Summary
- ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച എവ്ിടെയായിരിക്കും എന്ന് ട്രംപ് വ്യക്തമാക്കിയില്ല
- ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനും യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുന്നതിനുമാണ് മോദി യുഎസില്‍ എത്തുന്നത്
- യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നാലാമത് 'ക്വാഡ് ലീഡേഴ്സ് സമ്മിറ്റിന്' ആതിഥേയത്വം വഹിക്കും
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്.
ഇന്ത്യയുമായുള്ള യുഎസ് വ്യാപാരത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് മിഷിഗണില്‍ നടന്ന പ്രചാരണ പരിപാടിയില്‍ പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ച ട്രംപ് പ്രഖ്യാപിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അതിശയകരമായ നേതൃത്വമാണ് മോദിയുടേതെന്നാണ് ട്രംപ് പരിപാടിയില്‍ മോദിയെ വിശേഷിപ്പിച്ചത്. എന്നാല്‍, ഇരു നേതാക്കളും എവിടെ വച്ച് കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
വാര്‍ഷിക ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മോദി സെപ്റ്റംബര്‍ 21 മുതല്‍ മൂന്ന് ദിവസത്തെ യുഎസ് സന്ദര്‍ശനം നടത്തും.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഡെലവെയറില്‍ നാലാമത് 'ക്വാഡ് ലീഡേഴ്സ് സമ്മിറ്റിന്' ആതിഥേയത്വം വഹിക്കും. മോദിക്കും ബൈഡനും പുറമെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസും ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും പങ്കെടുക്കും.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലെ 'ഭാവിയുടെ ഉച്ചകോടി'യെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. കൂടാതെ, സെപ്റ്റംബര്‍ 22 ന് ന്യൂയോര്‍ക്കില്‍ അദ്ദേഹം ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയയ്ുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
2020 ഫെബ്രുവരിയില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാള്‍ഡ് ട്രംപും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിലെ വഴിത്തിരിവാകുന്ന നിമിഷമെന്നാണ് പ്രധാനമന്ത്രി മോദി ഇതിനെ വിശേഷിപ്പിച്ചത്.
2019ല്‍ ജി-20 ഉച്ചകോടിക്ക് മുന്നോടിയായി ജപ്പാനിലെ ഒസാക്കയില്‍ ട്രംപുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. 2017ല്‍ മനിലയില്‍ ആസിയാന്‍ ഉച്ചകോടിക്കിടെയും നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.