image

1 March 2025 12:51 PM IST

Economy

ജിഡിപി വളര്‍ച്ചയില്‍ ഉണര്‍വില്ല, മൂന്നാം പാദ വളര്‍ച്ച 6.2 ശതമാനം മാത്രം

T C Mathew

ജിഡിപി വളര്‍ച്ചയില്‍ ഉണര്‍വില്ല, മൂന്നാം പാദ വളര്‍ച്ച 6.2 ശതമാനം മാത്രം
X

Summary

  • വാര്‍ഷിക വളര്‍ച്ച 6.5 ശതമാനമാകും
  • കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 9.5 ശതമാനത്തേക്കാള്‍ കുറവ്


ഒക്ടോബര്‍-ഡിസംബര്‍ (മൂന്നാം) പാദത്തില്‍ ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉല്‍പാദനം) വളര്‍ച്ച 6.2 ശതമാനം. തൊട്ടുതലേ പാദത്തേക്കാള്‍ മെച്ചമാണെങ്കിലും കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 9.5 ശതമാനത്തേക്കാള്‍ ഗണ്യമായി കുറവാണു വളര്‍ച്ച. വളര്‍ച്ചനിരക്ക് 6.5 ശതമാനത്തിനടുത്തു വരുമെന്നു ഗവണ്മെന്റ് നേരത്തേ പ്രതീക്ഷിച്ചിരുന്നു. രണ്ടാം പാദത്തിലെ 5.6 ശതമാനത്തേക്കാള്‍ ഉയര്‍ന്നു എന്നതാണ് ഏക ആശ്വാസ ഘടകം.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട കണക്കാണിത്. മാര്‍ച്ച് 31 ന് അവസാനിക്കുന്ന ധനകാര്യ വര്‍ഷം പ്രതീക്ഷിക്കുന്ന വളര്‍ച്ച 6.5 ശതമാനമാണ്. ജനുവരിയില്‍ എന്‍എസ്ഒ കണക്കാക്കിയത് 6.4 ശതമാനം വളര്‍ച്ചയായിരുന്നു. ജിഡിപി വളര്‍ച്ചയില്‍ ഈ ധനകാര്യ വര്‍ഷം തുടങ്ങിയപ്പോള്‍ മുതലുള്ള തളര്‍ച്ച തുടരുന്നു എന്നാണ് ഇതെല്ലാം കാണിക്കുന്നത്. ഈ വര്‍ഷവും അടുത്ത വര്‍ഷവും ജിഡിപി വളര്‍ച്ച 6.5 ശതമാനത്തിനടുത്തു മാത്രമാകും എന്നാണു റേറ്റിംഗ് ഏജന്‍സികള്‍ വിലയിരുത്തിയിട്ടുള്ളത്.

പുതിയ കണക്കനുസരിച്ച് മൂന്നാം പാദ ജിഡിപി സ്ഥിരവിലയില്‍ 47.17 ലക്ഷം കോടി രൂപ വരും. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 44.44 ലക്ഷം കോടി ആയിരുന്നു. തന്നാണ്ടു വിലയില്‍ ജിഡിപി 77.10 ലക്ഷം കോടിയില്‍ നിന്ന് 84.74 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. വളര്‍ച്ച 9.9 ശതമാനം. തന്നാണ്ടു വിലയില്‍ നിന്ന് വിലക്കയറ്റത്തിന്റെ അംശം ഒഴിവാക്കിയുള്ളതാണു സ്ഥിരവിലയിലേത്. 2011-12 ലെ വിലനിലവാരം വച്ചാണു സ്ഥിരവിലയിലെ കണക്ക്.

ഇതോടൊപ്പം 2023-24 ലെ ജിഡിപി കണക്ക് പരിഷ്‌കരിച്ചിട്ടുമുണ്ട്. ഇതനുസരിച്ച് അക്കൊല്ലത്തെ ജിഡിപി വളര്‍ച്ച 8.2 നു പകരം 9.2 ശതമാനമായി. 12 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വളര്‍ച്ചയാണിത്. 2021-22ല്‍ വളര്‍ച്ച 9.7 ശതമാനം ഉണ്ടെങ്കിലും അതു തലേ വര്‍ഷം നെഗറ്റീവ് വളര്‍ച്ച ഉണ്ടായിരുന്നതു കൊണ്ടാണ്.

പരിഷ്‌കരിച്ച കണക്കനുസരിച്ച് 2023-24 ലെ മൂന്നാം പാദത്തിലെ വളര്‍ച്ച 9.5 ശതമാനം ഉണ്ടായിരുന്നു. അതിന്റെ മുന്നില്‍ രണ്ടു ഭാഗം വളര്‍ച്ചയേ (6.2%) ഇത്തവണ ഉണ്ടായുള്ളൂ. 9.5 ശതമാനത്തില്‍ നിന്നു 3.3 ശതമാനം കുറവാണ് 6.2 ശതമാനം.

നവംബറിലെ എന്‍എസ്ഒ കണക്കനുസരിച്ച് ജൂലൈ - സെപ്റ്റംബറില്‍ ജിഡിപി വളര്‍ച്ച 5.4 ശതമാനമായിരുന്നു. ഏഴു പാദങ്ങളിലെ ഏറ്റവും താഴ്ന്ന നിലയായിരുന്നു അത്. ആ വളര്‍ച്ചക്കണക്ക് 5.6 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.

വാര്‍ഷികവളര്‍ച്ച 6.5 ശതമാനം വരണമെങ്കില്‍ ജനുവരി - മാര്‍ച്ച് കാലയളവില്‍ 7.6 ശതമാനം വളര്‍ച്ച ഉണ്ടാകണം. അതിലേക്ക് എത്താന്‍ പറ്റും എന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരന്‍ അഭിപ്രായപ്പെട്ടു. വളര്‍ച്ച കുറവാണെങ്കിലും ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച നിരക്ക് ഉള്ള രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.