20 Sep 2024 8:37 AM GMT
Summary
ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 1930 എന്ന നമ്പറിൽ ബന്ധപ്പെടുക
ഫർണിച്ചർ കമ്പനിയുടെ പേരിൽ വരുന്ന എസ്എംഎസ് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പൊലീസ്. പ്രമുഖ കമ്പനിയുടെ പേരിൽ വരുന്ന എസ്എംഎസ് ക്ലിക്ക് ചെയ്യുന്നതോടെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുകയും പിന്നീട് ഇതുവഴി പണം തട്ടുകയും ചെയ്യുന്നു. 2027ൽ ആരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫർണിച്ചർ കമ്പനിയിൽ ജോലി ലഭിക്കുന്നതിന് ഫർണിച്ചർ ബുക്ക് ചെയ്യിക്കുകയാണ് തട്ടിപ്പുകാരുടെ ആദ്യത്തെ ലക്ഷ്യം. തുടർന്നുള്ള ഓരോ ബുക്കിങ്ങിനും ലാഭവിഹിതം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് മണിച്ചെയിൻ മാതൃകയിലാണ് തട്ടിപ്പ്. പ്രാഥമിക വിവരപ്രകാരം 4500 ലധികം പേരില്‍ നിന്നായി 80 കോടിയിലധികം തുക തട്ടിപ്പുകാര്‍ കൊണ്ടുപോയി എന്നാണ് കണക്ക്. ഈ സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
തട്ടിപ്പ് രീതി
വ്യാജ വെബ്‌സൈറ്റ് മുഖാന്തിരം അക്കൗണ്ട് ആരംഭിക്കാൻ അവർ പ്രേരിപ്പിക്കുന്നു. ഈ വെബ്സൈറ്റ് വഴി ലാഭവിഹിതം മനസിലാക്കാമെന്ന് തട്ടിപ്പുകാർ വിശ്വസിപ്പിക്കുന്നു. ഫർണിച്ചർ വാങ്ങുന്നതിന് പുറമെ കൂടുതൽ ആളുകളെ ചേർക്കണമെന്നും ഇത്തരത്തിൽ ചേർക്കുന്ന ഓരോരുത്തരും ഫർണിച്ചർ വാങ്ങുമ്പോൾ നിങ്ങൾക്ക് ലാഭവിഹിതം ലഭിച്ചുകൊണ്ടിരിക്കുമെന്നും പറഞ്ഞു വിശ്വസിപ്പിക്കുന്നു. വളരെ വൈകിയാകും ഇത് തട്ടിപ്പാണെന്ന് മനസിലാവുക.
ഇത്തരത്തിലുളള തട്ടിപ്പിൽ നിരവധി പേരാണ് ഇപ്പോൾ വഞ്ചിതരാകുന്നത്. ഇത്തരത്തിലുള്ള വെബ് സൈറ്റുകളുടെ ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ഇത്തരം ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന സൗജന്യ നമ്പറിൽ ബന്ധപ്പെടുകയോ https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ പരാതികൾ നൽകാവുന്നതാണ്.