1 April 2024 3:32 PM IST
Summary
- ചൈനീസ് പ്രകോപനം ഇന്ത്യ തള്ളിക്കളഞ്ഞു
- പുതിയ പേരുകള്‍ മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഭീഷണി
- ചൈന സ്വയം അപഹാസ്യരാകുന്നതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം
അരുണാചല്‍പ്രദേശിലെ 30 സ്ഥലങ്ങള്‍ക്കുകൂടി പേരിട്ട് ചൈന. സംസ്ഥാനത്തിനുമേലുള്ള അവകാശം വീണ്ടും ആവര്‍ത്തിച്ചു വ്യക്തമാക്കുന്ന നയത്തിന്റെ ഭാഗമായാണ് ഈ പ്രകോപനം എന്ന് കരുതുന്നു. അരുണാചല്‍ സംബന്ധിച്ച് ചൈന നാലാമത്തെ പട്ടികയാണ് പുറത്തിറക്കിയത്. അതേസമയം അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പുനര്‍നാമകരണം ഇന്ത്യ തള്ളിക്കളഞ്ഞു. സംസ്ഥാനം രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ചൈന 'കണ്ടുപിടിച്ച' പേരുകള്‍ നല്‍കുന്നത് ഈ യാഥാര്‍ത്ഥ്യത്തെ മാറ്റുന്നില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
അരുണാചല്‍ പ്രദേശിലെ ദക്ഷിണ ടിബറ്റിന്റെ ഭാഗമായാണ് ചൈന കാണുന്നത്. ഇക്കാര്യം വളരെ മുന്‍പുതന്നെ ന്യൂഡെല്‍ഹി തളളിയതാണ്. സ്ഥലങ്ങളുടെ പുതിയ പട്ടിക ഇപ്പോള്‍ ചൈനീസ് സിവില്‍ അഫയേഴ്സ് മന്ത്രാലയം പുറത്തിറക്കിയതായി ഗ്ലോബല്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.
മെയ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന, നടപ്പാക്കല്‍ നടപടികള്‍ ആര്‍ട്ടിക്കിള്‍ 13 ല്‍ 'ചൈനയുടെ പ്രാദേശിക അവകാശവാദങ്ങള്‍ക്കും പരമാധികാര അവകാശങ്ങള്‍ക്കും ഹാനികരമായേക്കാവുന്ന വിദേശ ഭാഷകളിലെ സ്ഥലപ്പേരുകള്‍ നേരിട്ട് ഉദ്ധരിക്കുകയോ അനുമതിയില്ലാതെ വിവര്‍ത്തനം ചെയ്യുകയോ ചെയ്യരുത്,' റിപ്പോര്‍ട്ട് പറയുന്നു.
സംസ്ഥാനത്തിന്റെ പേരുതന്നെ ചൈന മാറ്റിയതായി പ്രഖ്യാപിച്ചിരുന്നു. അരുണാചല്‍ പ്രദേശില്‍ 13,000 അടി ഉയരത്തില്‍ നിര്‍മ്മിച്ച സേല ടണല്‍ രാജ്യത്തിന് സമര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദര്‍ശനത്തിനെതിരെ ബെയ്ജിംഗ് ഇന്ത്യയെ പ്രതിഷേധം അറിയിച്ചതോടെയാണ് സംസ്ഥാനത്തിന് മേലുള്ള അവകാശവാദം വീണ്ടും ഉന്നയിക്കാന്‍ ചൈന വീണ്ടും തുടങ്ങിയത്. തന്ത്രപരമായി സ്ഥിതി ചെയ്യുന്ന തവാങ്ങിലേക്ക് എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി നല്‍കുന്ന തുരങ്കം അതിര്‍ത്തി മേഖലയിലൂടെ സൈനികരുടെ മികച്ച സഞ്ചാരം ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രദേശത്തെക്കുറിച്ചുള്ള ചൈനയുടെ അവകാശവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി ചൈന തുടര്‍ന്ന് പ്രസ്താവനകളുടെ ഒരു കുത്തൊഴുക്ക് തന്നെ പുറപ്പെടുവിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ മാര്‍ച്ച് 23 ന് അരുണാചല്‍ പ്രദേശിനെക്കുറിച്ചുള്ള ചൈനയുടെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍ 'പരിഹാസ്യമാണ്' എന്നും അതിര്‍ത്തി സംസ്ഥാനം 'ഇന്ത്യയുടെ സ്വാഭാവിക ഭാഗം' ആണെന്നും വ്യക്തമാക്കിയിരുന്നു.
ഇതൊരു പുതിയ വിഷയമല്ലെന്നും ഇപ്പോള്‍ ചൈന അവരുടെ അവകാശ വാദങ്ങള്‍ വിപുലീകരിച്ച് സ്വയം പരിഹാസ്യരാകുന്നുവെന്നും ജയ്ശങ്കര്‍ സിംഗപ്പൂരിലെ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്ത്യ സ്ഥിരതയുള്ള നിലപാടാണ് കൈക്കൊള്ളുന്നത്. അതിര്‍ത്തി ചര്‍ച്ചകളുടെ ഭാഗമായും ഇന്ത്യ സ്ഥിരത പുലര്‍ത്തുന്നു.
അരുണാചല്‍ പ്രദേശിനെ ഇന്ത്യന്‍ ഭൂപ്രദേശത്തിന്റെ ഭാഗമായി അംഗീകരിച്ച അമേരിക്കയുടെ പ്രസ്താവനയും ബെയ്ജിംഗിനെ ചൊടിപ്പിച്ചിരുന്നു. അതേസമയം ചൈന-ഇന്ത്യ അതിര്‍ത്തി പ്രശ്‌നം ഇരു രാജ്യങ്ങളും തമ്മിലുള്ള വിഷയമാണെന്നും വാഷിംഗ്ടണുമായി ഒരു ബന്ധവുമില്ലെന്നും യുഎസ് പ്രസ്താവനയെ ചൈനീസ് വിദേശ, പ്രതിരോധ മന്ത്രാലയങ്ങള്‍ വിമര്‍ശിച്ചു.