21 Aug 2023 12:05 PM
Summary
- കാനറ ഡിജിറ്റല്‍ റൂപീ എന്നാണ് ആപ്ലിക്കേഷന്റെ പേര്.
- ഇടപാടുകള്‍ സുരക്ഷിതമാക്കുന്നതിനും ഉപഭോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനും ആപ്ലിക്കേഷനില്‍ ഒന്നിലധികം ഓതന്റിക്കേഷനും എന്‍ക്രിപ്ഷനും ഉണ്ട്.
യുപിഐ ഉപയോഗിച്ച് മൊബൈല്‍ ആപ്പിലൂടെ ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ നടത്താന്‍ അവസരമൊരുക്കി കാനറ ബാങ്ക്. ഈ സേവനം ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ ബാങ്കാണ് കാനറ. ആര്‍ബിഐയുടെ ഡിജിറ്റല്‍ കറന്‍സി പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായാണ് ബാങ്ക് യുപിഐ ഇന്ററോപെറബിള്‍ ഡിജിറ്റല്‍ റുപീ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. കാനറ ഡിജിറ്റല്‍ റൂപീ എന്നാണ് ആപ്ലിക്കേഷന്റെ പേര്. പുതിയ ഫീച്ചറിലൂടെ ഉപഭോക്താക്കള്‍ക്ക് വ്യാപാരികളുടെ പക്കലുള്ള യുപിഐ ക്യുആര്‍ കോഡുകള്‍ ആപ്പ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് ഡിജിറ്റല്‍ കറന്‍സിയില്‍ പേമെന്റ് നടത്താം. അതായത്, ഡിജിറ്റല്‍ കറന്‍സി വഴിയുള്ള പേയ്‌മെന്റ് സ്വീകരിക്കാന്‍ പ്രത്യേക പ്ലാറ്റ്‌ഫോമിന്റെ ആവശ്യമില്ലെന്ന് ബാങ്ക് വ്യക്തമാക്കുന്നു.
കാനറ ബാങ്ക് ഡിജിറ്റല്‍ റുപ്പി മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള വിപ്ലവകരമായ ചുവടുവയ്പ്പാണ്. റിസര്‍വ് ബാങ്ക് ആവിഷ്‌കരിച്ച ഡിജിറ്റല്‍ കറന്‍സി ഉപയോഗിച്ച് വേഗതയേറിയതും സുരക്ഷിതവുമായ ഇടപാടുകള്‍ ആസ്വദിക്കാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കിയതില്‍ അഭിമാനിക്കുന്നതായി കാനറ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ സത്യനാരായണ രാജു വ്യക്തമാക്കി. ആപ്ലിക്കേഷന്‍ ആന്‍ഡ്രോയിഡിലും, ഐഒഎസിലും ലഭ്യമാണ്.
ആപ്ലിക്കേഷന്റെ ഉപയോഗം
സിബിഡിസി (സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി) വാലറ്റിലേക്ക് ലിങ്ക് ചെയ്തിരിക്കുന്ന അക്കൗണ്ടില്‍ നിന്നും കറന്‍സി ലോഡ് ചെയ്യാം. വാലറ്റിലുള്ള ഡിജിറ്റല്‍ കറന്‍സി റിഡീം ചെയ്ത് ലിങ്ക് ചെയ്തിരിക്കുന്ന ബങ്ക് അക്കൗണ്ടിലേക്ക് ആ തുക നിക്ഷേപിക്കാം. സിബിഡിസി വാലറ്റുള്ള ആര്‍ക്കും ഡിജിറ്റല്‍ കറന്‍സി ട്രാന്‍സ്ഫര്‍ ചെയ്യാം. സിബിഡിസി ക്യു ആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകള്‍ നടത്താം പണം സ്വീകരിക്കാം. വ്യാപാരികള്‍ക്ക് സിബിഡിസി ക്യുആര്‍, അല്ലെങ്കില്‍ യുപിഐ ക്യുആര്‍ അടിസ്ഥാനമാക്കി പേമെന്റ് നടത്താം. കൂടാതെ, ഇടപാടുകള്‍ സുരക്ഷിതമാക്കുന്നതിനും ഉപഭോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനും ആപ്ലിക്കേഷനില്‍ ഒന്നിലധികം ഓതന്റിക്കേഷനും എന്‍ക്രിപ്ഷനും ഉണ്ട്. രാജ്യത്തെ 26 നഗരങ്ങളിലാണ് കാനറ ബാങ്ക് ഡിജിറ്റല്‍ റുപീ വാലറ്റ് ഇപ്പോള്‍ പ്രവര്‍ത്തന ക്ഷമമായിട്ടുള്ളത്.