image

24 Aug 2024 7:15 AM GMT

News

സർക്കാർ ആശുപത്രികളിൽ ഡിജിറ്റലായി പണമടയ്ക്കാൻ സംവിധാനം വരുന്നു: മന്ത്രി വീണാ ജോർജ്

MyFin Desk

govt hospitals to go digital, pay online
X

Summary

  • ക്യൂ ഒഴിവാക്കാൻ ഓൺലൈൻ അഡ്വാൻസ് അപ്പോയിൻമെന്റും സ്‌കാൻ ആൻഡ് ബുക്ക് സംവിധാനവും
  • ചികിത്സാ വിവരങ്ങൾ രോഗിയ്ക്ക് നേരിട്ട് കാണാൻ മൊബൈൽ ആപ്പ്


സർക്കാർ ആശുപത്രികളിൽ വിവിധ സേവനങ്ങൾക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പി.ഒ.എസ്. മെഷീൻ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഇ ഹെൽത്ത് പദ്ധതി നടപ്പിൽ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള എല്ലാ സർക്കാർ ആശുപത്രികളിലും ആദ്യ ഘട്ടത്തിൽ നടപ്പിലാക്കും. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, യുപിഐ മുതലായവ വഴി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ആദ്യഘട്ടമായി ഇ ഹെൽത്ത് നടപ്പിലാക്കിയ 63 ആശുപത്രികളിലാണ് ഈ സംവിധാനമൊരുക്കുക. ഇതിനായി 249 പി.ഒ.എസ്. മെഷീനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിലൂടെ ഡിജിറ്റലായി തന്നെ പെയ്മെന്റ് നടത്താവുന്നതാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഓൺലൈൻ സംവിധാനത്തിലൂടെ മുൻകൂറായി ഒ.പി. ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യം പൊതുജനങ്ങൾക്ക് ലഭ്യമാക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. 624 ആശുപത്രികളിലാണ് ഇ ഹെൽത്ത് സജ്ജമാക്കിയിരിക്കുന്നത്. ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കിയിട്ടുള്ള എല്ലാ ആശുപത്രികളിലും ഈ സേവനം ലഭ്യമാക്കി വരുന്നു. ഇ- ഹെൽത്ത് പദ്ധതി നടപ്പിലാക്കിയിട്ടില്ലാത്ത താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള എല്ലാ സർക്കാർ ആശുപത്രികളിലും ഈ സംവിധാനം നടപ്പിലാക്കുന്നതാണ്. ആദ്യഘട്ടമായി ഇ ഹെൽത്ത് ഇല്ലാത്ത 80 ആശുപത്രികളിൽ കൂടി ഈ സംവിധാനം സജ്ജമാക്കും. മുൻകൂറായി ടോക്കൺ എടുക്കുന്നതിനോടൊപ്പം ആശുപത്രിയിൽ ഒ.പി. ടിക്കറ്റിന് തുക ഈടാക്കുന്നുണ്ടെങ്കിൽ അത് ഓൺലൈനായി തന്നെ അടയ്ക്കുന്നതിനുള്ള സൗകര്യവും ലഭ്യമാകും.

സർക്കാർ ആശുപത്രിയിൽ ഡോക്ടറുടെ സേവനം തേടുന്നതിനായി ആശുപത്രിയിൽ വരുന്ന പൊതുജനങ്ങൾക്ക് ക്യൂ നിൽക്കാതെ തന്നെ ആശുപത്രിയിൽ പ്രദർശിപ്പിച്ചിട്ടുള്ള ക്യു.ആർ. കോഡ് സ്‌കാൻ ചെയ്ത് ഒ.പി. ടിക്കറ്റ് എടുക്കാനുള്ള സൗകര്യവും നടപ്പിലാക്കും. ഈ സംവിധാനം ആദ്യഘട്ടമെന്ന നിലയിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കിയിട്ടുള്ള എല്ലാ ആശുപത്രികളിലും അതോടൊപ്പം ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കിയിട്ടില്ലാത്ത താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ് വരെയും നടപ്പിലാക്കുന്നതാണ്.

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഒരു മൊബൈൽ ആപ്പ് കൂടി ഇ-ഹെൽത്ത് സജ്ജമാക്കി വരുന്നു. ഇ-ഹെൽത്ത് സൗകര്യമുള്ള ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ ഹെൽത്ത് റെക്കോർഡ്, ലാബ് റിപ്പോർട്ട്, ഫാർമസി റിപ്പോർട്ട് എന്നിവ ഈ മൊബൈൽ ആപ്പിലൂടെ രോഗിക്ക് കാണാൻ സാധിക്കും. ഈ മൊബൈൽ ആപ്പ് വഴിയും ഓൺലൈൻ ടിക്കറ്റെടുക്കുന്നതിനും അതിനുള്ള തുക അടയ്ക്കുന്നതിനുമുള്ള സൗകര്യമുണ്ടായിരിക്കും. ഇതുകൂടാതെ ഇ-ഹെൽത്ത് പോർട്ടൽ വഴിയും ഈ സേവനങ്ങൾ ലഭ്യമാകും.