image

16 Oct 2023 1:09 PM IST

News

ഇന്ത്യ-പാക് മത്സരം: സ്ട്രീമിംഗില്‍ റെക്കോര്‍ഡിട്ട് ഡിസ്‌നി

MyFin Desk

india-pak match recorded by disney on streaming
X

Summary

ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ മൊബൈല്‍ ആപ്പില്‍ സൗജന്യമായി കാണാനാകും


ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്താനും ഒക്ടോബര്‍ 14ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ആദ്യമായി ഏറ്റുമുട്ടിയപ്പോള്‍ ഗ്ലോബല്‍ സ്ട്രീമിംഗ് വ്യൂവര്‍ഷിപ്പില്‍ ഒരു പുതിയ റെക്കോര്‍ഡാണു പിറവിയെടുത്തത്.

മത്സരം നടക്കുമ്പോള്‍, ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ പീക്ക് കണ്‍കറന്‍സി 3.5 കോടിയായിരുന്നു. ഒരു തത്സമയ സ്ട്രീമിംഗ് നടക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാര്‍ വരുന്നതാണ് പീക്ക് കണ്‍കറന്‍സി.

ഈ വര്‍ഷം നടന്ന ഐപിഎല്ലിന്റെ ഫൈനല്‍ മത്സരത്തില്‍ പീക്ക് കണ്‍കറന്‍സി 3.2 കോടിയിലെത്തിയിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലായിരുന്നു ഫൈനല്‍ മത്സരം.

കഴിഞ്ഞ മാസം നടന്ന ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയപ്പോള്‍ പീക്ക് കണ്‍കറന്‍സി 2.8 കോടിയായിരുന്നു.

സ്മാര്‍ട്ട്‌ഫോണും കണക്റ്റഡ് ഡിവൈസും

ഡിജിറ്റല്‍ വ്യൂവര്‍ഷിപ്പില്‍ വന്‍ കുതിപ്പാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്മാര്‍ട്ട്‌ഫോണ്‍, കണക്റ്റ് ചെയ്ത ഡിവൈസുകള്‍ എന്നിവയില്‍ മത്സരം കാണാനുള്ള ഇന്ത്യക്കാരുടെ താല്‍പര്യമാണ് ഇതിലൂടെ പ്രകടമായത്.

ക്രിക്കറ്റ് ഇന്ത്യയില്‍ വന്‍ പ്രചാരമുള്ള കായികഇനമാണ്. ചിരവൈരികളായ ഇന്ത്യയുടെയും പാകിസ്താന്റെയും ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആവേശം വാനോളം എത്താറുമുണ്ട്. ഇതാകട്ടെ പലപ്പോഴും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍, റിലയന്‍സ് ജിയോ സിനിമ പോലുള്ള സ്ട്രീമിംഗ് കമ്പനികള്‍ക്ക് ഗുണകരമാവുകയും ചെയ്യുന്നു.

തത്സമയ സംപ്രേക്ഷണവും

ഒക്ടോബര്‍ 14ലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ഡിസ്‌നി സ്റ്റാര്‍ അവരുടെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍ ലൈവ് ടെലികാസ്റ്റും ചെയ്തിരുന്നു. ഇതിന്റെ കണക്ക് അടുത്തയാഴ്ച ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്ക്) പുറത്തുവിടും.

ഇന്ത്യ-പാക് മത്സരം പ്രമുഖ മള്‍ട്ടിപ്ലക്സ് ഓപ്പറേറ്ററായ പിവിആര്‍ ഐനോക്സ് അവരുടെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഏകദേശം 300 കോടി ഡോളറിന് 2027 അവസാനം വരെ എല്ലാ ഐസിസി ഇവന്റുകളുടെയും ഡിജിറ്റല്‍, ടെലിവിഷന്‍ അവകാശങ്ങള്‍ ഡിസ്‌നി സ്റ്റാറാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഇപ്പോള്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ മൊബൈല്‍ ആപ്പില്‍ സൗജന്യമായി കാണാനാകും.