16 Sep 2023 1:46 PM GMT
മ്യൂച്വല്‍ ഫണ്ട് അക്കൗണ്ടുണ്ടോ? എങ്കില്‍ സെപ്റ്റംബര്‍ 30 നകം ഈ സെബി നിര്‍ദ്ദേശം പാലിക്കണം
MyFin Desk
Summary
- സെപ്റ്റംബര്‍ 30 നകം ചെയ്തില്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കാതെ വന്നേക്കാം.
- ഓണ്‍ലൈനോ ഓഫ്‌ലൈനോ ആയോ ചെയ്യാന്‍ അവസരമുണ്ട്.
മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്തുന്നവര്‍ ഇതുവരെ നോമിനി വിവരങ്ങള്‍ നല്‍കിയില്ലെ? സെപ്റ്റംബര്‍ 30 നകം നോമിനി വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ട് ഫോളിയോകള്‍ മരവിപ്പിക്കുമെന്നാണ് സെബിയുടെ (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നിര്‍ദ്ദേശം. ഇനി നോമിനി വിവരങ്ങള്‍ നല്‍കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഓപ്റ്റ് ഔട്ട് ഓപ്ഷന്‍ സ്വീകരിക്കാം. ഇതില്‍ ഏതെങ്കിലുമൊന്ന് സെപ്റ്റംബര്‍ 30 നകം ചെയ്തില്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കാതെ വന്നേക്കാം.
ഈ വര്‍ഷം മാര്‍ച്ച് 28 ന് സെബി പുറത്തിറക്കിയ സര്‍ക്കുലറില്‍ ജൂണ്‍ 15 വരെയായിരുന്നു ആദ്യം നോമിനി വിവരങ്ങള്‍ നല്‍കാനുള്ള കാലാവധി നല്‍കിയിരുന്നത്. പിന്നീടത് സെപ്റ്റംബര്‍ 30 വരെ നീട്ടുകയായിരുന്നു.ഡീമാറ്റ് അക്കൗണ്ടിലും നോമിനിയെ ഉള്‍പ്പെടുത്തണമെന്നത് നിര്‍ബന്ധമാണ്. അക്കൗണ്ട് ഉടമ മരിച്ചാലും നിക്ഷേപം അര്‍ഹരായവരുടെ കയ്യില്‍ എത്താന്‍ സഹായിക്കുന്നതാണ് ഈ നിര്‍ദ്ദേശം. മ്യൂച്വല്‍ ഫണ്ട് വാങ്ങിയ ബ്രോക്കര്‍ അല്ലെങ്കില്‍ ഡെപ്പോസിറ്ററി പങ്കാളികള്‍ അല്ലെങ്കില്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകള്‍ വഴിയോ നോമിനിയെ ഉള്‍പ്പെടുത്താം. അതിന് ഓണ്‍ലൈനോ ഓഫ്‌ലൈനോ ആയി ഈ സേവനം പ്രയോജനപ്പെടുത്താം.
ജോയിന്റ് അക്കൗണ്ടാണെങ്കില്‍ ജോയിന്റ് അക്കൗണ്ടിലെ എല്ലാ ഉടമകള്‍ക്കും ചേര്‍ന്ന് ഒരു നോമിനിയെ നിര്‍ദ്ദേശിക്കാം. അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ മരണമടഞ്ഞാല്‍ ഈ തുക നോമിനിക്ക് ലഭിക്കും. കാംസ്, കെഫിന്‍ടെക് എന്നിവ ഓണ്‍ലൈനായി നോമിനിയെ ഉള്‍പ്പെടുത്താനുള്ള അവസരം നല്‍കുന്നുണ്ട്. കാംസില്‍ ഓണ്‍ലൈനായി നോമിനിയെ ഉള്‍പ്പെടുത്തുന്നതിന് ആദ്യം വെബ്‌സൈറ്റില്‍ കയറിയ ശേഷം നോമിനിയെ ഉള്‍പ്പെടുത്താനുള്ള ലിങ്കില്‍ അല്ലെങ്കില്‍ ഓപ്റ്റ് ഔട്ട് ഡിക്ലറേഷനില്‍ ക്ലിക്ക് ചെയ്യാം. അതിനുശേഷം ആഡ് നോമിനി എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യാം. അതിനുശേഷം നോമിനിയുടെ വിവരങ്ങള്‍ നല്‍കാം. നിലവിലുള്ള നോമിനിയെ മാറ്റാനാണെങ്കില്‍ അതും ചെയ്യാം.എല്ലാ ബ്രോക്കറേജ് സ്ഥാപനങ്ങളും ഈ സേവനം അവയുടെ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിലൂടെ ഓണ്‍ലൈനായി തന്നെ നല്‍കുന്നുണ്ട്.