image

2 Sep 2023 5:37 AM GMT

News

ഇനി മണ്‍സൂണ്‍ ശക്തിപ്രാപിക്കുമെന്ന് സൂചന

MyFin Desk

India monsoon forecast
X

Summary

  • ഓഗസ്റ്റ് മാസത്തില്‍ മഴയുടെ 35ശതമാനം കുറവാണ് രാജ്യത്തുണ്ടായത്
  • രാജ്യത്തെ 40ശതമാനം ഭക്ഷ്യോല്‍പ്പാദനവും മഴയെ ആശ്രയിച്ച്
  • ജലസംഭരണികളില്‍ മൊത്തത്തില്‍ 21ശതമാനം കുറവ് രേഖപ്പെടുത്തി


കടന്നുപോയത് മഴയൊഴിഞ്ഞ ഓഗസ്റ്റാണ്. കൃത്യമായി പറഞ്ഞാല്‍ 1901-ന്ശേഷം ഏറ്റവും കുറഞ്ഞ മഴ കിട്ടിയ ഓഗസ്റ്റ്. താപനിലയോ, വേനല്‍ക്കാലത്തെ മറികടക്കുന്ന നിലയിലും.

സാധാരണ ഓഗസ്റ്റില്‍ ലഭിക്കേണ്ടിയിരുന്ന മഴയേക്കാള്‍ 36 ശതമാനം കുറവാണ് കിട്ടിയത്. ലഭിച്ചത് 162.7 മില്ലീമീറ്റര്‍. സാധാരണ ലഭിച്ചിരുന്നത് 254.9 മില്ലിമിറ്റര്‍ ആണ്.സമീപകാലത്തെ ഏറ്റവും കുറഞ്ഞ ഓഗസ്റ്റ് മഴ 2005-ലെ 191.2 മില്ലീമീറ്ററാണ്.

മഴക്കുറവ് ഓഗസ്റ്റില്‍ ചൂടും വര്‍ധിപ്പിച്ചു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ശരാശരി ചൂട് 32.09 ഡിഗ്രിയിലേക്ക് ഉയര്‍ന്നു. ഏറ്റവും കുറഞ്ഞ ശരാശരി ചൂട് 24.7 ഡിഗ്രിയും. ഇവ രണ്ടും 122 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്നവയാണ്.

ഓഗസ്റ്റിലെ വരണ്ട ദിനങ്ങള്‍

ഓഗസ്റ്റിലെ ഭൂരിപക്ഷം ദിവസങ്ങളിലും സാധാരണയിലും താഴ്ന്ന മഴയാണ് രാജ്യത്ത് ലഭിച്ചത്. ഈ കാലയളവില്‍ മഴയ്ക്ക് 20 ദിവസത്തെ ഇടവേളകളുണ്ടായി. മഴ പെയ്യാത്ത ദിവസങ്ങളുടെ എണ്ണത്തെയാണ് ഇടവേള ദിവസങ്ങള്‍ സൂചിപ്പിക്കുന്നത്. കനത്ത മഴ (115.6 മുതല്‍ 204.5 മില്ലിമീറ്റര്‍ വരെ) പെയ്ത ദിവസങ്ങളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. ഈ വര്‍ഷം 401 തവണയാണ് ഓഗസ്റ്റില്‍ കനത്തമഴ രേഖപ്പെടുത്തിയത്. ഇത് കഴിഞ്ഞ വര്‍ഷം 552 ആയിരുന്നു.

ഈ മണ്‍സൂണില്‍ മഴലഭ്യതയില്‍ വലിയ വ്യതിയാനങ്ങളാണ് സംഭവിച്ചത്. ജൂണില്‍ ഒന്‍പത് ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയപ്പോള്‍ ജൂലൈയില്‍ അത് 13ഉം ഓഗസ്റ്റില്‍ 36ലേക്കും എത്തി. സാധാരണ മണ്‍സൂണ്‍ മഴയുടെ 30 ശതമാനവും ലഭിക്കുന്നത് ഓഗസ്റ്റിലാണ്.

വരണ്ടുണങ്ങി കേരളം

കേരളം, ഗുജറാത്ത്് എന്നീ സംസ്ഥാനങ്ങളില്‍ ഓഗസ്റ്റില്‍ 90 ശതമാനത്തോളം മഴക്കുറവുണ്ടായപ്പോള്‍ കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 50 ശതമാനത്തിലധികം കുറവുണ്ട്. ശൈത്യകാലത്ത് മഴയുടെ ഭൂരിഭാഗവും ലഭിക്കുന്ന തമിഴ്നാട്ടില്‍ 23 ശതമാനത്തിന്റെ കുറവുണ്ട്. എല്‍ നിനോ സാഹചര്യങ്ങള്‍ ആണ് ഈ വരണ്ട കാലാവസ്ഥയ്ക്ക് കാരണമായി വിദഗ്ധര്‍ പറയുന്നത്.

