image

1 July 2023 10:36 AM

Economy

ജൂണില്‍ ജിഎസ്‍ടി സമാഹരണത്തില്‍ 12% വളര്‍ച്ച

MyFin Desk

ജൂണില്‍ ജിഎസ്‍ടി സമാഹരണത്തില്‍ 12% വളര്‍ച്ച
X

Summary

  • ആദ്യ പാദത്തിലെ ശരാശരി സമാഹരണം 1.69 ലക്ഷം കോടി രൂപ
  • ഏപ്രിലിൽ ജിഎസ്‍ടി വരുമാനം റെക്കോഡ് തലത്തില്‍ എത്തിയിരുന്നു
  • ഈ വര്‍ഷം മേയുമായുള്ള താരതമ്യത്തിലും സമാഹരണം ഉയര്‍ന്നു


ചരക്കുസേവന നികുതി സമാഹരണം ജൂണിൽ വാര്‍ഷികാടിസ്ഥാനത്തില്‍ 12 ശതമാനം ഉയർന്ന് 1.61 ലക്ഷം കോടി രൂപയായി ഉയർന്നതായി ധനമന്ത്രാലയം അറിയിച്ചു. ആറ് വർഷം മുമ്പ് 2017 ജൂലൈ 1-ന് ജിഎസ്‍ടി സംവിധാനം നിലവിൽ വന്നതിന് ശേഷം മൊത്തം ജിഎസ്‍ടി കളക്ഷൻ ഇത് നാലാം തവണയാണ് 1.60 ലക്ഷം കോടി രൂപ കവിയുന്നത്. 2023-24 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലെ (ഏപ്രിൽ-ജൂൺ) ശരാശരി പ്രതിമാസ മൊത്ത ജിഎസ്‍ടി കളക്ഷൻ 1.69 ലക്ഷം കോടി രൂപയാണ്. 2021-22, 2022-23, വര്‍ഷങ്ങളിലിത് യഥാക്രമം 1.10 ലക്ഷം കോടി രൂപ, 1.51 ലക്ഷം കോടി രൂപ എന്നിങ്ങനെ ആയിരുന്നു.

"2023 ജൂണിൽ സമാഹരിച്ച മൊത്ത ജിഎസ്‍ടി വരുമാനം 1,61,497 കോടി രൂപയാണ്, അതിൽ കേന്ദ്ര ജിഎസ്‍ടി 31,013 കോടി രൂപയും സംസ്ഥാന ജിഎസ്‍ടി 38,292 കോടി രൂപയും സംയോജിത ജിഎസ്‍ടി 80,292 കോടി രൂപയുമാണ് (ഇറക്കുമതിയിൽ ശേഖരിച്ച ചരക്കുകളുടെ 39,035 കോടി രൂപ ഉൾപ്പെടെ). സെസ് 11,900 കോടി രൂപയാണ് (ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് ശേഖരിച്ച 1,028 കോടി രൂപ ഉൾപ്പെടെ)," ധനമന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ പറയുന്നു. ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെ) മുന്‍ വർഷം ജൂണിനെ അപേക്ഷിച്ച് 18 ശതമാനം വര്‍ധിച്ചു.

ഇക്കഴിഞ്ഞ ഏപ്രിലിൽ ജിഎസ്‍ടി വരുമാനം 1.87 ലക്ഷം കോടി രൂപയെന്ന റെക്കോർഡ് ഉയരത്തില്‍ എത്തിയിരുന്നു. മേയിൽ ഇത് 1.57 ലക്ഷം കോടി രൂപയായിരുന്നു.