22 May 2023 10:38 AM
Summary
- ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടായി 500 രൂപ
- 2000-ന്റെ 6.73 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ പ്രചാരത്തിലുണ്ടായിരുന്നു
- ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വാര്‍ത്ത 1000 രൂപ പുനരവതരിക്കുമോ എന്നാണ്
2000 രൂപ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഈ മാസം 19-ന് രാത്രിയാണ് പ്രഖ്യാപിച്ചത്. ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ 2000 രൂപയുടെ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പൊതുജനങ്ങള്‍ക്ക് സമയം അനുവദിച്ചു കൊണ്ടാണ് പ്രഖ്യാപനം നടത്തിയത്.
ഈ പ്രഖ്യാപനം സാധാരണക്കാരില്‍ വലിയ ഞെട്ടലോ പരിഭ്രാന്തിയോ ഉണ്ടാക്കിയില്ലെന്നതാണു വാസ്തവം. കാരണം 2000 രൂപ മറ്റ് നോട്ടുകളെ അപേക്ഷിച്ച് പ്രചാരത്തില്‍ കുറവായിരുന്നു എന്നതാണ്. മാത്രമല്ല, 2016-ല്‍ 500,1000 രൂപ നോട്ടുകള്‍ ഒറ്റരാത്രിയില്‍ അസാധുവാക്കിയതു പോലെയുള്ള നടപടികള്‍ ഇക്കാര്യത്തില്‍ ഉണ്ടായില്ല. ഇതിനു പുറമെ 2016-നെ അപേക്ഷിച്ച് ഡിജിറ്റല്‍ ട്രാന്‍സാക്ഷന്റെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധന 2023-ല്‍ സംഭവിച്ചിട്ടുമുണ്ട്.
2000 രൂപ പിന്‍വലിച്ചതോടെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടായി 500 രൂപ മാറുകയാണ്. എന്നാല്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വാര്‍ത്ത 1000 രൂപ പുനരവതരിപ്പിക്കുമോ എന്നതാണ്. ഇതു സംബന്ധിച്ച ചോദ്യം ആര്‍ബിഐ ഗവര്‍ണര്‍ എസ്.കെ. ദാസിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് അത്തരം റിപ്പോര്‍ട്ടുകള്‍ വെറും ഊഹാപോഹം മാത്രമാണെന്നാണ്.
ഇപ്പോള്‍ അങ്ങനെയൊരു ആലോചന ഇല്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
2000 രൂപ കറന്‍സി നോട്ട് പിന്‍വലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണ് ആര്‍ബിഐ ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്.
' 2016-നവംബറിലാണ് 2000 രൂപ കറന്‍സി നോട്ട് അവതരിപ്പിച്ചത്. 2016 നവംബര്‍ എട്ടിന് രാജ്യത്ത് 500, 1000 രൂപ കറന്‍സി നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ കറന്‍സി നോട്ടുകളുടെ വലിയൊരു ആവശ്യകത സാമ്പത്തികമേഖലയ്ക്ക് ഉണ്ടായിരുന്നു. ആ ആവശ്യകത നിറവേറ്റുന്നതിനു വേണ്ടിയാണ് 2000 രൂപ പുറത്തിറക്കാന്‍ ആര്‍ബിഐ തീരുമാനിച്ചത്. അന്നത്തെ ലക്ഷ്യം പൂര്‍ത്തീകരിക്കുകയും മതിയായ അളവില്‍ മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകള്‍ ലഭ്യമാവുകയും ചെയ്തതോടെ 2018-19 സാമ്പത്തികവര്‍ഷാവസനത്തോടെ 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിവച്ചെന്നും ' ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.
2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ നാല് മാസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും അതിനാല്‍ ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രവാസി ഇന്ത്യക്കാര്‍ക്കും എച്ച്-1 ബി വീസക്കാര്‍ക്കും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
2000-ന്റെ 6.73 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ പ്രചാരത്തിലുണ്ടായിരുന്നു. എന്നാല്‍ 3.62 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനത്തോടെ 2000 രൂപയുടെ ഭൂരിഭാഗം കറന്‍സി നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.