മഴ ഇതുവരെ

ജൂണ്‍ ഒന്നുമുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കണക്കെടുത്താല്‍ 10 ശതമാനം മഴക്കുറവ് രാജ്യത്തുണ്ടായി. ഈ കാലയളവില്‍ ലഭിച്ചത് 629.7 മില്ലീമീറ്ററാണ്. സധാരണ ലഭിക്കേണ്ടത് 700.7 മില്ലീമീറ്ററാണ്.

ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ മഴക്കുറവ് അനുഭവപ്പെട്ടത് കേരളത്തിലാണ്. നല്‍പ്പത്തിയെട്ടു ശതമാനം. സാധാരണ ലഭിക്കുന്ന 1759 മില്ലീമീറ്ററിന്റെ സ്ഥാനത്ത് കിട്ടിയത് 915 മില്ലീമീറ്ററാണ്. മണിപ്പൂരില്‍ 46 ശതമാനവും ജാര്‍ഖണ്ഡില്‍ 37 ശതമാനവും ബീഹാറില്‍ 27 ശതമാനവും ത്രിപുരയില്‍ 26 ശതമാനവും ഛത്തീസ് ഗഡിലും കര്‍ണാടകയിലും 20 ശതമാനവും വീതമാണ് മഴക്കുറവ്.

ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് ഹിമാചല്‍ പ്രദേശിലാണ്. സാധാരണയേക്കാള്‍ 31 ശതമാനം അധികമഴ ( 808 മില്ലീമീറ്റര്‍) ഇവിടെ കിട്ടി. മറ്റ് സംസ്ഥാനങ്ങളിലെല്ലാം നേരിയ ഏറ്റക്കുറച്ചിലോടെ സാധാരണപോലെ മണ്‍സൂണ്‍ ലഭിച്ചു.

സെപ്റ്റംബര്‍ തുണയ്ക്കുമോ?

എന്നാല്‍ ഇനി മഴയുടെ വരവാണെന്നാണ് കാലാവസ്ഥ വകുപ്പു നല്‍കുന്ന സൂചന. സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ത്തന്നെ മണ്‍സൂണ്‍ വീണ്ടും ശക്തിപ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹപത്ര അറിയിച്ചു.

സെപ്റ്റംബറിലെ മഴ രാജ്യമൊട്ടാകെ സാധാരണ നിലയിലായിരിക്കും. സെപ്റ്റംബറില്‍ രാജ്യത്ത് 167.9 മില്ലിമീറ്റര്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബറില്‍ കനത്ത മഴ ലഭിച്ചാല്‍പ്പോലും ജൂണ്‍-സെപ്റ്റംബര്‍ സീസണിലെ ദീര്‍ഘകാലശരാശരിയേക്കാള്‍ ( 889 മില്ലീമീറ്റര്‍) താഴെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മൊഹാപത്ര പറഞ്ഞു.

കൃഷിയെ ബാധിക്കും

രാജ്യത്തു ലഭിക്കുന്ന മഴയുടെ 80 ശതമാനത്തോളം മണ്‍ൂസണ്‍ കാലത്താണ് ലഭിക്കുന്നത്. കുടിവെള്ളത്തിന്റെ 70 ശതമാനവും നല്‍കുന്നത് മണ്‍സുണ്‍ ആണ്.

മണ്‍സൂണിലുണ്ടായ കുറവ് ഈ വര്‍ഷത്തെ ഖാരിഫ് വിളയിറക്കലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പരിപ്പ്, പയറുവര്‍ഗങ്ങളുടെ വിതയ്ക്കല്‍ കുറഞ്ഞു. പുതിയ കണക്കുകള്‍ പ്രകാരം നെല്‍വിത്ത് വിതയ്ക്കല്‍ 3.6 ശതമാനം വര്‍ധിച്ച് 105.5 ദശലക്ഷം ഹെക്ടറായിട്ടുണ്ട്.

ഖാരിഫ് വിളയിറക്കിയിട്ടുള്ള മഹാരാഷ്ട്ര, മധ്യപ്രദേശം, ഗുജറാത്ത്,രാജസ്ഥാന്‍, കര്‍ണാടക, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഴ ഇപ്പോള്‍ ഏറ്റവും അത്യാവശ്യഘടകമാണ്. മഴ കിട്ടിയില്ലെങ്കില്‍ അതു ഖാരിഫ് ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കും.

ഇന്ത്യയുടെ കാര്‍ഷിക ഭൂപ്രകൃതിക്ക് സാധാരണ മഴ നിര്‍ണായകമാണ്. രാജ്യത്തെ കൃഷിയിടത്തിന്റെ 52 ശതമാനവും ഭക്ഷ്യോല്‍പ്പാദന കൃഷിയിടത്തിന്റെ 40 ശതമാനവും മഴയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്് എന്നറിയുമ്പോള്‍ വരള്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍ എത്രത്തോളം ഉണ്ടെന്ന് മനസിലാകും.

