21 July 2023 4:12 PM IST
Summary
- സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണമെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍
- ആവശ്യം അഞ്ച് ശതമാനം ലാഭവിഹിതം
- പണിമുടക്ക് ഒഴിവാക്കാന്‍ അവസാന ശ്രമങ്ങളും നടക്കുന്നു
പാക്കിസ്ഥാനിലെ പെട്രോളിയം ഡീലര്‍മാര്‍ ശനിയാഴ്ച മുതല്‍ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചു. ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ലാഭവിഹിതം വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. നിലവില്‍ ഡീലര്‍മാര്‍ നഷ്ടം നേരിട്ടുകൊണ്ടിരിക്കുകയാണ്. അവസാന നിമിഷവും പണിമുടക്ക് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്.
രണ്ട് പ്രധാന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ തങ്ങളുടെ ലാഭവിഹിതം അഞ്ച് ശതമാനമായി ഉയര്‍ത്താന്‍ സര്‍ക്കാരിന് സാധിക്കാത്തതില്‍ പാക്കിസ്ഥാന്‍ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ (പിപിഡിഎ) ചെയര്‍മാന്‍ സമിയുള്ള ഖാന്‍ നിരാശപ്രകടിപ്പിച്ചു.
നിലവില്‍ ലാഭവിഹിതം ലിറ്ററിന് 6 രൂപയായാണ്(2.4 ശതമാനം) നിശ്ചയിച്ചിരിക്കുന്നത്. നിലവിലുള്ള പെട്രോള്‍, ഡീസല്‍ വില യഥാക്രമം 253 രൂപയും 253.50 രൂപയും കണക്കിലെടുക്കുമ്പോള്‍, 5 ശതമാനം മാര്‍ജിന്‍ എന്നത് ലിറ്ററിന് 12 രൂപയ്ക്ക് മുകളിലായിരിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇപ്പോള്‍ പുതുതായി നിശചയിച്ചിരിക്കുന്ന രീതി പ്രകാരം ജൂലൈ 16 മുതല്‍ ഡീലര്‍മാര്‍ക്ക് ക്ലെയിം ചെയ്ത 6 രൂപയ്ക്ക് പകരം 7 രൂപ/ലിറ്ററിന് ലഭിക്കുന്നുണ്ടെന്നാണ് അധികൃതരുടെ വാദം. എന്നിരുന്നാലും, 2022 ഏപ്രിലില്‍ അധികാരമേറ്റതിന് ശേഷം ഷെഹ്ബാസ് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനമാണ് അഞ്ച് ശതമാനം ലാഭവിഹിതം. എന്നാല്‍ ഈ 7രുപ അവര്‍ മുന്നോട്ടുവെച്ച വാഗ്ദാനത്തില്‍ നിന്ന് വളരെ കുറവാണ്.
സംസ്ഥാന മന്ത്രി (പെട്രോളിയം ഡിവിഷന്‍) മുസാദിക് മാലിക് ശനിയാഴ്ച കറാച്ചിയില്‍ വച്ച് അസോസിയേഷന്‍ ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. എന്നാല്‍ കൂടിക്കാഴ്ച നടന്നില്ലെങ്കില്‍ , മതപരമായ പരിപാടിയെ ബാധിക്കില്ലെന്ന് ഉറപ്പാക്കാന്‍ ജൂലൈ 28-29 വരെ ഒഴികെ ബാക്കിദിവസങ്ങളില്‍ സമരം തുടരും.
ബിസിനസ് ചെയ്യുന്നതിനുള്ള ചെലവ് വര്‍ധിക്കുന്നത് ഡീലര്‍മാരെ നഷ്ടത്തിലേക്ക് തള്ളിവിടുകയാണ്. വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നത് ഡീലര്‍മാരെ പ്രതിസന്ധിയിലാക്കിയെന്നും പാര്‍ലമെന്റിന്റെ കാലാവധി അടുത്ത മാസം അവസാനിക്കുമെന്നും മാധ്യമറിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അടുത്ത തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് വരെ കെയര്‍ടേക്കര്‍ സെറ്റപ്പിലുള്ള സര്‍ക്കാര്‍ സംവിധാനം മൂന്ന് മുതല്‍ ആറ് മാസം വരെ തങ്ങളെ അനിശ്ചിതത്വത്തിലാക്കിയേക്കുമെന്ന് ഡീലര്‍മാര്‍ ഭയപ്പെടുന്നു.
ഡീലര്‍മാര്‍ക്ക് മറ്റൊരു വെല്ലുവിളി ഉയര്‍ത്തുന്നത് ഇറാനിയന്‍ കള്ളക്കടത്ത് ഉല്‍പ്പന്നങ്ങള്‍, പ്രത്യേകിച്ച് ഡീസലിന്റെ പ്രാദേശിക വിപണികളിലെ സാന്നിധ്യമാണ്. ഇത് വില്‍പ്പനയില്‍ 30 ശതമാനത്തോളം കുറവുണ്ടാക്കിയതായി പറയുന്നു. നിലവിലെ മാര്‍ജിന്‍ അനുസരിച്ച്, ഫില്ലിംഗ് സ്റ്റേഷനുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് മിക്കവാറും അസാധ്യമാണെന്നും ഡീലര്‍മാര്‍ പറയുന്നു.
രാജ്യവ്യാപകമായി 12,000 ഫില്ലിംഗ് സ്റ്റേഷനുകളുണ്ടെന്നും അതില്‍ പതിനായിരത്തോളം പേര്‍ അസോസിയേഷനില്‍ അംഗങ്ങളാണെന്നും പിപിഡിഎ ചെയര്‍മാന്‍ പറഞ്ഞു.
ഭയാനകമായ പണപ്പെരുപ്പ നിരക്ക്, മെയ് മാസത്തില്‍ ആറ് പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 38 ശതമാനത്തിലെത്തി. വാര്‍ഷിക ശരാശരി പണപ്പെരുപ്പം 2022 ലെ 11 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈവര്‍ഷം29 ശതമാനമായി ഉയര്‍ന്നു. പവര്‍, ഗ്യാസ് താരിഫുകളും വര്‍ധിച്ചു.
പണിമുടക്കുണ്ടായാല്‍ നിലവിലെ പണപ്പെരുപ്പവും മറ്റ് അവശ്യവസ്തുക്കളുടെ വിലയും ഉയരും. അത് നിലവിലെ സാഹചര്യത്തില്‍ സാമ്പത്തികമായി തകര്‍ന്ന പാക്കിസ്ഥാന് താങ്ങാനാവില്ല.