാണ്. രാജ്യത്തെ ബാങ്കുകളിലെ നിക്ഷേപ തുകയുടെ അഞ്ചിലൊന്നാണ് വനിതാ അക്കൗണ്ടുടമകളുടേതായിട്ടുള്ളൂ.

വിമന്‍ ആര്‍ഡ് മെന്‍ ഇന്‍ ഇന്ത്യ 2022 എന്ന പേരില്‍ നാഷണല്‍ സ്റ്റാറ്റസ്റ്റിക്കല്‍ ഓഫീസ് പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ബാങ്ക് നിക്ഷേപങ്ങളിലെ സ്ത്രീ-പുരുഷ വ്യത്യാസം വ്യക്തമാക്കുന്നത്. മാനേജര്‍മാരായി തൊഴിലെടുക്കുന്ന സ്ത്രീകൾ 18.1 ശതമാനമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വെ പ്രകാരം 2021 ജൂലായ് മുതല്‍ 2022 ജൂണ്‍ വരെയുള്ള കാലയളവില്‍ 16.5 ശതമാനം സ്ത്രീകള്‍ക്കാണ് തുടര്‍ച്ചയായി വരുമാനം ലഭിച്ചത്. പുരുഷന്‍മാരുടെ കാര്യത്തിലാകട്ടെ ഇത് 21.5 ശതമാനമാണ്.

റിപ്പോര്‍ട്ട് അനുസരിച്ച് കൂലിയുടെ കാര്യത്തില്‍ വലിയ തോതില്‍ വിവേചനവും ഉണ്ട്. ആണ്‍ തൊഴിലാളികളുടെ ശരാശരി ഗ്രാമീണ വേതനം ദിവസം 393 രൂപയാണ്. എന്നാല്‍ സ്ത്രീ തൊഴിലാളികളുടേത് 265 രൂപയാണ്. നഗരത്തില്‍ ഇത് യഥാക്രമം 483 ഉം 333 ഉം ആണ്.