24 March 2025 3:09 PM
തുടര്‍ച്ചയായ ഏഴാം ദിവസവും ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം. 37 പൈസയുടെ നേട്ടത്തോടെ 85.61 എന്ന നിലയിലാണ് ഇന്ന് രൂപയുടെ വ്യാപാരം അവസാനിച്ചത്. ആഭ്യന്തര മാർക്കറ്റുകളിലെ പോസിറ്റീവ് പ്രവണതയും പുതിയ വിദേശ മൂലധന വരവും ആഗോള ക്രൂഡ് വില നിലവാരത്തിലെ ഇടിവും രൂപയുടെ നേട്ടത്തിന് കാരണമായി.
ഇന്ന് 85.93 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം ആരംഭിച്ചത്. ഒരുഘട്ടത്തില്‍ 85.49 എന്ന നിലയിലേക്ക് ഉയര്‍ന്ന ശേഷമാണ് 85.61ല്‍ ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 38 പൈസ ഉയർന്ന് 85.98 ലാണ് ക്ലോസ് ചെയ്തത്. ഏഴുദിവസത്തിനിടെ 154 പൈസയുടെ മുന്നേറ്റമാണ് രൂപ കാഴ്ചവെച്ചത്. ഇതോടെ 2025ല്‍ ഇതുവരെയുള്ള നഷ്ടത്തില്‍ നിന്ന് കര കയറിയിരിക്കുകയാണ് രൂപ.
അതേസമയം ആറ് കറൻസികളുടെ ഒരു ബാസ്‌ക്കറ്റിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.09 ശതമാനം കുറഞ്ഞ് 103.99 ൽ വ്യാപാരം നടത്തി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ്, ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ ബാരലിന് 0.54 ശതമാനം ഉയർന്ന് 72.55 ഡോളറിലെത്തി.
ഓഹരി വിപണിയിൽ സെൻസെക്സ് 1078.87 പോയിന്റ് അഥവാ 1.40 ശതമാനം ഉയർന്ന് 77,984.38 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 307.95 പോയിന്റ് അഥവാ 1.32 ശതമാനം ഉയർന്ന് 23,658.35 പോയിന്റിൽ ക്ലോസ് ചെയ്തു.