11 Jan 2024 11:09 AM GMT
Summary
- നഗരത്തിലെ ലൈറ്റുകൾ മുഴുവൻ എൽഇഡി ലൈറ്റുകളാക്കി മാറ്റും
- 2,000 സ്മാർട്ട് എനർജി മീറ്ററുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും
- വൈദ്യുതി ബില്ലിൽ 11.5 കോടിയുടെ ലാഭം ലഭിക്കുമെന്ന് മേയർ
കൊച്ചി നഗരത്തിലെ ലൈറ്റുകൾ മുഴുവൻ എൽഇഡി ലൈറ്റുകളാക്കി മാറ്റുന്നതിനുള്ള പദ്ധതി നഗരസഭ നടപ്പിലാക്കുന്നു. 40 കോടി രൂപ ചെലവിൽ 40,400 എൽഇഡി ലൈറ്റുകളാണ് സ്ഥാപിക്കുക. 2024 ജൂണിന് മുൻപായി പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
വൈദ്യുതി മന്ത്രാലയം നിർദേശിക്കുന്ന 150 ലുമെൻസ് പെർ വാട്ട് സ്പെസിഫിക്കേഷനോടെയുള്ള എൽഇഡി ലൈറ്റുകളാണ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്നത്.
2,000 സ്മാർട്ട് എനർജി മീറ്ററുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുന്നതോടെ വൈദ്യുതി ബില്ലിൽ 11.5 കോടിയുടെ ലാഭം ലഭിക്കുമെന്നാണ് കൊച്ചി മേയർ അഡ്വ അനിൽ കുമാർ അറിയിച്ചത്. കൊച്ചി കോർപ്പറേഷൻ പരിതിയിലെ 2,263 പ്രദേശിക റോഡുകളിലും 102 പ്രധാന റോഡുകളിലും 223 ചെറിയ റോഡുകളിലും മൂന്ന് സംസ്ഥാന പാതയിലും മൂന്ന് ദേശീയ പാതയിലുമാണ് എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുക.
പദ്ധതി യാഥാർഥ്യമാകുന്നതോടെ വൈദ്യുതി ബില്ലിനത്തിൽ തന്നെ പദ്ധതിയുടെ മുടക്കുമുതലും ലാഭവും കോർപ്പറേഷന് തന്നെ ലഭിക്കുമെന്നും മേയർ വ്യക്തമാക്കി.
സി എസ് എം ൽ ന്റെ കീഴിൽ ഇക്കഴിഞ്ഞ നവംബറിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. നിലവിൽ കൊച്ചിൻ ഷിപ്പിയാർഡിന് മുന്നിലും എംജി റോഡിലും വെണ്ടുരുത്തി പാലത്തിലും സഹോദരൻ അയ്യപ്പൻ റോഡിലും സൗത്ത് മേൽപാലത്തിലുമാണ് പരീക്ഷണാടിസ്ഥാനത്തിൽ എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.