ഈ കാലത്ത് ലഭിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങളിലെ കുറവ് വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും ഇടയാക്കും. ഭക്ഷ്യേതര കാര്‍ഷികോത്പാദനം കുറയുന്നത് പല വ്യവസായമേഖകളേയും പ്രതിസന്ധിയിലാക്കും.ഇത് സമ്പദ് വ്യവസ്ഥയുടെ സുഗമമായ മുന്നോട്ടുള്ള പോക്കിനെ തടസപ്പെടുത്തും. കൂടാതെ ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയ്ക്കും സാമ്പത്തിക സുസ്ഥിരതയ്ക്കും വെല്ലുവിളിയാവുകയും ചെയ്യും.

വെള്ളം കുറവ്

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ വന്‍ അണക്കെട്ടുകളിലെ ജല നില വലിയ തോതില്‍ താഴെയാണ്. ഓഗസ്റ്റ് 31-ന് രാജ്യത്തെ 150 വലിയ അണക്കെട്ടുകളിലെ ജലനിരപ്പ് സ്റ്റോറേജ് ശേഷിയുടെ 63 ശതമാനമാണെന്ന് സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നു. ഈ അണക്കെട്ടുകളുടെ മൊത്തം സംംഭരണ ശേഷി 178.79 ബിസിഎം (ബില്യണ്‍ ക്യുബിക് മീറ്റര്‍) ആണ്്. ഇപ്പോഴുള്ളത് 113.42 ബിസിഎം ആണ്. മുന്‍വര്‍ഷം ഓഗസ്റ്റിലിത് 146.83 ബിസിഎം ആയിരുന്നു. നൂറ്റമ്പത് അണക്കെട്ടുകളില്‍ 80 ശതമാനത്തിലും സ്റ്റോറേജ് ശേഷിയുടെ 50 ശതമാനത്തില്‍ താഴയേ ജലമുള്ളു.

കേരളത്തിലെ അണക്കെട്ടുകളുടെ മൊത്തം സ്റ്റോറേജ് ശേഷിയുടെ ( 3.829 ബിസിഎം) 51 ശതമാനം വെള്ളമേയുള്ളു മുന്‍വര്‍ഷം ഇതേ കാലയളവില്‍ 3.101 ബിസിഎം വെള്ളമുണ്ടായിരുന്നു. സ്റ്റോറേജ് ശേഷിയുടെ 45 ശതമാനം വെള്ളമാണ് ഇടുക്കിയിലുള്ളത്. മലമ്പുഴയില്‍ 44 ശതമാനവും.

എല്‍ നിനോ

തെക്കേ അമേരിക്കയ്ക്കടുത്തുള്ള പസഫിക് സമുദ്രത്തിലെ ജലത്തിന്റെ ചൂട് വര്‍ധിക്കുന്നതിനെയാണ് എല്‍ നിനോ സൂചിപ്പിക്കുന്നത്. ഇത് പൊതുവെ ദുര്‍ബലമാകുന്ന മണ്‍സൂണ്‍ കാറ്റുമായും ഇന്ത്യയിലെ വരണ്ട കാലാവസ്ഥയുമായും ബന്ധപ്പെട്ടിരിക്കുന്നു. എല്‍ നിനോ അവസ്ഥ കൂടുതല്‍ തീവ്രമാകുമെന്നും അടുത്ത വര്‍ഷം ആദ്യം വരെയും 2023-24 ലെ ശൈത്യകാല മാസങ്ങളിലും തുടരുമെന്നുമാണെന്ന് ഐഎംഡി പറയുന്നു.

നിലവില്‍, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബോര്‍ഡര്‍ലൈന്‍ പോസിറ്റീവ് ഐഒഡി സാഹചര്യങ്ങള്‍ നിലവിലുണ്ട്. ഈ പോസിറ്റീവ് ഐഒഡി സാഹചര്യങ്ങള്‍ വരും മാസങ്ങളില്‍ ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറും കിഴക്കും ഭാഗങ്ങള്‍ തമ്മിലുള്ള സമുദ്രോപരിതല താപനിലയിലെ വ്യത്യാസത്തെയാണ് ഐഒഡി ( ഇന്ത്യന്‍ ഓഷന്‍ ഡൈപോള്‍) നിര്‍വചിക്കുന്നത്. ഐഒഡി പോസിറ്റീവ് ആയിരിക്കുമ്പോള്‍, ഇന്ത്യയില്‍ മഴ പെയ്യുന്നു. ഇതാണ് സെപ്റ്റംബറില്‍ രാജ്യത്ത് മഴലഭിക്കും എന്ന് ഐഎംഡി പറയുന്നതിന് കാരണം.