image

10 Nov 2023 10:35 AM

News

ഡിജിറ്റല്‍ ഫ്രീ ഉല്ലാസത്തിനായി കുട്ടികള്‍ക്ക് ഒരു പാര്‍ക്ക് ' കിഡ്‌സ് ക്യാപിറ്റല്‍ '

MyFin Desk

park for kids kids capital for digital free fun
X

Summary

കൊച്ചിയില്‍ ഇരുമ്പനത്ത് ഹൈ സ്ട്രീറ്റ് കാര്‍ണിവല്‍ മാളിലാണ് ഈ വേറിട്ട സംരംഭം


ഡിജിറ്റല്‍ ഡിവൈസുകളുടെ സഹായമില്ലാതെ കുട്ടികള്‍ക്ക് കളിക്കാനും ചിരിക്കാനും ഉല്ലസിക്കാനും ഒരിടം ഒരുക്കിയിരിക്കുകയാണ് ദീപ എന്ന സംരംഭക.

കൊച്ചിയില്‍ ഇരുമ്പനത്ത് ഹൈ സ്ട്രീറ്റ് കാര്‍ണിവല്‍ മാളിലാണ് ഈ വേറിട്ട സംരംഭം.

11,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഈ കിഡ്‌സ് പാര്‍ക്ക് പൂര്‍ണമായും എയര്‍ കണ്ടീഷന്‍ഡ് ആണ്. പ്ലേ ഏരിയയ്ക്കു പുറമെ, ഫുഡ് കഫെ, 50 പേര്‍ക്ക് വരെ പങ്കെടുക്കാവുന്ന പാര്‍ട്ടി ഹാള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

കുട്ടികളുടെ ജന്മദിനമോ മറ്റ് വിശേഷ കാര്യങ്ങളുമായോ ബന്ധപ്പെട്ട ആഘോഷങ്ങള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടി ഹാള്‍ ഒരുക്കിയിരിക്കുന്നത്. തീം ബേസ്ഡ് ആയി പാര്‍ട്ടി ഹാളിനെ സജ്ജീകരിക്കാനും ഇവിടെ സംവിധാനമുണ്ട്.

പ്ലേ ഏരിയയില്‍ ഒരു ടിക്കറ്റിന് ഒരു കുട്ടിക്കും മാതാപിതാക്കള ില്‍ ഒരാള്‍ക്കും പ്രവേശനം അനുവദിക്കും. ഒരു മണിക്കൂറിന് 500 രൂപയാണ് ഫീസ്. ഒരേ സമയം 250 പേരെ ഉള്‍ക്കൊള്ളാന്‍ ഈ കിഡ്‌സ് പാര്‍ക്കിനു സാധിക്കും.

സാധാരണ ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 8 വരെയും, ഞായര്‍, മറ്റ് അവധി ദിനങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 9 വരെയുമാണ് പ്രവര്‍ത്തന സമയം.

നവീന ആശയം

ഡിജിറ്റല്‍ ഡിവൈസുകളില്‍ നിന്നും മുക്തമായൊരു കളിസ്ഥലം കുട്ടികള്‍ക്ക് നല്‍കുന്നതിലൂടെ നവീനമായൊരു ആശയമാണു സംരംഭകയായ ദീപ ഒരുക്കിയിരിക്കുന്നത്. കൊച്ചിയില്‍ ഇത്തരത്തിലൊരു ആശയം തന്നെ ആദ്യമാണ്.


ദീപ

ഡിജിറ്റല്‍ ഡിവൈസുകള്‍ മുക്തമാണെങ്കിലും ഈ പാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്ന കളി ഉപകരണങ്ങള്‍ ലോകോത്തരമാണ്. ഭൂരിഭാഗം ഉപകരണങ്ങളും ഇറക്കുമതി ചെയ്തവയുമാണ്.

ഇവിടെയുള്ള കളി ഉപകരണങ്ങള്‍ ഉന്നത ഗുണനിലവാരമുള്ളവയാണ്. കളിപ്പാട്ടങ്ങളും, പ്രതലവും, കളി ഉപകരണങ്ങളും ക്ലീനിംഗിലൂടെ രോഗാണു മുക്തമാക്കുന്നു. ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ച ജീവനക്കാരുമുണ്ട്.

സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍, ക്യാമറ നിരീക്ഷണ സംവിധാനം തുടങ്ങിയവ സുരക്ഷയ്ക്കായി ഈ പാര്‍ക്കില്‍ വിന്യസിച്ചിട്ടുണ്ട്.

കുട്ടികളുടെ ഭാവന ശേഷി, കലാപരമായ കഴിവുകള്‍ എന്നിവയ്ക്കായി പസ്സില്‍, സാന്‍ഡ് പ്ലേ ഒയാസിസ്, കളിമണ്‍ സൃഷ്ടികള്‍ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.

സംരംഭകയുടെ റോളില്‍ ആദ്യം

കൊല്ലം സ്വദേശിയും കൊച്ചിയില്‍ സ്ഥിരതാമസമാക്കുകയും ചെയ്ത ദീപയാണ് ഈ ആശയത്തിന്റെ ഉടമ.

ബിടെക് പഠനത്തിനു ശേഷം വീട്ടമ്മയുടെ റോളിലേക്ക് ഒതുങ്ങിയിരിക്കുകയായിരുന്നു ദീപ. കുട്ടികള്‍ക്കായി എന്തെങ്കിലുമൊരു ആശയം അവതരിപ്പിക്കണമെന്ന ചിന്ത ദീപയ്ക്കുണ്ടായിരുന്നു. ആലോചന അവസാനിച്ചത് ഡിജിറ്റല്‍ മുക്തമായൊരു കളിസ്ഥലം ഒരുക്കുക എന്നതിലായിരുന്നു. ആ സ്വപ്‌നമാണ് ഇപ്പോള്‍ സാക്ഷാത്കരിച്ചിരിക്കുന്നത്. ദീപയുടെ സംരംഭത്തിന് എല്ലാവിധ പിന്തുണയുമായി കുടുംബം കൂടെയുണ്ട്.